
ഭർത്താവിന് അവിഹിത ബന്ധം ഉണ്ടെന്ന എഐ ചാറ്റ് ബോട്ടിന്‍റെ പ്രവചനം വിശ്വസിച്ച് യുവതി വിവാഹ മോചനത്തിന് അപേക്ഷ നൽകി. ചായപ്പൊടിയോ കാപ്പിപ്പൊടിയോ ഉപയോഗിച്ച് ഭാവി പറയുന്ന പുരാതന കലയായ 'ടാസിയോഗ്രാഫി' (Tasseography) ഉപയോഗിച്ചാണ് എഐ ചാറ്റ് ബോട്ട് ഭർത്താവിന് അവിഹിതബന്ധം ഉണ്ടെന്ന് യുവതിയോട് പറഞ്ഞത്. ഇത് വിശ്വസിച്ചാണ് ഇവർ വിവാഹമോചനത്തിന് അപേക്ഷ നൽകിയതെന്ന് ഗ്രീസ് സിറ്റി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗ്രീസുകാരിയായ ഇവർ ചാറ്റ് ബോട്ടിന്‍റെ വാക്കുകേട്ട് 12 വർഷത്തെ വിവാഹ ജീവിതമാണ് അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഇവർ. ചാറ്റ് ജിപിടിയ്ക്ക് കോഫി കപ്പുകളെ അടിസ്ഥാനമാക്കി ഭാവി പ്രവചിക്കൻ കഴിയുമെന്ന വിശ്വാസത്തിൽ ഇവർ തന്‍റെയും ഭർത്താവിന്‍റെയും കോഫി കപ്പുകളുടെ ചിത്രം അപ്‌ലോഡ് ചെയ്യുകയായിരുന്നു. തുടർന്ന് ചാറ്റ് ജിപിടി ഇവർക്ക് നൽകിയ ഉത്തരം കുടുംബം തകർക്കുന്നതായിരുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവർ നിങ്ങളുടെ കുടുംബം തകർക്കുമെന്നുമാണ് ചാറ്റ് ജിപിടി യുവതിക്ക് മറുപടി നല്‍കിയത്. കൂടാതെ ഭർത്താവിന് ബന്ധമുള്ള സ്ത്രീയുടെ പേരിന്‍റെ ആദ്യത്തെ അക്ഷരം ഇംഗ്ലീഷ് അക്ഷരമാലയിലെ 'E'ആണെന്നും ചാറ്റ് ബോട്ട് ഒരു പടികൂടി കടന്ന് പ്രവചിച്ചു.
എന്നാല്‍, ഭാര്യയുടെ പ്രവര്‍ത്തി, താൻ ഇതൊരു തമാശയായി മാത്രമാണ് എടുത്തത് എന്നാണ് യുവതിയുടെ ഭർത്താവ് പറയുന്നത്. ഈ അസംബന്ധം കേട്ട് എനിക്ക് ചിരിയാണ് വന്നത്. പക്ഷേ, അവളത് സീരിയസായി കണ്ടു. അവളെന്നോട് വീട്ടില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പട്ടു. കുട്ടികളോട് ഞങ്ങൾ വിവാഹ മോചിതരാകാന്‍ പോകുന്നുവെന്ന് അറിയിച്ചു. ഒപ്പം, തന്‍റെ ഭാര്യക്ക് വൈറൽ ട്രെൻഡുകൾ പിന്തുടരുന്ന ശീലമുണ്ടെന്നും അതിന്‍റെ ഭാഗമായി ചെയ്ത ഒരു കാര്യമാണ് ഇത്രമാത്രം വഷളായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയുടെ അഭിഭാഷകനിൽ നിന്നും ഫോൺ കോൾ വന്നപ്പോഴാണ് പ്രശ്നങ്ങൾ ഗുരുതരമാണെന്ന് തനിക്ക് മനസ്സിലായതെന്നും അയാൾ പ്രദേശിക ടിവി ചാനലിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.