
1996-ൽ അന്തരിച്ച അന്ധനായ ബൾഗേറിയൻ മിസ്റ്റിക്ക് ആയിരുന്ന ബാബ വാംഗയുടെ പ്രവചനങ്ങൾക്ക് ഇന്നും വലിയ ആരാധകരാണ് ലോകമെങ്ങുമുള്ളത്. മരണത്തിന് മുമ്പ് ലോകത്തിന്‍റെ ഭാവിയെ കുറിച്ച് അവർ പറഞ്ഞിരുന്ന കാര്യങ്ങൾ എന്ന തരത്തിൽ ഓരോ പുതുവർഷത്തിലും ബാബയുടെ പ്രവചനങ്ങൾ ലോകമെമ്പാടും വൈറലാകാറുണ്ട്. 2026 -ന്‍റെ തുടക്കത്തിൽ അത്തരത്തിൽ വൈറലായ ഒന്നായിരുന്നു മൂന്നാം ലോക മഹായുദ്ധം സാധ്യത. ഇപ്പോൾ നടക്കുന്ന ഇറാന് നേരെയുള്ള യുഎസ്, ഇസ്രയേൽ യുദ്ധം മൂന്നാം ലോക മഹായുദ്ധത്തിന്‍റെ തുടക്കമാണോയെന്ന് ആശങ്ക വംഗയുടെ പ്രവചനത്തോട് പലരും ചേർത്ത് വായിക്കുന്നു.
2026 ഫെബ്രുവരി 28 ശനിയാഴ്ചയാണ് യുഎസും ഇസ്രായേലും ഇറാനിൽ സംയുക്ത ആക്രമണത്തിന് തുടക്കമിടുന്നത്. ടെഹ്‌റാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസുകൾക്ക് സമീപമുള്ള പ്രദേശങ്ങളായിരുന്നു ആദ്യ ലക്ഷ്യങ്ങൾ. പിന്നാലെ അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കുമൊപ്പം രാജ്യത്തെ ഉയർന്ന സൈനീകോദ്യോഗസ്ഥരടക്കം കൊല്ലപ്പെട്ടെന്ന വാർത്തകളും പുറത്ത് വന്നു. പരമോന്നത നേതാവിന്‍റെ കൊലയ്ക്ക് തിരിച്ചടിക്കുമെന്ന് പിന്നാലെ ഇറാൻറെ മുന്നറിയിപ്പും എത്തി. ഇന്ന് യുദ്ധം നാലം ദിവസത്തിലേക്ക് കടക്കുമ്പോൾ യുദ്ധം നാല് ആഴ്ച വരെ നീളാൻ സാധ്യയുടെണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്നെ പറഞ്ഞു കഴിഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷം നാല് ആഴ്ചയിലേക്ക് നീണ്ടാൽ അത് ലോകക്രമത്തെ തന്നെ അടിമുടി മാറ്റുമോയെന്ന ആശങ്കയും ചെറുതല്ല. പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളുടെ നേർക്കുള്ള അക്രമണം എന്നതരത്തിൽ നിലവിൽ ഖത്തർ, സൌദി അറേബ്യ, യുഎഇ, ഒമാൻ തുടങ്ങിയ പശ്ചമേഷ്യൻ രാജ്യങ്ങളിലേക്കും ഇറാൻ അക്രമണം അഴിച്ച് വിട്ടുതുടങ്ങി. ഇതോടെ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാൻ ഈ രാജ്യങ്ങളും നിർബന്ധിതരായി. ഇതിനിടെ മുന്‍നിലപാടിൽ നിന്നും വ്യതിചലിച്ച് ബ്രിട്ടനും ഫ്രാൻസും യുഎസിന് പിന്തുണയുമായി രംഗത്തെത്തി. ഇത്തരമൊരു സാഹചര്യത്തിൽ റഷ്യയുടെയും ചൈനയുടെയും നീക്കമാണ് ലോക രാജ്യങ്ങൾ സസൂക്ഷ്മ വീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളും ഇറാനെ പ്രത്യക്ഷമായി പിന്തുണയ്ക്കാൻ തീരുമാനിച്ചാൽ അത് ഒരു മൂന്നാം ലോക മഹായുദ്ധത്തിനുള്ള വാതിലാകും തുറക്കുക.
2026 -ന്‍റെ തുടക്കത്തിൽ കിഴക്ക് നിന്ന് ഒരു മഹായുദ്ധം തുടങ്ങുമെന്നായിരുന്നു വംഗയുടെ പ്രവചനം. ഈ പ്രവചനം യാഥാർത്ഥ്യമാകുകയാണെന്ന് വംഗയുടെ അനുയായികൾ വിശ്വസിക്കുന്നു. തങ്ങളുടെ രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും ഇറാൻ എത്രത്തോളം ശക്തമാണ് എന്നതിനെ അനുസരിച്ചായിരിക്കും യുദ്ധത്തിലേക്ക് മറ്റുരാജ്യങ്ങൾ കൂടി ഇടപെടാനുളള സാധ്യത. വംഗയുടെ പ്രവചനമനുസരിച്ച്, ലോകത്തിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളെയായിരിക്കും സംഘർഷം ഏറ്റവും കൂടുതൽ ബാധിക്കുക. അതായത് യൂറോപ്പായിരിക്കും ഈ യുദ്ധത്തിന്‍റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരിക. യുദ്ധത്തോടെ യൂറോപ്പിലെ ഭൂമി പൂർണ്ണമായും തരിശും അസ്ഥിരവുമാകുമെന്നാണ് വംഗയുടെ പ്രവചനം. ഇത് വ്യാപകമായ സാമ്പത്തിക, സാമൂഹിക വെല്ലുവിളികൾ സൃഷ്ടിക്കും. യുദ്ധം നീണ്ടു നിൽക്കുമെന്നും ഇത് സംഘർഷം ലോകമെമ്പാടും വ്യാപകമാകാൻ കാരണമാകുമെന്നും വംഗ പ്രവചിക്കുന്നു. നിലവിൽ ലോകരാജ്യങ്ങൾ തമ്മിലുള്ള പരസ്പര സംഘർഷം ഇതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് വംഗയുടെ ആരാധകരും കരുതുന്നു. സംഘർഷത്തിനൊടുവിൽ ആഗോള ശക്തിയായി റഷ്യ ഉയർന്ന് വരുമെന്നും യുഎസിന്‍റെ ശക്തി ക്ഷയിക്കുമെന്നും വംഗ പ്രവചിക്കുന്നു.