‘സർ, ഓഫീസിലെത്താൻ ദിവസം 350 രൂപ ചെലവ്’; ബെംഗളൂരുവിലെ ജീവിതച്ചെലവിൽ ആശങ്കയുമായി യുവ ജീവനക്കാരൻ, കമ്പനി സിഇഒയുടെ പോസ്റ്റ് വൈറൽ

Published : Aug 18, 2026, 12:55 PM IST
Bangalore Traffic

Synopsis

ബെംഗളൂരുവിൽ ഓഫീസിലെത്താൻ ഒരു ഫ്രഷർക്ക് ദിവസവും 350 രൂപ ചെലവാകുന്നുവെന്ന സിഇഒയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. നഗരത്തിലെ ഉയർന്ന ജീവിതച്ചെലവും യാത്രാക്ലേശവും കാരണം പുതുതലമുറ റിമോട്ട് ജോലികളിലേക്കോ മറ്റ് നഗരങ്ങളിലേക്കോ മാറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നാം സ്ഥാലത്താണ് ബെംഗളൂരു. നഗരത്തിലെ മോശം റോഡും മറ്റ് ഗതാഗത സംവിധാനങ്ങളും നഗരത്തിലൂടെയുള്ള യാത്ര മണിക്കൂറുകളോളം വൈകിപ്പിക്കുന്നു. പഴയ തലമുറ ഈ തിരക്കിനൊപ്പം നീന്തിയെങ്കിൽ പുതുതലമുറ ഇക്കാര്യത്തിൽ അസ്വസ്ഥരാണ്. ബെംഗളൂരുവിൽ ജോലി ചെയ്യാൻ എത്തുന്ന പുതുതലമുറ നേരിടുന്ന ഉയർന്ന ജീവിതച്ചെലവിനെ കുറിച്ച് ഒരു കമ്പനിയുടെ സിഇഒ തന്നെ കുറിപ്പെഴുതി. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഇതിനെ കുറിച്ച് നടക്കുന്നത്. ഓഫീസിലെത്താൻ മാത്രം ദിവസവും 350 രൂപ ചെലവാകുന്നുവെന്ന് ഒരു ഫ്രഷർ പറഞ്ഞ അനുഭവം പങ്കുവെച്ചത് ബെംഗളൂരു ആസ്ഥാനമായുള്ള സിഇഒ സങ്കേത് ഷേത്താണ്. 2024 -ൽ കമ്പനിയിൽ വീണ്ടും ഓഫീസ് ജോലിക്ക് തുടക്കമായപ്പോഴുണ്ടായ ഒരു സംഭാഷണമാണ് അദ്ദേഹം തന്‍റെ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്.

ഒരു ദിവസത്തെ യാത്ര ചെലവ് 350 രൂപ!

യുവാവ് താമസിച്ചിരുന്നത് ലാൽബാഗിന് സമീപത്താണെങ്കിൽ ഓഫീസ് എച്ച്എസ്ആർ ലേഔട്ടിലായിരുന്നു. ബെംഗളൂരുവിലെ റോഡുകളുടെയും ഗതാഗതക്കുരുക്കിന്‍റെയും സാഹചര്യം കണക്കിലെടുത്ത് നഗരത്തിലൂടെ സ്കൂട്ടർ ഓടിക്കാൻ മാതാപിതാക്കൾ സമ്മതിച്ചിരുന്നില്ല. പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ ഒരു വശത്തേക്കുള്ള യാത്രയ്ക്ക് തന്നെ ഏകദേശം രണ്ട് മണിക്കൂറോളം സമയം വേണ്ടി വന്നു. ഇതിനിടെ പലതവണ വാഹനം മാറിക്കയറേണ്ടി വരുന്നതും അവസാനഘട്ട യാത്രയ്ക്കുള്ള ചെലവും ബുദ്ധിമുട്ട് കുത്തനെ കൂട്ടി. ഒടുവിൽ പൊതുഗതാഗതത്തോടൊപ്പം ഓട്ടോയും ഉപയോഗിക്കേണ്ടി വരുന്നതോടെ ഒരു ദിവസത്തെ യാത്രാച്ചെലവ് ഏകദേശം 350 രൂപയായി ഉയരുന്നു.

