രണ്ട് പെൺമക്കളുണ്ടായിട്ടും 40 വർഷം മഹാനഗരത്തിൽ തനിച്ച്...; മരണത്തിന് പിന്നാലെ മക്കളെ തേടി അയൽവാസികളുടെ പത്രപരസ്യം, നൊമ്പരപ്പെടുത്തുന്ന കുറിപ്പ് വൈറൽ

Published : Nov 20, 2026, 12:06 PM IST
Lalitha Krishnamurthy

Synopsis

മുംബൈയിൽ നാല് പതിറ്റാണ്ടോളം ഒറ്റയ്ക്ക് താമസിച്ചിരുന്ന ലളിത കൃഷ്ണമൂർത്തി മരിച്ചതിന് പിന്നാലെ ബന്ധുക്കളെ കണ്ടെത്താൻ അയൽവാസികൾ നൽകിയ പത്രപരസ്യം ചർച്ചയാകുന്നു. മെച്ചപ്പെട്ട ജീവിതം തേടി മക്കൾ പോകുമ്പോൾ വൻനഗരങ്ങളിൽ ഒറ്റപ്പെടുന്ന വയോധികരുടെ ദയനീയ അവസ്ഥയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

നാല് പതിറ്റാണ്ടോളം മുംബൈയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക മരിച്ചതിന് പിന്നാലെ, അവരുടെ മക്കളെയും മറ്റ് ബന്ധുക്കളെയും കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി അയൽവാസികൾ നൽകിയ പത്രപരസ്യം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ചെന്നൈ സ്വദേശിനിയായ ലളിത കൃഷ്ണമൂർത്തിയാണ് നവംബർ 13 -ന് മുംബൈയിൽ വച്ച് മരിച്ചത്. ഇവരുടെ മരണവിവരവും ബന്ധുക്കളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ബന്ധപ്പെടാനുള്ള വിവരങ്ങളും ഉൾപ്പെടുത്തി പത്രത്തിൽ നൽകിയ അറിയിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നാല് പതിറ്റാണ്ട് ഒറ്റയ്ക്ക്

കഴിഞ്ഞ 40 വർഷത്തോളമായി മുംബൈയിൽ ഒറ്റയ്ക്കായിരുന്നു ലളിത കൃഷ്ണമൂർത്തി താമസിച്ചിരുന്നത്. ലളിത കൃഷ്ണമൂർത്തി ബന്ധുക്കളാരെങ്കിലുമുണ്ടെങ്കിൽ ഉഷ ലക്ഷ്മിനാരായണൻ, പവൻ ഷെട്ടി എന്നിവരെ ബന്ധപ്പെടാനുള്ള വിവരങ്ങളാണ് പത്രപരസ്യത്തിൽ നൽകിയിരിക്കുന്നത്. ലളിതയുടെ മക്കളെയോ മറ്റ് കുടുംബാംഗങ്ങളെയോ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഇവരുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ അഭ്യർഥിക്കുന്നു.

നൊമ്പരമായി കുറിപ്പ്

പത്രപരസ്യം കണ്ട് പവൻ ഷെട്ടിയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച കിഷോർ സുബ്രഹ്മണ്യം എന്ന എക്സ് ഉപയോക്താവാണ് വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. അദ്ദേഹത്തിന്‍റെ കുറിപ്പ് അനുസരിച്ച് ലളിത നാല് പതിറ്റാണ്ടോളം ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. അവ‍ർക്ക് രണ്ട് പെൺമക്കളുണ്ട്. എന്നാൽ അവരുടെ അവരുടെ വിലാസങ്ങളോ, ജീവിതസാഹചര്യങ്ങളോ, എന്തുകൊണ്ടാണ് അവർ തമ്മിൽ ഇത്രയും കാലം മൗനം പാലിച്ചത് എന്നതോ ആർക്കുമറിയില്ല. കസിൻമാരായ ഒരു ദമ്പതികൾ മാത്രമായിരുന്നു അവർക്ക് സ്വന്തം കുടുംബമെന്നു പറയാനുണ്ടായിരുന്നത്. അവർ മരിച്ചപ്പോൾ, താമസിച്ചിരുന്ന കെട്ടിടത്തിലെ ആളുകളാണ് മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയത്. സ്വന്തം രക്തബന്ധത്തിലുള്ള ആരും എത്തിയില്ല. ജീവിതകാലത്ത് അവർക്ക് താങ്ങായി നിന്ന ആ കസിനും, പവൻ ഷെട്ടി ഉൾപ്പെടെയുള്ള അയൽവാസികളുമാണ് അവരുടെ അന്ത്യയാത്രയിൽ സഹായിച്ചത്. ജീവിച്ചിരുന്നപ്പോൾ കണ്ടെത്താൻ കഴിയാതിരുന്ന ആ പെൺമക്കളെ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കസിനാണ് പത്രപരസ്യം നൽകിയതെന്നും കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

