
മിക്കവർക്കും ഒട്ടും ചെയ്യാനിഷ്ടമില്ലാത്ത ജോലിയാണ് വീട് വൃത്തിയാക്കുക എന്നത്. ആരെങ്കിലും വന്ന് ഇതെല്ലാം ഒന്ന് വൃത്തിയാക്കി തന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ആരും കാണില്ല. എന്നാൽ, ഇവിടെ ഒരു സ്ത്രീക്ക് വീട് വൃത്തിയാക്കലാണ് എല്ലാം. വൃത്തിയാക്കലോളം ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യവും അവളുടെ ജീവിതത്തിലില്ല എന്ന് വേണമെങ്കിൽ പറയാം.
ഫിൻലാൻഡുകാരിയായ ഓറി കാതറീനയ്ക്ക് ക്ലീനിംഗ് വളരെ ഇഷ്ടമാണ്. അതിനാൽ തന്നെ ഉണ്ടായിരുന്ന ജോലി പോലും കളഞ്ഞ് വിവിധയിടങ്ങളിൽ സഞ്ചരിച്ച് ആളുകളുടെ വീടുകൾ സൗജന്യമായി വൃത്തിയാക്കി കൊടുക്കുകയാണ് ഇപ്പോൾ അവൾ ചെയ്യുന്നത്.
2021 -ലെ വേനൽകാലത്താണ് ഒരു ക്ലീനിംഗ് കമ്പനിയിലെ സർവീസ് മാനേജർ ജോലി 29 -കാരിയായ ഓറി ഉപേക്ഷിച്ചത്. ഇപ്പോൾ ലോകത്താകമാനം സഞ്ചരിച്ച് ആളുകളുടെ വൃത്തികേടായിരിക്കുന്ന വീടുകൾ വൃത്തിയാക്കാൻ സഹായിക്കുകയാണ് അവളിപ്പോൾ.
വിധവയായ ഒരു സിംഗിൾ മദറിനെ അവരുടെ വീട് വൃത്തിയാക്കാൻ സഹായിച്ചു ഒരിക്കൽ ഓറി. മാസങ്ങളോളം അവളുടെ കയ്യിൽ കാശില്ലായിരുന്നു. എന്നാൽ, ആ സമയം മുതലാണ് അവൾ ക്ലീനിംഗിനെ സ്നേഹിച്ച് തുടങ്ങിയത്. എന്നാൽ, ടിക്ടോക്കിലൂടെ കാര്യങ്ങളെല്ലാം പങ്കുവച്ചപ്പോൾ എല്ലാം മാറി. ഇപ്പോൾ അവൾക്ക് സ്പോൺസർമാരെ ലഭിക്കുന്നു. അതുകൊണ്ട് തന്നെ വൃത്തിയാക്കുന്ന വീടുകളുടെ ഉടമകളോട് ഒരു രൂപ പോലും വാങ്ങേണ്ടതില്ല.
യുഎസ്എ -യിലും യുകെ -യിലും ഒക്കെ പോയി അവളിപ്പോൾ ആളുകൾക്ക് വീട് വൃത്തിയാക്കി നൽകുന്നു. ഓൺലൈനിലാണ് ആളുകൾ അവളോട് വീട് വൃത്തിയാക്കി നൽകാൻ ആവശ്യപ്പെടാറ്. ആ അപേക്ഷകളിൽ നിന്നും വൃത്തിയാക്കാനുള്ള വീടുകൾ അവൾ തെരഞ്ഞെടുക്കുന്നു. കൂടുതൽ വൃത്തികേടായി കിടക്കുന്ന വീടുകളുള്ള, കൂടുതൽ ആവശ്യമുള്ള ആളുകളെയാണ് അവൾ പലപ്പോഴും തെരഞ്ഞെടുക്കുന്നത്.
ഈ വീഡിയോകളെല്ലാം അവൾ ടിക്ടോക്കിൽ പങ്ക് വയ്ക്കുന്നു. 7.8 മില്ല്യൺ ഫോളോവേഴ്സാണ് അവൾക്ക് ടിക്ടോക്കിൽ ഉള്ളത്. എനിക്കിഷ്ടമുള്ള കാര്യം സൗജന്യമായി ചെയ്ത് കൊടുത്ത് ആളുകളെ സന്തോഷിപ്പിക്കാൻ താനിഷ്ടപ്പെടുന്നു. ലോകമെമ്പാടും ഇങ്ങനെ ആളുകളെ സഹായിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നും അവൾ പറയുന്നു.