
ചില ആളുകളുടെ ചിന്താരീതികളും പ്രവൃത്തികളും അക്ഷരാർത്ഥത്തിൽ നമ്മെ ഞെട്ടിക്കും. അത്തരത്തിലൊരു കാര്യമാണ് 22 വയസ്സുകാരിയായ ഒരു യുവതി ചെയ്തിരിക്കുന്നത്. തന്റെ ശരീരത്തിൽ നിന്ന് ഫാലോപ്യൻ ട്യൂബുകൾ വേർതിരിച്ചെടുത്ത് അത് കഴുത്തിൽ അണിയുന്ന ഒരു നെക്ലൈസ് ആക്കി മാറ്റിയിരിക്കുകയാണ് ഈ യുവതി. ഇങ്ങനെ ചെയ്തതിന് വ്യക്തമായ ഒരു കാരണവും ഇവർക്കുണ്ട്.
സവന്ന ബ്ലൂയിൻ എന്ന 22 -കാരിയാണ് കേട്ടാൽ ആരും അമ്പരക്കുന്ന ഈ തീരുമാനം എടുത്തത്. ഇങ്ങനെ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതിന് കാരണമായി ഇവർ പറയുന്നത് ജീവിതത്തിൽ ഒരിക്കലും കുഞ്ഞുങ്ങൾ വേണ്ട എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു കാര്യം ചെയ്തതെന്നുമാണ് സവന്ന പറയുന്നത്.
ഫാലോപ്യൻ ട്യൂബുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനായി കഴിഞ്ഞ ജൂലൈയിൽ ആണ് അവൾ സാൽപിംഗെക്ടമിക്ക് വിധേയയാത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിൽ നിന്നും നീക്കം ചെയ്ത ഫാലോപ്യൻ ട്യൂബുകൾ അവൾ ആശുപത്രിയിൽ നിന്നും വാങ്ങുകയും തുടർന്ന് അത് ഉപയോഗിച്ച് ഒരു നെക്ലൈസ് നിർമ്മിക്കുകയും ആയിരുന്നു. ഈ നെക്ലൈസ് കഴുത്തിൽ അണിയുമ്പോൾ താൻ കൂടുതൽ ശക്തയായി എന്നാണ് തനിക്ക് തോന്നുന്നതെന്നും സവന്ന പറയുന്നു.
ഏകദേശം 20 വർഷങ്ങൾക്കു മുമ്പ് തന്റെ അമ്മയ്ക്ക് ഇത്തരത്തിൽ ഒരു ആഗ്രഹം ഉണ്ടായിരുന്നുവെന്നും പക്ഷേ അത് പൂർത്തിയാക്കാൻ അമ്മയ്ക്ക് സാധിച്ചില്ല എന്നും സവന്ന പറയുന്നു. അതുകൊണ്ട് അമ്മയുടെ നടക്കാതെ പോയ സ്വപ്നം കൂടി പൂർത്തീകരിക്കാനാണ് താൻ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്നാണ് യുവതി പറയുന്നത്.
തനിക്കിനി ആർത്തവചക്രം ഉണ്ടാകില്ല എന്നും പലരും തെറ്റായി പറയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും തൻറെ ആർത്തവത്തിലോ മറ്റു ഹോർമോണുകളിലോ യാതൊരുവിധ മാറ്റവും വന്നിട്ടില്ല എന്നും സവന്ന പറയുന്നു. ഇങ്ങനെയൊരു കാര്യം ചെയ്യാൻ സാധിച്ചതിൽ തനിക്ക് സന്തോഷം ഉണ്ടെന്നും കൂടുതൽ ആളുകൾ ഇത്തരത്തിൽ മുൻപോട്ട് വരണമെന്നാണ് തന്റെ ആഗ്രഹം എന്നും സവന്ന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത tiktok വീഡിയോയിൽ പറയുന്നു.