
എപ്പോഴും എവിടെ വച്ചും റീലെടുക്കുന്ന ആളുകളെ ഇന്ന് കാണാം. അതിൽ തന്നെ പരിസരം ശ്രദ്ധിക്കാത്ത ഇഷ്ടം പോലെ ആളുകളുണ്ടാവും. ചിലപ്പോഴെങ്കിലും പൊതുസ്ഥലത്തുള്ള ഈ റീൽ പകർത്തൽ മറ്റുള്ളവരിൽ അസ്വസ്ഥതയുണ്ടാക്കാറുണ്ട്. റെയിൽവേ സ്റ്റേഷൻ മിക്കവാറും തിരക്കുള്ള ഇടമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല അല്ലേ? ആ തിരക്കിനിടയ്ക്ക് ഡാൻസ് ചെയ്യാനും റീലെടുക്കാനും ഒക്കെ പോയാൽ ചിലപ്പോൾ മറ്റുള്ളവർക്ക് ദേഷ്യം തോന്നിയെന്നിരിക്കും. ചിലരെ അത് ബുദ്ധിമുട്ടിച്ചെന്നിരിക്കാും. ചിലപ്പോഴാകട്ടെ തീരെ പ്രതീക്ഷിക്കാത്ത എന്തെങ്കിലും സംഭവിച്ചെന്നുമിരിക്കും. പശ്ചിമ ബംഗാളിലെ നൈഹതി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് അതുപോലെ ഒരു സംഭവം നടന്നത്.
തിരക്കേറിയ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ആളുകൾ ട്രെയിനിൽ കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഒരു പെൺകുട്ടി ഡാൻസ് ചെയ്യാൻ തുടങ്ങിയത്. മാസ്ക് വച്ചിട്ടായിരുന്നു പെൺകുട്ടിയുണ്ടായിരുന്നത്. അവൾക്ക് ചുറ്റും ആളുകളൊക്കെ ഉണ്ടെങ്കിലും പെൺകുട്ടി അതൊന്നും ഗൗനിക്കാതെ ഡാൻസിൽ തന്നെ മുഴുകിയിരിക്കുകയായിരുന്നു. ആളുകൾ അവളെ നോക്കിയും നോക്കാതെയും ഒക്കെ നടന്നു പോകുന്നുണ്ട്. അതിനിടയിൽ ഒരാൾ അറിയാതെ വന്ന് പെൺകുട്ടിയെ തട്ടിപ്പോകുന്നതും കാണാം.
തീർന്നില്ല, പെട്ടെന്ന് അതുവഴി ഒരു സ്ത്രീ കടന്നുവരുന്നത് കാണാം. ഡാൻസ് കളിക്കുന്ന പെൺകുട്ടി അവരെ കാണുന്നില്ല. സ്ത്രീയും പെൺകുട്ടിയെ അത്രകണ്ട് ശ്രദ്ധിക്കുന്നില്ല. സ്ത്രീ പെൺകുട്ടിയെ അറിയാതെ തട്ടുകയും പെൺകുട്ടി നിലത്ത് വീഴുകയും ചെയ്യുന്നതാണ് പിന്നെ കാണുന്നത്. അവൾ മെല്ലെ അവിടെ നിന്നും എഴുന്നേൽക്കുന്നതും കാണാം. ആന്റി- 1, റീലെടുക്കുന്ന പെൺകുട്ടി -0 എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒരുപാടുപേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. പലരും ഇതിനെ ഒരു രസകരമായ സംഭവമായിട്ടാണ് കണ്ടത്.