വസ്ത്രധാരണത്തിന്റെ പേരിൽ യുവ ഇൻഫ്ലുവൻസറും പ്രായമായ ഒരു സ്ത്രീയും തമ്മിലുണ്ടായ തർക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഷൂട്ടിംഗിനായി ഷോർട്സ് ധരിച്ചെത്തിയ യുവതിയെ തടഞ്ഞുനിർത്തിയ വയോധിക, ഇത്തരം വേഷങ്ങൾ സംസ്കാരത്തിന് ചേർന്നതല്ലെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും പരസ്യമായി ഉപദേശിക്കുകയായിരുന്നു.

ബെംഗളൂരു: വസ്ത്രധാരണത്തിന്റെ പേരിലുള്ള 'സദാചാര പോലീസിംഗ്' മെട്രോ നഗരങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. ബെംഗളൂരു നഗരത്തിലെ ഒരു തെരുവിൽ വീഡിയോ ചിത്രീകരിക്കാൻ തയ്യാറെടുക്കുകയായിരുന്ന യുവ ഇൻഫ്ലുവൻസറെ പ്രായമായ ഒരു സ്ത്രീ തടഞ്ഞുനിർത്തുകയും വസ്ത്രധാരണത്തെച്ചൊല്ലി പരസ്യമായി ശകാരിക്കുകയും ചെയ്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യവും സാംസ്കാരിക മൂല്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന തരത്തിലാണ് ഈ സംഭവം സോഷ്യൽ മീഡിയയിൽ മാറിയിരിക്കുന്നത്.

ശ്രിയാൻഷി എന്ന ഇൻഫ്ലുവൻസറാണ് ഈ സംഭവത്തിലെ പ്രധാന താരം. ഡൽഹിയിലും ബെംഗളൂരുവിലുമായി താമസിക്കുന്ന ഇവർ, ബെംഗളൂരു നഗരത്തിലെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ഷൂട്ട് ചെയ്യാനാണ് അന്ന് പുറത്തിറങ്ങിയത്. ബ്ലാക്ക് ഷോർട്സും വൈറ്റ് ടോപ്പും ഫർ ബൂട്ടുകളുമായിരുന്നു ശ്രിയാൻഷിയുടെ വേഷം. എന്നാൽ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുൻപ് സാരി ധരിച്ച ഒരു വയോധിക അവർക്കരികിലെത്തി രൂക്ഷമായ ഭാഷയിൽ സംസാരിക്കാൻ തുടങ്ങുകയായിരുന്നു. കന്നഡ ഭാഷയിലായിരുന്നു വയോധികയുടെ പ്രതികരണം.

ഇൻഫ്ലുവൻസറുടെ വസ്ത്രധാരണം അത്യന്തം മോശമാണെന്നും ഇത്തരത്തിൽ ചെറിയ വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങുന്നത് സംസ്കാരത്തിന് യോജിച്ചതല്ലെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്. 'സ്ത്രീകൾ ഇത്തരം വസ്ത്രങ്ങൾ ധരിച്ചാൽ കാണാൻ ഒരു ഭംഗിയുമില്ല, അതിനു പകരം മാന്യമായ രീതിയിൽ ചുരിദാറോ പാന്റോ ധരിക്കൂ' എന്നായിരുന്നു വയോധികയുടെ ഉപദേശം. ഇൻഫ്ലുവൻസർ വീഡിയോ എടുക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി യാതൊരു എതിർപ്പുമില്ലെന്നും എന്നാൽ ഈ വേഷം കണ്ടിട്ട് പ്രതികരിക്കാതെ പോകാൻ കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കി.

ശ്രിയാൻഷി ഈ ദൃശ്യങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചതോടെ നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. സംഭവം വിവാദമായതോടെ അവർ തന്റെ അക്കൗണ്ടിൽ നിന്ന് വീഡിയോ നീക്കം ചെയ്തുവെങ്കിലും മറ്റ് സോഷ്യൽ മീഡിയ പേജുകളിലും വാർത്ത പോർട്ടലുകളിലും ഇതിന്റെ ചർച്ചകൾ കടുക്കുകയാണ്. സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ പരിശോധിച്ചാൽ രണ്ട് ആളുകളെയും പിന്തുണയ്ക്കുന്നവരെ കാണാം.

വയോധികയെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നത് അവർക്ക് തന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ്. ഒരു മുതിർന്ന വ്യക്തി എന്ന നിലയിൽ വസ്ത്രധാരണത്തിലെ മാന്യതയെക്കുറിച്ച് ഉപദേശിക്കുക മാത്രമാണ് അവർ ചെയ്തതെന്നും ഇതിൽ തെറ്റില്ലെന്നും ഒരു വിഭാഗം കരുതുന്നു. എന്നാൽ മറ്റു ചിലർ കൂടുതലും യുവതലമുറ ഇതിനെ ശക്തമായി എതിർക്കുന്നു. ഒരാൾ എന്ത് ധരിക്കണം എന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും ആധുനിക കാലഘട്ടത്തിലും ഇത്തരം ഇടപെടലുകൾ നടത്തുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഇവർ വാദിക്കുന്നു. ഇന്ത്യയുടെ പുരാതന ശില്പകലകളിൽ പോലും വസ്ത്രധാരണത്തിൽ വലിയ രീതിയിലുള്ള വൈവിധ്യവും സ്വാതന്ത്ര്യവും പ്രകടമാണെന്ന് ചിലർ ചൂണ്ടിക്കാട്ടി.

അതേസമയം, ഇൻഫ്ലുവൻസറെ വിമർശിക്കുന്നവരും കുറവല്ല. സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ ലഭിക്കാനായി ഇത്തരം വിവാദങ്ങൾ ഇൻഫ്ലുവൻസർമാർ മനപ്പൂർവ്വം സൃഷ്ടിക്കുന്നതാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഏതായാലും സദാചാര പോലീസിംഗിനെക്കുറിച്ചും വസ്ത്രധാരണത്തിലെ സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ഈ ചർച്ച യുവജനങ്ങൾക്കിടയിലും വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

View post on Instagram