ചൈനയിലെ യുവാക്കൾ തങ്ങളുടെ മാതാപിതാക്കളെ കാലഹരണപ്പെട്ട വിശ്വാസങ്ങളിൽ നിന്നും കപടശാസ്ത്രങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ഒരു വ്യാജ എഐ വിദഗ്ദ്ധനെ സൃഷ്ടിച്ചിരിക്കുന്നു. 'മിസ്റ്റർ ഷാവോ' എന്ന ഈ എഐ പ്രൊഫസർ, നിർബന്ധിത വിവാഹം പോലുള്ള വിഷയങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച് മാതാപിതാക്കൾക്കിടയിൽ വിശ്വസനീയത നേടുന്നു. ഈ നൂതന ആശയം മറ്റ് യുവാക്കളും ഏറ്റെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

കുടുംബ ബന്ധങ്ങളിലെ പഴയകാല ചിന്താഗതികളും കപടശാസ്ത്രങ്ങളും വിശ്വസിക്കുന്ന മാതാപിതാക്കളെ ബോധവൽക്കരിക്കാൻ വ്യത്യസ്തമായൊരു വഴി തേടുകയാണ് ചൈനയിലെ യുവാക്കൾ. ഒന്നൂടെ വ്യക്തമാക്കിയാൽ മക്കളെ അനുസരിക്കാത്ത മാതാപിതാക്കളെ തിരുത്താൻ, അവർക്ക് വിശ്വാസം തോന്നുന്ന രീതിയിലുള്ള ഒരു 'വ്യാജ എഐ വിദഗ്ദ്ധനെ' സൃഷ്ടിച്ചിരിക്കുകയാണ് ഒരു യുവതി.

മിസ്റ്റർ ഷാവോ കാര്യങ്ങൾ വ്യക്തമാക്കുന്നു

സമൂഹ മാധ്യമങ്ങളിൽ "ലാവോ ഷാവോ ജിയാങ് ദാവോ ലി" അതയാത് "മിസ്റ്റർ ഷാവോ കാര്യങ്ങൾ വ്യക്തമാക്കുന്നു" എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പ്രൊഫൈൽ വെറും രണ്ട് മാസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് നേടിയത്. റിട്ടയേർഡ് പ്രൊഫസറാണെന്നും, മുപ്പത് വർഷത്തിലേറെ മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തിയ ആളാണെന്നും അവകാശപ്പെട്ടായിരുന്നു ഈ അക്കൗണ്ടിന്‍റെ പ്രവർത്തനം. അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ പ്രമുഖനാണെന്ന് മാതാപിതാക്കളെ വിശ്വപ്പിക്കാൻ എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വിവരങ്ങളും ചിത്രങ്ങളും ഇവർ ഉപയോഗിച്ചു.

കാലഹരണപ്പെട്ട വിശ്വാസങ്ങൾക്കെതിരെ

ഷിക്കാഓ മെയ്‌വെയ് ദെമാഓ (shicaomeiweidemao) എന്നറിയപ്പെടുന്ന യുവതിയാണ് ഈ ആശയത്തിന് പിന്നിൽ. തന്‍റെ മാതാപിതാക്കൾ ഇന്‍റർനെറ്റിൽ വരുന്ന തെറ്റായ വിവരങ്ങളും, നിർബന്ധിത വിവാഹം പോലുള്ള കാലഹരണപ്പെട്ട സാമൂഹിക രീതികളും വിശ്വസിക്കുന്നതിൽ മനംമടുത്താണ് താൻ ഇങ്ങനെയൊരു വഴി തെരഞ്ഞെടുത്തതെന്ന് അവർ പറയുന്നു. മക്കൾ പറയുന്നത് കേൾക്കാൻ തയ്യാറാകാത്ത മാതാപിതാക്കൾ, ഒരു 'വിദഗ്ദ്ധൻ' പറയുമ്പോൾ അത് പെട്ടെന്ന് വിശ്വസിക്കുന്നു എന്ന മനഃശാസ്ത്രമാണ് ഇവിടെ പ്രയോഗിച്ചത്.

എഐയുടെ സഹായം

ലേഖനങ്ങളുടെ വിഷയങ്ങൾ യുവതി തന്നെ തീരുമാനിക്കുമെങ്കിലും, അത് പ്രായമായവർക്ക് ഇഷ്ടപ്പെടുന്ന ഗൗരവമേറിയ ശൈലിയിലേക്ക് മാറ്റാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സഹായിക്കുന്നു. ദിവസവും ശരാശരി 4 മുതൽ 7 വരെ ലേഖനങ്ങൾ വീതമാണ് ഈ അക്കൗണ്ടിലൂടെ പുറത്തുവിടുന്നത്. "എന്തുകൊണ്ടാണ് നല്ല മാതാപിതാക്കൾ മക്കളെ വിവാഹത്തിന് നിർബന്ധിക്കാത്തത്?", "സർക്കാർ ജോലി മാത്രമല്ല ജീവിതം" തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള ലേഖനങ്ങൾ ചൈനീസ് യുവാക്കൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.

സജീവ ചർച്ച

മിസ്റ്റർ ഷാവോയ്ക്ക് പിന്തുണയുമായി മറ്റ് യുവാക്കളും രംഗത്തുണ്ട്. ഇദ്ദേഹത്തിന്‍റെ ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ഇദ്ദേഹം കാരണം കുടുംബത്തിലെ പ്രശ്നങ്ങൾ തീർന്നുവെന്നും വ്യാജമായി കമന്‍റ് ചെയ്താണ് ഇവർ ഈ 'എഐ പ്രൊഫസറെ' മാതാപിതാക്കളുടെ കണ്ണിൽ വിശ്വസ്തനാക്കുന്നത്. ഈ സംഭവം വൈറലായതോടെ സമാനമായ മറ്റ് എഐ അക്കൗണ്ടുകളും ഇപ്പോൾ ചൈനയിൽ സജീവമായി തുടങ്ങിയിട്ടുണ്ട്.