നമ്മൾ പോരാടുന്നു, അവർ ജീവിതം ആസ്വദിക്കുന്നു; വിദേശ സഞ്ചാരികളുടെ ജീവിതം കണ്ടപ്പോൾ അസൂയ തോന്നിയെന്ന് യുവതി: കുറിപ്പ് വൈറൽ

Published : Sep 17, 2026, 12:08 PM IST
life of Indian youths and foreign youths

Synopsis

ദില്ലിയിൽ വെച്ച് വിദേശ സഞ്ചാരികളെ കണ്ടുമുട്ടിയ ഒരു 23-കാരിയുടെ സോഷ്യൽ മീഡിയ കുറിപ്പ് വൈറലാകുന്നു. ഇന്ത്യൻ യുവാക്കൾ മത്സരപരീക്ഷകൾക്കും ജോലിക്കും പിന്നാലെ പായുമ്പോൾ, വിദേശികൾ എത്രത്തോളം സമ്മർദ്ദരഹിതമായാണ് ലോകം ചുറ്റുന്നതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ വലിയ അന്തരം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.

ദില്ലിയിൽ വെച്ച് കണ്ടുമുട്ടിയ ഒരു കൂട്ടം വിദേശ സഞ്ചാരികളുടെ ജീവിതരീതിയെക്കുറിച്ചും, അത് ഭാരതീയ യുവത്വത്തിന്‍റെ ജീവിതത്തിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണ് എന്നതിനെക്കുറിച്ചും ഒരു 23 -കാരി പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധ നേടുന്നു. ഒരേ പ്രായത്തിലുള്ള വിദേശികളുടെയും ഇന്ത്യക്കാരുടെയും ജീവിത സാഹചര്യങ്ങൾ തമ്മിലുള്ള വലിയ അന്തരം വ്യക്തമാക്കുന്നതാണ് ഈ കുറിപ്പ്.

വിദേശ വിദ്യാർത്ഥികൾ

ഇന്ത്യയിലെ ഭൂരിഭാഗം യുവാക്കളും സ്‌കൂൾ, കോളേജ് പഠനം, മത്സരപരീക്ഷകൾ, തൊഴിൽ എന്നിവയ്ക്കായുള്ള കഠിനശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോൾ, അതേ പ്രായത്തിലുള്ള വിദേശികൾ എത്രത്തോളം ശാന്തരും സമ്മർദ്ദരഹിതരുമായാണ് ജീവിക്കുന്നതെന്ന് കണ്ടപ്പോൾ തനിക്ക് അത്ഭുതവും ചെറിയ രീതിയിൽ അസൂയയും തോന്നിയതായി യുവതി കുറിപ്പിൽ പറയുന്നു. യൂറോപ്പിൽ നിന്നുള്ള ഈ സംഘം കൃത്യമായ പ്ലാനുകളൊന്നുമില്ലാതെ, ഏതാനും ആഴ്ചകൾ യാത്ര ചെയ്യാനും നാടുകാണാനുമായാണ് തലസ്ഥാനത്ത് എത്തിയത്. 20 -കളുടെ തുടക്കത്തിലും മധ്യത്തിലും പ്രായമുള്ള ഇവർ, ലോകസഞ്ചാരത്തിനായി മാത്രം ഒരു വർഷത്തെ ഇടവേള എടുത്തവരാണ്. നല്ല വിദ്യാഭ്യാസമൊക്കെയുണ്ടെങ്കിലും ഭാവി കരിയറിനെക്കുറിച്ച് വലിയ നിശ്ചയമൊന്നുമില്ലാതിരുന്നിട്ടും അവർ വളരെ സന്തോഷവാന്മാരും കാര്യങ്ങളെ ലളിതമായി കാണുന്നവരുമായിരുന്നു. ദക്ഷിണ അമേരിക്കയിൽ മലകയറ്റം നടത്താനും, ചൈനയിലൂടെ ട്രെയിൻ യാത്ര ചെയ്യാനും, ഓസ്‌ട്രേലിയൻ തീരത്ത് ഡൈവിംഗ് നടത്താനുമുള്ള തങ്ങളുടെ ആഗ്രഹങ്ങളെക്കുറിച്ചാണ് അവർ സംസാരിച്ചത്.