'ചെറിയ സന്തോഷമെങ്കിലും അ‍ർഹിക്കുന്നു'

ആദ്യമായി ശമ്പളം ലഭിക്കുന്ന ഒരു യുവാവിനെ സംബന്ധിച്ച് ജോലിസ്ഥലത്ത് എത്താൻ മാത്രം പ്രതിമാസം 7,000 മുതൽ 8,000 രൂപ വരെ ചെലവാകുന്നത് വലിയ ഭാരമാണെന്ന് സങ്കേത് ചൂണ്ടിക്കാട്ടി. 22 വയസ്സുള്ള ഒരാൾക്ക് ജോലി ചെയ്യാൻ പോകാൻ കഴിയുമോ എന്നതിനെക്കുറിച്ച് തന്നെ ചിന്തിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യ ശമ്പളം ഒരു വ്യക്തിയെ സംബന്ധിച്ച് സ്വാതന്ത്ര്യത്തിന്‍റെ അനുഭവം നൽകേണ്ടതാണെന്നും ആദ്യമായി 1,000 രൂപ സമ്പാദിച്ച് മാറ്റിവയ്ക്കുന്നത് പോലുള്ള ചെറിയ സന്തോഷങ്ങൾ യുവാക്കൾക്ക് ലഭിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

'പുതുതലമുറ നഗരം വിടും'

ബെംഗളൂരുവിലെ ചെലവേറിയ ജീവിതം തുടർന്നാൽ യുവാക്കൾ റിമോട്ട് ജോലികൾ തേടുകയോ ഓഫീസ് സാന്നിധ്യം ആവശ്യപ്പെടുന്ന അവസരങ്ങൾ ഒഴിവാക്കുകയോ അതല്ലെങ്കിൽ മറ്റൊരു നഗരത്തിലേക്ക് മാറുകയോ ചെയ്യാൻ സാധ്യതയുണ്ടെന്നും സങ്കേത് കോ‍പ്പറേറ്റുകൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഓരോ വർഷവും ആയിരക്കണക്കിന് 21-23 വയസ്സുകാരാണ് വലിയ പ്രതീക്ഷകളുമായി ബെംഗളൂരുവിലെത്തുന്നത്. അവരുടെ ഊർജവും ആശയങ്ങളും റിസ്ക് എടുക്കാനുള്ള മനസ്സുമാണ് നഗരത്തിന്‍റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

സമ്മിശ്ര പ്രതികരണങ്ങൾ

അതേസമയം പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലർ ബെംഗളൂരുവിലെ ജീവിതച്ചെലവ് യഥാർഥ പ്രശ്നമാണെന്ന് സമ്മതിച്ചപ്പോൾ, മറ്റു ചിലർ പൊതുഗതാഗതം കൂടുതൽ ഉപയോഗിക്കണമെന്ന അഭിപ്രായവും മുന്നോട്ടുവച്ചു. 25,000 - 30,000 രൂപ ശമ്പളം ലഭിക്കുന്ന ഫ്രഷർമാർക്ക് വാടക, ഭക്ഷണം, യാത്ര തുടങ്ങിയ ചെലവുകൾക്കുശേഷം സമ്പാദിക്കാൻ ഒന്നും ബാക്കിയാകുന്നില്ലെന്നും ചിലർ സമ്മതിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഗ്രാമജീവിതം സ്വപ്നജീവിതമെന്ന് കരുതി ദില്ലി വിട്ട് മണാലിക്ക് വണ്ടി കയറി; 71 ദിവസത്തിന് ശേഷം മടങ്ങി, കാരണം
എഴുതിയ രണ്ട് തവണയും ജെഇഇ തോറ്റു; പിന്നാലെ യൂട്യൂബിലൂടെ പ്രോഡക്റ്റ് ഡിസൈൻ പഠിച്ചു, ഇന്ന് മാസം 2 ലക്ഷം വരുമാനം; കുറിപ്പ് വൈറൽ