
തൊഴിൽ അന്വേഷകരെ ലക്ഷ്യമിട്ട് നടക്കുന്ന അത്യാധുനിക തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഒരു യുവാവ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം സമൂഹ മാധ്യമങ്ങളിൽ വിവരിച്ചു. നാല് മാസമായി ജോലി അന്വേഷിക്കുന്ന യുവാവ്, ഒരു അഭിമുഖത്തിനെത്തിയപ്പോളാണ് താൻ വലിയൊരു ഐഡന്‍റിറ്റി മോഷണത്തിന് ഇരയായെന്ന് തിരിച്ചറിഞ്ഞത്. ഇല്ലാത്ത കമ്പനിയുടെ പേരിൽ സ്വകാര്യ വിവരങ്ങൾ നേടിയെടുക്കാനായി നടത്തിയ ഒരു വെറും നാടകമായിരുന്നു ഇന്‍റർവ്യൂ എന്ന് യുവാവ് ആരോപിക്കുന്നു.
സംഭവം ഇങ്ങനെ, നഗരത്തിലെ ഒരു പ്രമുഖ ബിസിനസ് സെന്‍ററിലെ 14 -ാം നിലയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ 'ഓപ്പറേഷൻസ് മാനേജർ' തസ്തികയിലേക്കാണ് യുവാവിന് അഭിമുഖത്തിന് ക്ഷണിച്ചത്. ഔദ്യോഗികമായി എത്തിയ ഇമെയിലുകൾ, കലണ്ടർ ഇൻവൈറ്റുകൾ, സുരക്ഷാ ക്ലിയറൻസ് ഫോം എന്നിവ കണ്ടതോടെ യുവാവ് കമ്പനി ഒരു തട്ടിപ്പാണെന്ന് സംശയിച്ചില്ല. ഇന്‍റർവ്യൂവിന് കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ എന്ന വ്യാജേന ഇവർ യുവാവിന്‍റെ സോഷ്യൽ സെക്യൂരിറ്റി നമ്പർ, ഡ്രൈവിംഗ് ലൈസൻസ് സ്കാൻ, വീട്ട് അഡ്രസ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ വരെ നേരത്തെ കൈക്കലാക്കിയിരുന്നു.
അഭിമുഖത്തിനായി കൃത്യസമയത്ത് സ്യൂട്ട് ധരിച്ചെത്തിയ യുവാവ് കെട്ടിടത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് വിവരങ്ങൾ തിരക്കി. എന്നാൽ, അവിടെ ആ പേരിൽ ഒരു കമ്പനിയും പ്രവർത്തിക്കുന്നില്ലെന്നായിരുന്നു സുരക്ഷാ ജീവനക്കാർ അറിയിച്ചത്. ഇതോടെയാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് ഉദ്യോഗാർത്ഥി തിരിച്ചറിഞ്ഞത്. ഉടൻ തന്നെ റിക്രൂട്ടറുടെ നമ്പറിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് ഡിസ്‌കണക്ട് ആയതായി കണ്ടെത്തി. കമ്പനിയുടെ വെബ്‌സൈറ്റും അതിനകം അപ്രത്യക്ഷമായിരുന്നു.
സംഭവത്തിന് പിന്നാലെ യുവാവ് ക്രെഡിറ്റ് അക്കൗണ്ടുകൾ മരവിപ്പിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് സെൻസിറ്റീവ് വിവരങ്ങൾ ആവശ്യപ്പെടുന്നവരോട് അതീവ ജാഗ്രത പുലർത്തണമെന്ന് സൈബർ വിദഗ്ധരും മുന്നറിയിപ്പ് നൽകി. അഭിമുഖത്തിന് മുൻപ് വ്യക്തിഗത വിവരങ്ങളോ തിരിച്ചറിയൽ രേഖകളോ ഓൺലൈനായി കൈമാറരുത്. ഔദ്യോഗികമാണെന്ന് തോന്നിപ്പിക്കുന്ന വെബ്‌സൈറ്റുകൾ ആണെങ്കിൽ പോലും കൃത്യത ഉറപ്പുവരുത്തുക. ഇത്തരത്തിൽ എന്തെങ്കിലും സംശയാസ്പദമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെയോ സൈബർ സെല്ലിനെയോ വിവരം അറിയിക്കുക. സമാനമായ നിരവധി തട്ടിപ്പുകൾ ഇതിനുമുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പുകാർ പ്രശസ്തമായ കെട്ടിടങ്ങളുടെ പേരും വ്യാജ വെബ്‌സൈറ്റുകളും ഉപയോഗിച്ച് തൊഴിൽ അന്വേഷകരെ വലയിലാക്കുന്നത് പതിവാകുകയാണ്.