അസൂയ തോന്നുന്നു, അവരുടെ ജീവിതം കാണുമ്പോൾ

ഇവർ വലിയ സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരല്ലെന്നും, ചെലവ് കുറഞ്ഞ ഏഷ്യൻ - ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലൂടെയാണ് യാത്ര ചെയ്യുന്നതെന്നും യുവതി വ്യക്തമാക്കി. നാട്ടിൽ നിന്ന് പുറത്തുകടന്ന് ലോകം കാണാൻ പാടുപെടുന്ന ശരാശരി ഇന്ത്യൻ യുവാക്കളുടെ ജീവിതവും ഇവരുടെ ജീവിതവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഈ യാത്രക്കാരുമായുള്ള കൂടിക്കാഴ്ചയിലൂടെ ബോധ്യപ്പെട്ടതായി അവർ കൂട്ടിച്ചേർത്തു. "നമ്മളിൽ ഭൂരിഭാഗം പേരും സ്‌കൂളിലും കോളേജിലും മത്സരപരീക്ഷകൾക്ക് പുറകെ ഓടിയും, മോശം അടിസ്ഥാന സൗകര്യങ്ങളോടും മലിനീകരണത്തോടും അഴിമതിയോടും പോരാടിയുമാണ് സമയം തള്ളിനീക്കുന്നത്. ഒരു വർഷം നഷ്ടപ്പെടുമോ എന്ന വലിയ ഭയം നമ്മുടെ സമൂഹത്തിലുണ്ട്. ജീവിതം ആസ്വദിക്കാനോ, സാഹസികതകൾ ചെയ്യാനോ, നല്ല ഓർമ്മകൾ ഉണ്ടാക്കാനോ ഇവിടെ ആർക്കും വലിയ താത്പര്യമില്ല. അവരുടെ സമാധാനപരമായ ജീവിതവും സാഹസികമനസ്ഥിതിയും കണ്ടപ്പോൾ എനിക്ക് ചെറുതായൊന്ന് അസൂയ തോന്നി," എന്ന് യുവതി എഴുതി.

നമ്മൾ പോരാടുന്നു, അവർ ആസ്വദിക്കുന്നു

ഈ പോസ്റ്റ് വൈറലായതോടെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത്. ഇന്ത്യക്കാരായ യുവാക്കൾ നിരന്തരമായ അക്കാദമിക് മത്സരങ്ങളുടെ ലോകത്താണെന്നും, വിദേശികളായ സമപ്രായക്കാർ ആസ്വദിക്കുന്ന ജീവിതാനുഭവങ്ങൾ പലർക്കും അന്യമാകുകയാണെന്നും നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. മത്സരപരീക്ഷകളിൽ ഉയർന്ന വിജയം നേടിയില്ലെങ്കിൽ പോലും അവിടെ അന്തസ്സായി ജീവിക്കാൻ സാധിക്കുമെന്നും, എന്നാൽ, ഇന്ത്യയിൽ അത് സാധ്യമല്ലെന്നും മറ്റ്‌ ഉപയോക്താക്കളും ചൂണ്ടിക്കാട്ടി.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ പരമ്പരാഗത ഡിസൈൻ കോപ്പിയടിച്ചെന്ന് പരാതി: 8.3 ലക്ഷത്തിന്റെ ഫെൻഡി ബാഗിനെതിരെ വ്യാപക പ്രതിഷേധം
'വർക്ക് ഫ്രം ഹോം' എപ്പോഴും അത്ര അടിപൊളിയല്ല, അനുഭവം പങ്കുവച്ച് യുവാവ്