
ചിലപ്പോഴെങ്കിലും തീർത്തും അപരിചിതരായ വ്യക്തികളായിരിക്കും നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത്. അടുത്തിടെ ട്വിറ്ററി(Twitter)ൽ സമാനമായ ഒരു സംഭവം പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഒരു ബോളിവുഡ് സിനിമയെ ഓർമിപ്പിക്കുന്നതായിരുന്നു ഈ കഥ. 20 വർഷം മുമ്പ് കണ്ടുമുട്ടിയ അപരിചിതനായ ഒരു വൃദ്ധനെക്കുറിച്ചായിരുന്നു പോസ്റ്റ്. ആ വയോധികൻ അന്ന് പറഞ്ഞ വാക്കുകൾ പിന്നീടുള്ള അവന്റെ ജീവിതത്തിൽ വഴിവിളക്കായി മാറി. ജീവിതത്തിൽ നന്നായി കഠിനാധ്വാനം ചെയ്യാനും, വിജയിക്കാനും അവനെ ആ വാക്കുകൾ സഹായിച്ചു. ഒടുവിൽ വർഷങ്ങൾക്ക് ശേഷം ആ വൃദ്ധനെ അവൻ വീണ്ടും കണ്ടുമുട്ടി. ട്വിറ്ററിൽ പങ്കിട്ട ഈ അനുഭവം നമ്മുടെ ഹൃദയത്തെ ശരിക്കും അലിയിക്കും.
ലൈഫ് കോച്ചായ ഡോ. സാബിഹ(Dr Sabiha)യാണ് കഥ ട്വിറ്ററിൽ പങ്കുവച്ചത്. അവരുടെ പിതാവാണ് ആ വൃദ്ധൻ. ഒരു ദിവസം അദ്ദേഹം തന്റെ മകളോടൊപ്പം ഒരു കടയിൽ ചെരുപ്പ് വാങ്ങാൻ പോയി. അവിടെ എത്തിയപ്പോൾ കടയിൽ ജോലി ചെയ്യുന്ന ഒരാൾ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് നടന്നു വന്നു. 'എന്നെ മനസ്സിലായോ എന്നദ്ദേഹം ചോദിച്ചു. എന്നാൽ അച്ഛന് അതാരാണെന്ന് ഓർത്തെടുക്കാൻ സാധിച്ചില്ല. തുടർന്ന് ആ ചെറുപ്പക്കാരൻ പറയുന്നത് കേട്ട് ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി' അവൾ കുറിച്ചു. 20 വർഷം മുമ്പ് വൃദ്ധൻ താമസിക്കുന്ന പ്രദേശത്തെ ഒരു പേപ്പർ ബോയ് ആയിരുന്നു ഈ ചെറുപ്പക്കാരൻ. പേര് ദത്ത അൽമോർ. എല്ലാ ഈദിനും വൃദ്ധന്റെ ഭാര്യ ദത്തിന് ശീർ ഖുർമ വാഗ്ദാനം ചെയ്യുമായിരുന്നു. ഒരിക്കൽ അവനോട് ആ വൃദ്ധൻ അവന്റെ ജീവിതത്തെ മാറ്റിമറിക്കാൻ പോന്ന ഒരു കാര്യം പറഞ്ഞു.
"ഒരു ദിവസം നിങ്ങളാവും അടുത്ത വാജ്‌പേയി!" എന്നതായിരുന്നു അത്. "ആ വരിയാണ് ഈ വർഷങ്ങളിലുടനീളം എനിക്ക് പ്രചോദനമായത്" ആ ചെറുപ്പക്കാരൻ പറഞ്ഞു. "ഞാൻ പത്താം ക്ലാസിൽ എത്ര സ്കോർ ചെയ്തുവെന്ന് നിങ്ങൾക്കറിയാമോ?" തുടർന്ന് അദ്ദേഹം ചോദിച്ചു. 46 ശതമാനം മാത്രമാണ് അദ്ദേഹം നേടിയത്. എന്നാൽ, അദ്ദേഹം ഒരു പേപ്പർബോയ് എന്നത് വിട്ട് കുറച്ച് കാലം വീട്ടുജോലിക്കാരനായി ജോലി നോക്കി. അവിടന്ന് സെയിൽസ്മാനും സെയിൽസ് മാനേജരുമായി. ഇപ്പോൾ പ്രശസ്തമായ സ്കെച്ചേഴ്സ് ഷൂസിന്റെ ഏരിയ മാനേജരായി അദ്ദേഹം ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ വീടിന്റെ ചുമരിൽ ആ വൃദ്ധൻ പറഞ്ഞ വാചകങ്ങൾ ഇപ്പോഴും ഒളിമങ്ങാതെ കിടക്കുന്നു. തന്റെ വീടിന്റെ വാതിൽ തുറക്കുമ്പോൾ, അദ്ദേഹം ആദ്യം കാണുന്നത് ആ വാചകങ്ങളാണ്. എല്ലാ ദിവസവും അത് അദ്ദേഹം വായിക്കും. ആ വാചകങ്ങൾ അദ്ദേഹത്തിന് മുന്നോട്ട് പോകാനുള്ള ഊർജ്ജമാണ്.
“ഇരുപത് വർഷമായി ഞാൻ നിങ്ങളെ വീണ്ടും കാണണമെന്ന് ആഗ്രഹിക്കുന്നു, സർ. പക്ഷേ, എനിക്ക് നിങ്ങളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് നിങ്ങളുടെ ശബ്ദം കേട്ടപ്പോൾ തന്നെ നിങ്ങൾ സത്താർ സാഹിബാണെന്ന് എനിക്ക് മനസ്സിലായി" ചെറുപ്പക്കാരൻ പറഞ്ഞു. ആ ശബ്ദവും വാക്കുകളും ചെറുപ്പക്കാരന് ഇന്നും മറക്കാൻ സാധിച്ചിട്ടില്ല.
“20 വർഷം മുമ്പ് ഞാൻ ദത്തയെ കണ്ടുമുട്ടിയപ്പോൾ, ഈ കുട്ടി വലിയവനായി തീരുമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് താൻ ഭാവിയിൽ ഒരു വാജ്‌പേയി ആകുമെന്ന് അവനോട് പറഞ്ഞത്. ഇന്ന് 2022 -ൽ, ഞാൻ അവന്റെ കടയിൽ കയറിയപ്പോൾ, എന്റെ ശബ്ദം കേട്ടപ്പോൾ തന്നെ അവൻ എന്നെ തിരിച്ചറിഞ്ഞു. അത് എന്നെ വളരെയധികം സന്തോഷിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം, അവൻ എന്നെ പുകഴ്ത്തുന്നത് കേട്ട് ഞാൻ നിശബ്ദനായി” കലങ്ങിയ കണ്ണുകളോടെ സാഹിബ് ഒരു വീഡിയോയിൽ പറഞ്ഞു. മാർച്ച് 21 -നാണ് ഈ കഥ ട്വിറ്ററിൽ പങ്കിട്ടത്. അതിനെ തുടർന്ന് ട്വിറ്റർ ത്രെഡിന് ഇതുവരെ പതിനായിരക്കണക്കിന് ലൈക്കുകൾ ലഭിച്ചു.