
പലതരത്തിലുമുള്ള വിചിത്രങ്ങളായ വിവാഹങ്ങൾ നാം കേട്ടിട്ടും കണ്ടിട്ടും ഉണ്ട്. അതിലൊന്നാണ് പ്രേതത്തെ വിവാഹം ചെയ്ത സ്ത്രീ. എന്നാൽ, വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ പ്രേതം തന്നെ ശല്യം ചെയ്യുന്നു എന്നായി അവരുടെ പരാതി. അതുകൊണ്ട് തന്നെ കുറേക്കാലമായി തൻറെ പ്രേതഭർത്താവിനെ എങ്ങനെ എങ്കിലും വിവാഹമോചനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു യുവതി. ഒടുവിൽ അത് സാധിച്ചു എന്നാണ് പറയുന്നത്.
ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ റോക്കർ ബ്രോക്കാർഡാണ് പ്രേതത്തെ വിവാഹം കഴിക്കുകയും പിന്നീട് ഇപ്പോൾ വിവാഹമോചനം നേടുകയും ചെയ്തത്. കഴിഞ്ഞ വർഷമാണ് 40 -കാരിയായ ബ്രോക്കാർഡ് പ്രേതത്തെ വിവാഹം കഴിക്കുന്നത്. വിക്ടോറിയൻ യുഗത്തിൽ നിന്നുള്ള പ്രേതത്തെയാണ് താൻ വിവാഹം കഴിച്ചത് എന്നായിരുന്നു ഗായിക പറഞ്ഞിരുന്നത്.
കൊടുങ്കാറ്റുള്ള ഒരു രാത്രിയിലാണ് എഡ്വേർഡോ എന്ന സൈനികന്റെ ആത്മാവ് തന്റെ കിടപ്പുമുറിയിലേക്ക് പ്രവേശിച്ചത് എന്നും അവൾ അവകാശപ്പെട്ടു. പിന്നീട് തങ്ങൾ ഇരുവരും പ്രണയത്തിലായി. അഞ്ച് മാസത്തെ ഡേറ്റിംഗിന് ശേഷം ഹാലോവീനിൽ വിവാഹിതരായി എന്നായിരുന്നു ഗായിക പറഞ്ഞിരുന്നത്. എന്നാൽ, വിവാഹത്തിന് ശേഷം എഡ്വാർഡോ ഭയങ്കര പൊസസ്സീവായി എന്നും മരിലിൻ മൺറോയോട് അയാൾക്ക് കടുത്ത പ്രണയം തോന്നി എന്നും ഗായിക അവകാശപ്പെടുന്നു. ഹണിമൂൺ കാലത്ത് അയാൾ പുറത്ത് പോയാൽ വൈകിയേ വരാറുള്ളൂ എന്നും വരുമ്പോൾ മരിലിൻ മൺറോയുടെ മണമാണ് ഉണ്ടാകാറ് എന്നുമൊക്കെ ഗായിക ആരോപിച്ചു.
ഇത് അങ്ങനേ തുടർന്നപ്പോഴാണ് തങ്ങൾ പിരിയാൻ തീരുമാനിച്ചത് എന്നാണ് റോക്കർ ബ്രോക്കാർഡ് പറയുന്നത്. തങ്ങൾ വിവാഹിതരായ അതേ സ്ഥലത്ത് വച്ച് ബാധയൊഴിപ്പിക്കലിലൂടെയാണ് താനും പ്രേതഭർത്താവും പിരിഞ്ഞത് എന്നാണ് ഗായിക ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.