"ഇതൊരു സ്ത്രീയുടെ മാത്രം കഥയല്ല. നമ്മുടെ നഗരങ്ങളിൽ ഒരിക്കൽ ചിരിയും സന്തോഷവും നിറഞ്ഞ വീടുകളിൽ ജീവിച്ചിരുന്ന മാതാപിതാക്കൾ ഇന്ന് കൂട്ടിന് ഒരു ടെലിവിഷൻ മാത്രമുള്ള അവസ്ഥയിൽ മരിച്ചുവീഴുകയാണ്. മെച്ചപ്പെട്ട ജീവിതം തേടി മക്കൾ ദൂരങ്ങളിലേക്ക് പോകുന്നു. ചിലപ്പോൾ അവർ ഒരിക്കലും തിരിച്ചെത്തുന്നില്ല; അവസാനമായി ഒരു യാത്രയയപ്പ് നൽകാൻ പോലും. ഫോൺ വിളികൾ കുറഞ്ഞുവരുന്നു. 'ഉടൻ വരാം' എന്ന വാക്ക് വർഷങ്ങളോളം നീളുന്നു. കൂട്ടുകുടുംബങ്ങൾ ഇല്ലാതാകുന്നു. അഭിമാനം കൊണ്ടോ വേദന കൊണ്ടോ പല മുതിർന്നവരും കാത്തിരിപ്പ് അവസാനിപ്പിക്കുന്നു. എങ്കിലും ഉള്ളിന്‍റെ ഉള്ളിൽ ആ സ്നേഹത്തിനായുള്ള ആഗ്രഹം അവസാനിക്കുന്നില്ല," എന്നായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്. രണ്ട് പേർക്ക് ജീവൻ നൽകിയവൾ, ആരും കൂടെയില്ലാതെ ഈ ലോകത്തോട് വിടപറയുന്നു. മാതാപിതാക്കളെ ദൈവതുല്യരായി കാണുന്നതിനെക്കുറിച്ചും, കടമകളെക്കുറിച്ചും, ഇന്ത്യൻ മൂല്യങ്ങളെക്കുറിച്ചും നമ്മൾ ഇപ്പോഴും സംസാരിക്കുന്നുണ്ട്. എന്നാൽ, ജീവിതത്തിലെ വലിയ ലക്ഷ്യങ്ങൾക്കും അകലങ്ങൾക്കും ഇടയിൽ, പല മാതാപിതാക്കളും നിശബ്ദതയിൽ വാർദ്ധക്യത്തിലേക്ക് തള്ളപ്പെടുന്നു. ഇനി ഒരിക്കലും വരാനിടയില്ലാത്ത മക്കളെ, അവർ ഇപ്പോഴും തങ്ങളുടെതായ രീതിയിൽ തിരഞ്ഞുകൊണ്ടേയിരിക്കുന്നു അദ്ദേഹം എഴുതുന്നു.

ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ വൈകാരിക പ്രതികരണങ്ങൾക്കാണ് വഴിവെച്ചത്. "മരണമായിരുന്നില്ല ഏറ്റവും വലിയ ദുരന്തം. സ്വന്തം മരണവിവരം അറിയാൻ പോലും അടുത്ത ബന്ധുക്കളാരും ഉണ്ടായിരുന്നില്ല എന്നതാണ് വേദനിപ്പിക്കുന്നത്. പ്രാർഥനകൾ," എന്നായിരുന്നു ഒരാളുടെ പ്രതികരണം. വൻനഗരങ്ങളിൽ ഒറ്റയ്ക്ക് കഴിയുന്ന വയോധികർ നേരിടുന്ന ഏകാന്തതയും കുടുംബാംഗങ്ങളുടെ അഭാവവും സംബന്ധിച്ച വലിയ ചർച്ചകൾക്കും ഈ സംഭവം വഴിതുറന്നിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മാർവാഡി ബിസിനസ് കുടുംബങ്ങളുടെ 'ഇരുണ്ട വിജയ രഹസ്യം', തലമുറകളെ സ്വാധീനിക്കുന്ന വെളിപ്പെടുത്തൽ, സംരംഭകന്‍റെ കുറിപ്പ് വൈറൽ
സ്വന്തം മരണാനന്തര ചടങ്ങായ 'പതിമൂന്നാം അടിയന്തരം' ആഘോഷമാക്കി 80 -കാരൻ; 900 പേർക്ക് വിരുന്ന്, വീഡിയോ വൈറൽ