
ആളുകൾ വളർത്തുമൃഗങ്ങളോടൊപ്പം വിശ്രമവേളകൾ ആസ്വദിക്കുന്നതും വിനോദങ്ങളിൽ ഏർപ്പെടുന്നതും സാധാരണമാണ്. എന്നാൽ, സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു വീഡിയോ വലിയ വിമർശനങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്.
രണ്ട് യുവതികൾ ഒരു എരുമയുടെ പുറത്തു കയറി നിന്ന് നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ. സർഗാത്മകതയും ആവിഷ്കാര സ്വാതന്ത്ര്യവും ഒക്കെ നല്ലതാണെന്നും എന്നാൽ അതൊരു മിണ്ടാപ്രാണിയെ ഉപദ്രവിച്ചുകൊണ്ട് വേണ്ടായിരുന്നു എന്നുമാണ് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ കണ്ടവർ ഇവർക്കെതിരെ ഉയർത്തുന്ന വിമർശനം. അതിന് ജീവനില്ലേ, അതെങ്കിലും പരിഗണിക്കണ്ടേ എന്നും നെറ്റിസൺസ് വിമർശിച്ചു.
പ്രിൻസ് ഓഫ് രാജസ്ഥാൻ എന്ന പേരിലുള്ള യൂസർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം നിരവധി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഒരു കൃഷിയിടത്തിൽ കെട്ടിയിട്ടിരിക്കുന്ന എരുമയുടെ പുറത്തു കയറി നിന്നാണ് യുവതികൾ ഒരു ഹിന്ദി ഗാനത്തിനനുസരിച്ച് ചുവടുകൾ വയ്ക്കുന്നത്. എരുമയുടെ പുറത്ത് വലിയ ഭാരം അനുഭവപ്പെടുന്നുണ്ടെങ്കിലും അത് അസ്വസ്ഥത പ്രകടിപ്പിക്കാതെ നിൽക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. അതിനു സമീപത്ത് തന്നെ അതിന്റെ കുഞ്ഞും ഇതെല്ലാം വീക്ഷിച്ചുകൊണ്ട് നിൽക്കുന്നതും വീഡിയോയിൽ കാണാം.
യുവതികൾ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാകുന്നില്ല എന്നും കൃത്യമായ മൃഗപീഡനമാണ് ഇവർ ചെയ്യുന്നത് എന്നുമാണ് ഒരു സോഷ്യൽ മീഡിയ യൂസർ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ആ പാവത്തിന് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ എത്രയോ നന്നായിരുന്നു എന്നാണ് മറ്റൊരാൾ കുറിച്ചത്.
എന്നാൽ, ചുരുക്കം ചിലർ യുവതികളുടെ സർഗാത്മകതയെയും ധൈര്യത്തെയും അഭിനന്ദിച്ചുകൊണ്ടും വീഡിയോയോട് പ്രതികരിച്ചിട്ടുണ്ട്. പലപ്പോഴും മനുഷ്യർ മൃഗങ്ങൾക്ക് നേരെ നടത്തുന്ന ഇത്തരം അതിക്രമങ്ങൾ ആരും അധികം വിമർശിക്കാറില്ല. പക്ഷേ, വീഡിയോ വൈറലായതോടെ യുവതികൾക്ക് നേരെ രോഷം കൊള്ളുകയാണ് നെറ്റിസൺസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം