'ഞാൻ നിങ്ങളോട് പൊറുത്തിരിക്കുന്നു'; ഭർത്താവിന്റെ മരണത്തിന് കാരണക്കാരനായ യുവാവിനെ ആലിം​ഗനം ചെയ്ത് സ്ത്രീ

Published : Aug 12, 2025, 01:32 PM IST
 Regina Johnson

Synopsis

'ഞാൻ നിങ്ങളോട് പൊറുത്തിരിക്കുന്നു, ദൈവം നിങ്ങളെ സ്നേഹിക്കുന്നു' എന്നാണ് റെജീന ഇയാളോട് പറഞ്ഞത്. അപ്പോഴെല്ലാം ടിൽമാൻ റെജീനയോട് ആവർത്തിച്ച് മാപ്പ് പറയുകയായിരുന്നു.

തന്റെ ഭർത്താവിന്റെ മരണത്തിന് കാരണക്കാരനായ ആളോട് ക്ഷമിച്ച് യുവതി. ജോർജ്ജിയയിൽ നിന്നുള്ള റെജീന ജോൺസൺ എന്ന സ്ത്രീയാണ് തന്റെ ഭർത്താവിന്റെ മരണത്തിന് കാരണമായിത്തീർന്നയാളോട് ക്ഷമിക്കാൻ തയ്യാറായത്. 50 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് റെജീനയുടെ ഭർത്താവ് മരിക്കുന്നത്. വാഹനാപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തുടർന്ന്, മരണത്തിന് കാരണക്കാരനായ ജോസഫ് ടിൽമാന് അശ്രദ്ധമായ ഡ്രൈവിം​ഗ്, വാഹനമിടിച്ചുള്ള കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്കായി 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചു.

എന്നാൽ, ഈ മാസം 7 -ന് കോടതിയിലുണ്ടായത് ഹൃദയസ്പർശിയായ ഒരു രം​ഗമായിരുന്നു. വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, കോടതിയിൽ ശിക്ഷാവിധി വായിക്കവെ ടിൽമാൻ കരയുന്നുണ്ടായിരുന്നു. ആ സമയത്ത് റെജീന അയാളുടെ അടുത്ത് ചെല്ലുകയും അയാളെ ആശ്വസിപ്പിക്കുകയും ആയിരുന്നു. 'ഞാൻ നിങ്ങളോട് പൊറുത്തിരിക്കുന്നു, ദൈവം നിങ്ങളെ സ്നേഹിക്കുന്നു' എന്നാണ് റെജീന ഇയാളോട് പറഞ്ഞത്. അപ്പോഴെല്ലാം ടിൽമാൻ റെജീനയോട് ആവർത്തിച്ച് മാപ്പ് പറയുകയായിരുന്നു. അയാൾ നിർത്താതെ വിതുമ്പുന്നുമുണ്ട്. കോടതിയിലുണ്ടായിരുന്ന ഇവരുടെ ബന്ധുക്കളാണ് എന്ന് കരുതുന്നവരും കരയുന്നത് ഇവിടെ നിന്നും പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

 

 

'ഇത് തികച്ചും അപൂർവമായ ഒരു സംഭവമാണ്' എന്ന് കേസ് കൈകാര്യം ചെയ്തിരുന്ന ജഡ്ജി ജഡ്ജി ടോണി ബേക്കറും അഭിപ്രായപ്പെട്ടു. ഒരു കൊലപാതകക്കേസിലും ഇരയുടെ ഭാര്യ പ്രതിയെ ആലിം​ഗനം ചെയ്യുന്നത് താൻ കണ്ടിട്ടില്ല എന്നും അദ്ദേഹം സമ്മതിച്ചു.

2024 മാർച്ചിലാണ് തന്റെ ഇലക്ട്രിക് ബൈക്കിൽ പോകവെ റെജീനയുടെ ഭർത്താവായ ഷാക്ക് ജോൺസൺ ദാരുണമായി കൊല്ലപ്പെടുന്നത്. ആ സമയത്ത് അദ്ദേഹത്തെ ഇടിച്ച വാഹനമോടിച്ചിരുന്ന ടിൽമാൻ നൈട്രസ് ഓക്‌സൈഡിന്റെ സ്വാധീനത്തിലായിരുന്നു ഉണ്ടായിരുന്നത് എന്നും പിന്നീട് കണ്ടെത്തി.

അതേസമയം, റെജീനയുടെ പ്രവൃത്തി വലിയ അഭിനന്ദനമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഏറ്റുവാങ്ങിയത്. പൊറുക്കാൻ കഴിയുക എന്നത് വലിയ മനസുള്ളവർക്കേ സാധിക്കൂ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