
വർക്ക് ഫ്രം ഹോമിനെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വീട്ടിലിരുന്നുള്ള ജോലിയിൽ താൻ അനുഭവിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ചും വിരസതയെക്കുറിച്ചുമാണ് നമാൻ എന്ന യുവാവ് തന്‍റെ വീഡിയോയിൽ പറയുന്നത്. വർക്ക് ഫ്രം ഹോം ഒരു സ്വപ്നതുല്യമായ ജോലിയായി കരുതിയിരുന്ന തനിക്ക്, ഇന്ന് ഓഫീസിലെ സാധാരണ സംഭാഷണങ്ങളും ദൈനംദിന മനുഷ്യ സമ്പർക്കങ്ങളും വല്ലാതെ നഷ്ടപ്പെടുന്നുവെന്ന് നമാൻ പറയുന്നു.
'ഇത്രയും സമയം ലാഭിച്ചിട്ട് എന്താണ് കാര്യം?' അദ്ദേഹം വീഡിയോയിൽ ചോദിക്കുന്നു. 'ഇതൊരു മടുപ്പിക്കുന്ന ദിനചര്യയായി തോന്നുന്നു. യാത്ര ചെയ്യുന്നത് സമയം പാഴാക്കലാണെന്നും, വീട്ടിലിരുന്ന് ജോലി ചെയ്താൽ കൂടുതൽ സമയം ലഭിക്കുമെന്നും ഞാൻ കരുതിയിരുന്നു. എന്നാൽ, ഒരു മാസം പിന്നിടുമ്പോൾ ഞാൻ ആരോടും സംസാരിക്കുന്നില്ല. ഒരു ആശയവിനിമയവുമില്ല. സമയം ലാഭിക്കാൻ കഴിഞ്ഞു, പക്ഷേ, വല്ലാത്തൊരു ശൂന്യതയാണ് അനുഭവപ്പെടുന്നത്.' സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷയിൽ നാം എങ്ങനെയാണ് പുതിയ നേട്ടങ്ങൾക്ക് പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു. 'ഒരു ജോലി ഇല്ലാതിരുന്ന സമയത്ത് എന്‍റെ ലക്ഷ്യം അത് നേടുക എന്നത് മാത്രമായിരുന്നു. എന്നാൽ, ജോലി കിട്ടിയതിന് ശേഷം എനിക്ക് സ്വാതന്ത്ര്യം വേണമെന്നായി. എല്ലാത്തിനും നമ്മൾ അനുവാദം ചോദിക്കേണ്ടതുണ്ട്. നമ്മൾ എത്തിനിൽക്കുന്ന അവസ്ഥയിൽ ഒരിക്കലും പൂർണ്ണമായി തൃപ്തരല്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത് അപ്പോഴാണ്.'
'നമ്മളെല്ലാവരും അവസാനം ചെന്നെത്തുന്നത് ഒരേയിടത്താണ്. അതുകൊണ്ട് ഈ യാത്ര ആസ്വദിച്ചു കൂടെ? നിങ്ങൾ ഏത് സാഹചര്യത്തിലാണെങ്കിലും നിങ്ങളുടെ ഏറ്റവും മികച്ചത് നൽകുക, പക്ഷേ ഫലത്തെക്കുറിച്ച് ആകുലപ്പെടുന്നത് നിർത്തുക. പകരം ആ പ്രക്രിയ ആസ്വദിക്കാൻ ശ്രമിക്കുക,' നമാൻ കൂട്ടിച്ചേർത്തു. വർക്ക് ഫ്രം ഹോമിന്‍റെ ഗുണങ്ങളും ദോഷങ്ങളും ചർച്ച ചെയ്യുന്ന നിരവധി ആളുകൾക്കിടയിൽ അദ്ദേഹത്തിന്‍റെ ഈ തുറന്നുപറച്ചിൽ വലിയ ശ്രദ്ധ നേടി. ജോലി, ലക്ഷ്യങ്ങൾ, വ്യക്തിപരമായ സംതൃപ്തി എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ചിന്തകളോട് തങ്ങൾക്ക് പൂർണ്ണമായി യോജിക്കാൻ കഴിയുന്നുണ്ടെന്ന് നിരവധി പേർ ഓൺലൈനിൽ അഭിപ്രായപ്പെട്ടു. ഈ നിരീക്ഷണങ്ങൾ തങ്ങളുടെ ഔദ്യോഗിക ജീവിതവുമായി ചേർന്നുനിൽക്കുന്നതാണെന്ന് പലരും സമ്മതിക്കുന്നു. ചിലർ നർമ്മത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. മാനേജർമാർ ഇൻസ്റ്റാഗ്രാമിൽ ജീവനക്കാരെ ഫോളോ ചെയ്യാൻ തുടങ്ങുമ്പോഴാണ് ഇത്തരം അഭിപ്രായങ്ങൾ ഉണ്ടാകുന്നത് എന്ന് ഒരാൾ തമാശയായി പറഞ്ഞു.