Ukraine crisis : യുക്രൈനിലെ സംഘർഷം, ആ​ഗോളതലത്തിൽ തന്നെ ഭക്ഷ്യവില കുതിച്ചുയരാനിടയാക്കുമെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Mar 9, 2022, 10:59 AM IST
Highlights

"ലെബനൻ അവരുടെ ധാന്യങ്ങൾ 50% -വും കൊടുക്കുകയോ എടുക്കുകയോ ചെയ്യുന്നത് യുക്രൈനിൽ നിന്നാണ്. യെമൻ, സിറിയ, ടുണീഷ്യ ഒക്കെയും ഇതുപോലെ ആശ്രയിക്കുന്നുണ്ട്" എന്നും അദ്ദേഹം പറഞ്ഞു. 

യുക്രൈനി(Ukraine)ലെ സംഘർഷം ആഗോള ഭക്ഷ്യവില കുതിച്ചുയരാൻ ഇടയാക്കുമെന്നും ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളെ അത് വിനാശകരമായി ബാധിക്കുമെന്നും വേൾഡ് ഫുഡ് പ്രോഗ്രാം(World Food Programme) മേധാവി ഡേവിഡ് ബീസ്‌ലി(David Beasley) മുന്നറിയിപ്പ് നൽകി. യുക്രൈനും റഷ്യയും അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ പ്രധാന കയറ്റുമതിക്കാരാണ്. യുദ്ധം ഇതിനകം തന്നെ വിള ഉൽപാദനത്തെ ബാധിക്കുകയും, ഇത് വില വർദ്ധിപ്പിക്കുകയും ചെയ്‍തിട്ടുണ്ട്. ലോകത്തിലാകെ തന്നെ ഇത് കൂടുതൽ പേരെ പട്ടിണിയിലേക്ക് തള്ളിവിടും എന്നും ഡേവിഡ് ബീസ്‍ലി പറഞ്ഞു. 

ഒരിക്കൽ "യൂറോപ്പിന്റെ ബ്രെഡ്‌ബാസ്‌ക്കറ്റ്" എന്ന് വിളിക്കപ്പെട്ടിരുന്ന റഷ്യയും യുക്രൈനും, ലോകത്തിലെ ഗോതമ്പിന്റെ നാലിലൊന്ന് ഭാഗവും, വിത്തും എണ്ണയും പോലുള്ള സൺഫ്ലവർ ഉൽപ്പന്നങ്ങളുടെ പകുതിയും കയറ്റുമതി ചെയ്യുന്നു. യുക്രൈൻ ആഗോളതലത്തിൽ ധാരാളം ധാന്യവും വിൽക്കുന്നുണ്ട്. യുദ്ധം ധാന്യങ്ങളുടെ ഉൽപാദനത്തെ ബാധിക്കുമെന്നും ആഗോളതലത്തിൽ തന്നെ ഗോതമ്പ് വില ഇരട്ടിയാക്കുമെന്നും വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റഷ്യയുടെ അധിനിവേശത്തിന് മുമ്പ് തന്നെ നാല് വർഷത്തിനുള്ളിൽ ലോകമെമ്പാടും പട്ടിണി നേരിടുന്നവരുടെ എണ്ണം 80 ദശലക്ഷത്തിൽ നിന്ന് 276 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്ന് ബിബിസി വേൾഡ് സർവീസിന്റെ ബിസിനസ് ഡെയ്‌ലി പ്രോഗ്രാമിനോട് ബീസ്ലി പറഞ്ഞു. കൊറോണ വൈറസും കാലാവസ്ഥാ വ്യതിയാനവും മറ്റും ഇതിന് കാരണമായിത്തീർന്നിട്ടുണ്ട്.

"ലെബനൻ അവരുടെ ധാന്യങ്ങൾ 50% -വും കൊടുക്കുകയോ എടുക്കുകയോ ചെയ്യുന്നത് യുക്രൈനിൽ നിന്നാണ്. യെമൻ, സിറിയ, ടുണീഷ്യ ഒക്കെയും ഇതുപോലെ ആശ്രയിക്കുന്നുണ്ട്" എന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, ബ്രെഡ് ബാസ്ക്കറ്റ് എന്ന നിലയിൽ നിന്നും മാറി യുദ്ധം കാരണം രാജ്യങ്ങൾ ലോകത്തിന് നൽകാൻ പോകുന്നത് പട്ടിണിയാണ് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. യുക്രൈനിലെ പല കർഷകരും തങ്ങളുടെ പാടങ്ങളുപേക്ഷിച്ച് ആയുധവുമായി റഷ്യൻ അധിനിവേശത്തിനെതിരെ പൊരുതാനിറങ്ങിക്കഴിഞ്ഞു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

click me!