ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറാകാൻ സ്ത്രീകൾക്ക് അവസരം, ചെയ്യേണ്ടത് ഇത്രമാത്രം

By Web TeamFirst Published Aug 18, 2022, 2:28 PM IST
Highlights

2017 മുതൽ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വർഷം തോറും 'ഹൈ കമ്മീഷണർ ഫോർ എ ഡേ' മത്സരം സംഘടിപ്പിക്കുന്നു. 18 മുതൽ 23 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. 'വിമൻ ഇൻ ലീഡർഷിപ്പ്' എന്നതാണ് ഈ വർഷത്തെ മത്സരത്തിന്റെ വിഷയം.

ഒരു ദിവസം ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറാകാൻ രാജ്യത്തുള്ള സ്ത്രീകൾക്ക് അവസരം ഒരുക്കുകയാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ. അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുന്ന ആളുകളിൽ നിന്ന് ഒരാളെ ഇതിനായി തിരഞ്ഞെടുക്കും. അവർക്ക് ഒരു ദിവസം ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി സ്ഥാനമേൽക്കാം.

"കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നത് മുതൽ സ്വതന്ത്ര വ്യാപാര കരാർ വരെയുള്ള നിരവധി കാര്യങ്ങളിൽ യുകെയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുന്നു. പക്ഷേ, എല്ലാ വർഷവും അന്താരാഷ്ട്ര ബാലികാ ദിനം ഒരുമിച്ച് ആഘോഷിക്കുന്നതാണ് ഹൈക്കമ്മീഷണർ എന്ന നിലയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഒന്ന്" ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസിനെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ആറാം വർഷമാണ് ഈ മത്സരം തങ്ങൾ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ അത് കൂടുതൽ സന്തോഷം നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണമാണ് പരിപാടിയുടെ ലക്ഷ്യം. യുവതികൾക്ക് അവരുടെ മുഴുവൻ കഴിവുകളും പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണിതെന്നും അലക്സ് പറയുന്നു. 'ഹൈ കമ്മീഷണർ ഫോർ എ ഡേ' മത്സരത്തിൽ വിജയിക്കുന്ന വ്യക്തിയ്ക്ക് ഒരു ദിവസം നയതന്ത്ര വിഭാഗത്തിന്റെ മേധാവിയാകാം. വിജയിക്കുന്ന വ്യക്തി വിവിധ യോഗങ്ങളിൽ പങ്കെടുക്കുകയും, യുകെ-ഇന്ത്യ ബന്ധം ഊട്ടിയുറപ്പിക്കാൻ പ്രവർത്തിക്കുകയും വേണം.  

2017 മുതൽ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വർഷം തോറും 'ഹൈ കമ്മീഷണർ ഫോർ എ ഡേ' മത്സരം സംഘടിപ്പിക്കുന്നു. 18 മുതൽ 23 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. 'വിമൻ ഇൻ ലീഡർഷിപ്പ്' എന്നതാണ് ഈ വർഷത്തെ മത്സരത്തിന്റെ വിഷയം. പങ്കെടുക്കുന്നവർ "പൊതുജീവിതത്തിലെ ഏത് സ്ത്രീയാണ് നിങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്, എന്തുകൊണ്ട്?" എന്നതിന് ഉത്തരം നൽകുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ റെക്കോർഡ് ചെയ്ത് അപ്‌ലോഡ് ചെയ്യണം. '#DayoftheGirl' എന്ന ഹാഷ്‌ടാഗിനൊപ്പം '@UKinIndia' ടാഗ് ചെയ്‌ത് ട്വിറ്ററിലോ ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ വീഡിയോ പോസ്റ്റ് ചെയ്യാം. മത്സരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 2 ആണ്.

കഴിഞ്ഞ വർഷം ഈ മത്സരത്തിൽ വിജയിച്ചത് രാജസ്ഥാനിലെ ചിത്തോർഗഡിൽ നിന്നുള്ള 20 കാരിയായ അദിതി മഹേശ്വരിയാണ്. പരിപാടിയിൽ മുതിർന്ന നയതന്ത്രജ്ഞരുമായും സ്ത്രീകളുമായും സംവദിക്കാൻ അവൾക്ക് സാധിച്ചു. ഇന്ത്യയിൽ, സ്ത്രീ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ സംസ്ഥാന സർക്കാരുകൾ, നിയമ നിർവ്വഹണ ഏജൻസികൾ, വിദ്യാഭ്യാസ അധികാരികൾ, ബ്രിട്ടീഷ് ബിസിനസ്  ഉദ്യമങ്ങൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു. പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനം ഒക്ടോബർ 11 -നാണ് ആചരിക്കുന്നത്.  

click me!