എട്ട് മാസം ഉറങ്ങിയത് ഭർത്താവിന്‍റെ കല്ലറയ്ക്ക് മുകളിൽ; ഒടുവിൽ പോലീസിന്‍റെ സഹായത്തോടെ പുതു ജീവിതത്തിലേക്ക്

Published : Feb 01, 2026, 02:49 PM IST
Grave yard

Synopsis

ഭർത്താവിന്‍റെ മരണശേഷം ഭവനരഹിതയായി അദ്ദേഹത്തിന്‍റെ കല്ലറയ്ക്കരികിൽ എട്ട് മാസത്തോളം താമസിച്ച റിയ ഹോംസ് എന്ന സ്ത്രീയുടെ കഥയാണിത്. സിറാക്കൂസിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ സഹായത്തോടെയും സമൂഹത്തിന്‍റെ പിന്തുണയോടെയും അവർക്ക് പുതിയൊരു വീടും ജീവിതവും ലഭിച്ചു.

 

ന്യൂയോർക്കിലെ സിറാക്കൂസിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കാണിച്ച ചെറിയൊരു കരുണ ഒരു സ്ത്രീയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. എട്ട് മാസത്തോളം തന്‍റെ മരിച്ചുപോയ ഭർത്താവിന്‍റെ കല്ലറയ്ക്കരികിൽ അനാഥയായി കഴിഞ്ഞിരുന്ന റിയ ഹോംസ് (55) എന്ന സ്ത്രീയാണ് ഒരു പോലീസ് ഓഫീസറുടെ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചു നടന്നത്.

പോലീസിന്‍റെ സഹായം

2025 ഡിസംബർ 13-നായിരുന്നു റിയയുടെ ജീവിതം മാറ്റിമറിച്ച ആ സംഭവം. കൊടും തണുപ്പുള്ള അന്ന്, കൈയ്യിൽ കുറച്ച് സാധനങ്ങളുമായി ഒരു കുന്നു കയറാൻ കഷ്ടപ്പെടുകയായിരുന്ന റിയയെ സിറാക്കൂസിനെ പോലീസ് ഓഫീസറായ ജാമി പാസ്റ്റോറെല്ലോ കാണാനിടയായി. അവരോട് സഹതാപം തോന്നിയ ജാമി അവരെ തന്‍റെ പട്രോളിംഗ് വാഹനത്തിൽ സെമിത്തേരിയിൽ എത്തിച്ചു. യാത്രയ്ക്കിടയിൽ തന്‍റെ 26 വർഷത്തെ ദാമ്പത്യത്തെക്കുറിച്ചും ഭർത്താവായ എഡ്ഡിയെക്കുറിച്ചും അവർ വാചാലയായി. എന്നാൽ, അവർ അവിടെയാണ് താമസിക്കുന്നതെന്ന കാര്യം അന്ന് ജാമി അറിഞ്ഞിരുന്നില്ല.

ക്രിസ്മസിന് മുന്നോടിയായി റിയയ്‌ക്കൊപ്പമുള്ള ജാമിയുടെ ഒരു ഫോട്ടോ പോലീസ് ഡിപ്പാർട്ട്മെന്‍റ് തങ്ങളുടെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. ഈ ഫോട്ടോ കണ്ട ഒരു സെമിത്തേരി ജീവനക്കാരനാണ് റിയ അവിടെയാണ് കഴിഞ്ഞിരുന്നതെന്ന വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന ആ സത്യം പുറംലോകം അറിഞ്ഞു.

ഭർത്താവിന്‍റെ കല്ലറയ്ക്ക് മുകളിൽ

2020-ൽ ഭർത്താവ് എഡ്ഡി മരിച്ചതോടെ റിയ, കടുത്ത വിഷാദത്തിലായി. ജോലി നഷ്ടപ്പെടുകയും വാടക നൽകാൻ കഴിയാതെ വീട്ടിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത അവർക്ക് പോകാൻ മറ്റൊരിടം ഉണ്ടായിരുന്നില്ല. ഒടുവിൽ ഭർത്താവിന്‍റെ കല്ലറയ്ക്ക് മുകളിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിലായിരുന്നു അവരുടെ ഉറക്കം. പകൽ പള്ളികളിലും ഭക്ഷണശാലകളിലും സന്നദ്ധസേവനം നടത്തിയിരുന്ന റിയ, രാത്രിയാകുമ്പോൾ ആരുമറിയാതെ സെമിത്തേരിയിൽ തിരിച്ചെത്തും. ആരോടും പരാതി പറയാതെയും സഹായം ചോദിക്കാതെയും എട്ട് മാസത്തോളം അവർ ഇങ്ങനെ അതിജീവിച്ചു.

ജീവിതത്തിലേക്ക്

സത്യം മനസ്സിലാക്കിയ ഓഫീസർ ജാമി ഉടൻ തന്നെ അവർക്കായി ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്തു. പിന്നീട് ​ഗോ ഫണ്ട് മി വഴി നടത്തിയ സാമ്പത്തിക സമാഹരണത്തിലൂടെ 27,000 ഡോളറിലധികം (ഏകദേശം 22 ലക്ഷം രൂപ) അവർക്കായി സമാഹരിച്ചു. ലെമോയ്ൻ കോളേജ് പ്രസിഡന്‍റ് ലിൻഡ ലെമുറ അവർക്ക് താൽക്കാലിക താമസസൗകര്യവും ഒരുക്കി.

ഭവനരഹിതർക്ക് വീട് നൽകുന്ന ഒരു സംഘടനയുടെ സഹായത്തോടെ 2026 ജനുവരി 5-ന് പൂർണ്ണമായും പണിപൂർത്തിയാക്കിയ തന്‍റെ പുതിയ വീട്ടിലേക്ക് റിയ താമസം മാറി. "എല്ലാം ഒരു ദൈവനിശ്ചയമാണ്. എനിക്ക് സഹായം ആവശ്യമായപ്പോൾ ദൈവം ജാമിയെ എന്‍റെ അടുത്തേക്ക് അയച്ചു," എന്ന് റിയ നന്ദിയോടെ പറയുന്നു. ഇന്ന് ഓഫീസർ ജാമിയും റിയയും അടുത്ത സുഹൃത്തുക്കളാണ്.

 

PREV
Read more Articles on
click me!

Recommended Stories

മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഇനി 'പൂച്ചക്കുട്ടി മുയു'; ട്രെൻഡായി ഒരു ചൈനീസ് കളിപ്പാട്ടം
ഡിഎൻഎ ടെസ്റ്റ് നടത്തി, കുഞ്ഞ് തങ്ങളുടേതല്ല! തകർന്ന് ദമ്പതികൾ, ഐവിഎഫ് ക്ലിനിക്കിനെതിരെ കേസ്