14 -ാം വയസിൽ വിവാഹം, ഉപദ്രവകാരിയായ ഭർത്താവ്, ഒടുവിൽ ബന്ധമുപേക്ഷിച്ച് പുറത്തേക്ക്, ഇന്ന് സംരംഭക

Published : Apr 29, 2023, 01:02 PM IST
14 -ാം വയസിൽ വിവാഹം, ഉപദ്രവകാരിയായ ഭർത്താവ്, ഒടുവിൽ ബന്ധമുപേക്ഷിച്ച് പുറത്തേക്ക്, ഇന്ന് സംരംഭക

Synopsis

എന്നാൽ, 14 -ാമത്തെ വയസിൽ ഉപദ്രവകാരിയും മദ്യപാനിയുമായ ഒരു പൊലീസ് ഓഫീസറുമായി നീതയുടെ വിവാഹം കഴിഞ്ഞു. ആ ജീവിതം ദുരിതമായിരുന്നു. മൂന്ന് കുട്ടികളായിരുന്നു നീതയ്‍ക്ക്. സാമ്പത്തികപ്രയാസമടക്കം പല പ്രശ്നങ്ങളും ഉണ്ടായിരുന്നു, ചേരിപ്രദേശത്തായിരുന്നു താമസം.

നമ്മുടെ സമൂഹം പലപ്പോഴും പ്രവർത്തിക്കുന്നത് പുരുഷാധിപത്യ മനോഭാവത്തോടെയാണ്. അതിനാൽ തന്നെ വീട്ടിനകത്തും പുറത്തും സ്ത്രീകൾ മാനസികവും ശാരീരികവുമായ അതിക്രമങ്ങളെ അതിജീവിക്കേണ്ടി വരാറുണ്ട്. ഭർത്താക്കന്മാരുടെ പീഡനങ്ങൾ സഹിച്ച് കഴിയേണ്ടി വരുന്ന അനേകം സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ, പലപ്പോഴും ആ ബന്ധത്തിൽ നിന്നും ഇറങ്ങിപ്പോകാൻ കഴിയാത്ത അവസ്ഥയും വരാറുണ്ട്. നാട്ടുകാരും വീട്ടുകാരും എന്ത് പറയും, കുട്ടികളുണ്ടെങ്കിൽ അവരുടെ ഭാവി എന്താവും, ജോലി ഇല്ലാത്തവരാണ് എങ്കിൽ എങ്ങനെ ജീവിക്കും എന്ന ആശങ്ക അങ്ങനെ പലപല കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. വിവാഹമോചനം അം​ഗീകരിക്കാൻ സാധിക്കാത്ത ഒരു സമൂഹമാണ് ഇപ്പോഴും നമ്മുടേത്. 

എന്നാൽ, ഇപ്പോൾ വൈറലാകുന്നത് അങ്ങേയറ്റം ഉപദ്രവകാരിയായ ഭർത്താവിന്റെ അടുത്ത് നിന്നും ഇറങ്ങി വന്ന് സ്വന്തമായി ബിസിനസ് നടത്തി വിജയിച്ച ഒരു സ്ത്രീയുടെ കഥയാണ്. നീത എന്നാണ് സ്ത്രീയുടെ പേര്. വളരെ ചെറുപ്പത്തിൽ തന്നെ ഒരുപാട് ദുരിതം അനുഭവിച്ചയാളായിരുന്നു നീത. അമ്മ അവളെ മിക്കവാറും ഉപദ്രവിക്കും. അച്ഛനാവട്ടെ ഒരു മദ്യപാനിയും ആയിരുന്നു. നീതയ്‍ക്ക് ആറ് വയസുള്ളപ്പോൾ അവളുടെ അമ്മ ആത്മഹത്യ ചെയ്തു. അച്ഛൻ പിന്നാലെ അവളെ ഉപേക്ഷിച്ചു. എന്നാൽ, അവളുടെ മുത്തച്ഛനും മുത്തശ്ശിയും വളരെ സ്നേഹമുള്ളവരായിരുന്നു. അവർ അവളെ അവരുടെ ഒപ്പം കൂട്ടി. 

എന്നാൽ, 14 -ാമത്തെ വയസിൽ ഉപദ്രവകാരിയും മദ്യപാനിയുമായ ഒരു പൊലീസ് ഓഫീസറുമായി നീതയുടെ വിവാഹം കഴിഞ്ഞു. ആ ജീവിതം ദുരിതമായിരുന്നു. മൂന്ന് കുട്ടികളായിരുന്നു നീതയ്‍ക്ക്. സാമ്പത്തികപ്രയാസമടക്കം പല പ്രശ്നങ്ങളും ഉണ്ടായിരുന്നു, ചേരിപ്രദേശത്തായിരുന്നു താമസം. എങ്കിലും നീത തളരാതെ ജീവിതം മുന്നോട്ട് തന്നെ കൊണ്ടുപോയി. അതിനിടയിൽ നീത സ്കൂട്ടർ, കാർ, വാൻ അടക്കം വിവിധ വാഹനങ്ങളോടിക്കാൻ പരിശീലനം നേടുകയും അവ ഓടിക്കാനും തുടങ്ങി. പിന്നാലെ ട്രാവൽസും തുടങ്ങി. ഭർത്താവ് നിരന്തരം നിന്നെക്കൊണ്ട് ഒന്നിനും പറ്റില്ല എന്ന് പറയുകയും അവളുടെ അതേ ജോലി ചെയ്യുന്ന ആളുകൾക്കൊപ്പം ചേർന്ന് അവളെ ഭീഷണിപ്പെടുത്താനും തുടങ്ങി. ഒടുവിൽ ഭീഷണി കൊല്ലും എന്നായപ്പോൾ ഭർത്താവിന്റെ അടുത്ത് നിന്നും ഇറങ്ങിയേ തീരൂ എന്ന് അവൾക്ക് ബോധ്യപ്പെട്ടു. 

34 -ാമത്തെ വയസിൽ അവൾ ഭർത്താവിനെ ഉപേക്ഷിക്കുകയും മക്കൾക്കൊപ്പം ചേർന്ന് തന്റെ വിദ്യാഭ്യാസം തുടരുകയും ചെയ്തു. അതിനിടയിൽ ട്രാവൽസ് ബിസിനസും നന്നായി മുന്നോട്ട് കൊണ്ടുപോയി. ഇപ്പോൾ നീത പറയുന്നത്, ജീവിതം വളരെ നല്ലതാണ് എന്നാണ്. പോരാടാനുള്ള മനശക്തിയും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ജീവിതം തോൽപ്പിക്കില്ല എന്ന് തെളിയിക്കുകയാണ് നീതയുടെ അനുഭവം. 

ഹ്യുമൻസ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജാണ് നീതയുടെ അനുഭവം പങ്ക് വച്ചത്. 

PREV
click me!

Recommended Stories

അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്
10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്