Frozen Sand : തടാകതീരത്ത് മണലിൽ പൊടുന്നനെ ചില നി​ഗൂഢരൂപങ്ങൾ, വൈറലായി ചിത്രങ്ങൾ

By Web TeamFirst Published Jan 16, 2022, 11:29 AM IST
Highlights

കാറ്റിന്റെ വേഗം കൂടുന്നതിനനുസരിച്ച് ഘടനകൾക്ക് ഉയരം കൂടും. ഈ രൂപങ്ങൾ സാധാരണയായി വീഴുന്നതിന് മുമ്പ് രണ്ട് ദിവസം നിലനിൽക്കും.

യുഎസ്സിലെ മിഷിഗൺ തടാകത്തി(Lake Michigan)ന്റെ തീരത്ത് ഉയർന്നുവന്ന നിഗൂഢമായ രൂപങ്ങളുടെ ചിത്രങ്ങളാണിവ. റിപ്പോർട്ടുകൾ പ്രകാരം, ലാൻഡ്‌സ്‌കേപ്പ്, നേച്ചർ ഫോട്ടോഗ്രാഫർ(Landscape and nature photographer) ജോഷ്വ നോവിക്കി(Joshua Nowicki)യാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്. അദ്ദേഹം മുമ്പ് പ്രകൃതിയുടെ ഇതുപോലെയുള്ള വിവിധ പ്രതിഭാസങ്ങളുടെ നിരവധി ചിത്രങ്ങൾ പങ്കിട്ടിരുന്നു. എന്നാൽ, ഈ വർഷത്തെ ഈ രൂപങ്ങളാണ് താൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ രൂപങ്ങളെന്ന് അദ്ദേഹം പറയുന്നു.

അവ ഞാൻ ഇതുവരെ ചിത്രീകരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയരമുള്ളവയാണ്. ഏറ്റവും വലുത് ഏകദേശം 15 ഇഞ്ച് ഉയരമുള്ളതാണ് -അദ്ദേഹം പറഞ്ഞു. ഇപ്പോൾ വൈറലായിരിക്കുന്ന ചിത്രങ്ങളിലുള്ള ഈ രൂപങ്ങൾ എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ആളുകൾ പല അഭിപ്രായങ്ങളും പറയുന്നുണ്ട്. ചിലർ അവയെ അന്യഗ്രഹജീവികളുടെ സൃഷ്ടിയെന്ന് തമാശയായി വിളിക്കുമ്പോൾ മറ്റുള്ളവർ അതിനെ മണൽ കൊണ്ട് നിർമ്മിച്ച ചെസ്സ് കരുക്കളുമായോ മണൽ ഹൂഡൂസുമായോ ഒക്കെ താരതമ്യം ചെയ്തു. 

എന്നിരുന്നാലും, ഈ ഘടനകൾ അന്യഗ്രഹജീവികളുടെ സൃഷ്ടിയല്ലെന്ന് ഉറപ്പായിട്ടുണ്ട്. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ജിയോഗ്രഫി ഡിപ്പാർട്ട്മെന്റ് ചെയറും ഇത്തരം മണൽകൂനകളെ കുറിച്ച് പഠിക്കുകയും ചെയ്യുന്ന അലൻ അർബോഗാസ്റ്റ് പറയുന്നത് മണൽ തണുത്തുറച്ചതായിട്ടാവാം ഇത് സംഭവിച്ചതെന്ന് കരുതുന്നു എന്നാണ്. പിന്നീട്, വന്ന കനത്ത കാറ്റ് തണുത്തുറഞ്ഞ മണലിനെ തകർത്തപ്പോഴാവാം വിവിധ രൂപങ്ങളുണ്ടായത് എന്നും കരുതുന്നു. കാറ്റിന്റെ വേഗം കൂടുന്നതിനനുസരിച്ച് ഘടനകൾക്ക് ഉയരം കൂടും. ഈ രൂപങ്ങൾ സാധാരണയായി വീഴുന്നതിന് മുമ്പ് രണ്ട് ദിവസം നിലനിൽക്കും.

യുഎസിൽ കഠിനമായ ശൈത്യകാലമാണ് ഉള്ളത് എന്നതിനാൽ, ജനുവരി ആദ്യമുണ്ടായ കാറ്റ് ഈ രൂപങ്ങൾ ഉണ്ടാവുന്നതിന് അനുയോജ്യമായ സാഹചര്യങ്ങളുണ്ടാക്കിയതാവാം. അത്രയും തണുത്ത അവസ്ഥ മനുഷ്യർക്ക് അനുയോജ്യമല്ലെങ്കിലും, ഈ മണൽ സൃഷ്ടികൾ രൂപപ്പെടുത്തുന്നതിന് അനുയോജ്യമായ കാലാവസ്ഥയാണ് ഇത്. 

click me!