
ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ലോകമെമ്പാടും പല നിയമങ്ങളും നിലവിലുണ്ടെങ്കിലും അവ എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്നത് വലിയൊരു ചോദ്യമാണ്. തൊഴിലുടമയിൽ നിന്ന് നേരിടേണ്ടി വരുന്ന കഠിനമായ സാഹചര്യങ്ങളെക്കുറിച്ച് സിംഗപ്പൂരിലെ ഒരു വിദേശ വീട്ടുജോലിക്കാരി തുറന്ന് പറഞ്ഞതോടെ ഈ വിഷയം വീണ്ടും ചർച്ചയാവുകയാണ്. തനിക്ക് ലഭിക്കുന്നത് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളമാണെന്നും ജോലിക്ക് നിൽക്കുന്ന വീട്ടിലേക്കുള്ള നിത്യ ചെലവുകൾക്ക് പോലും സ്വന്തം കൈയ്യിൽ നിന്നും പണം ചെലവാകുന്ന സാഹചര്യമാണെന്നും അവർ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ഒരു വർഷമായി ഈ കുടുംബത്തോടൊപ്പം ജോലി ചെയ്യുന്നു. ജോലിയിൽ പ്രവേശിച്ച ആദ്യത്തെ മൂന്ന് മാസത്തോളം ആ വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ, ലഘുഭക്ഷണങ്ങൾ, മറ്റ് വീട്ടുസാധനങ്ങൾ എന്നിവയെല്ലാം സ്വന്തം ശമ്പളത്തിൽ നിന്നാണ് വാങ്ങിയിരുന്നതെന്നും അവർ വെളിപ്പെടുത്തി. തുടക്ക കാലത്ത് വീട്ടിലെ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് നിഷേധിക്കപ്പെട്ടു. മാസങ്ങളോളം ശമ്പളം വൈകുന്നത് പതിവാണെന്നും ഇവർ ആരോപിച്ചു. വിശ്രമമില്ലാതെ രാത്രി 11 മണി വരെ നീളുന്ന കഠിനമായ ജോലിയാണ് ചെയ്യേണ്ടത്. അമിതമായ മാനസിക സമ്മർദ്ദവും അദ്ധ്വാനവും കാരണം തന്‍റെ ശരീരഭാരം കുറയുകയും ആരോഗ്യത്തെ അത് ബാധിക്കുകയും ചെയ്തു.
അവധി ദിവസങ്ങളിൽ പോലും അർദ്ധരാത്രി വരെ ജോലി ചെയ്യേണ്ടി വരുന്നു. തന്‍റെ തൊഴിലുടമയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യം ശാരീരികമായും മാനസികമായും തളർത്തുന്നതാണെന്ന് അവർ കുറിച്ചു. എന്നാൽ, കുറിപ്പിൽ ജോലിക്കാരിയുടെയോ തൊഴിലുടമയുടെയോ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. തനിക്ക് തൊഴിലുടമയെ മാറ്റണമെന്ന് ഉണ്ടെന്നും എന്നാൽ, മുൻപ് കരാർ പൂർത്തിയാക്കാൻ കഴിയാതിരുന്ന മോശം റെക്കോർഡ് ഉള്ളതിനാൽ എന്താണ് ചെയ്യുക എന്നറിയില്ലെന്നും യുവതി പറയുന്നു. എന്നാൽ, സമൂഹ മാധ്യമത്തിൽ യുവതിയുടെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ട പലരും സ്വന്തം ആരോഗ്യവും സുരക്ഷയും മുൻനിർത്തി ഉടൻ തന്നെ ജോലി മാറുന്നതാണ് നല്ലതെന്ന നിർദ്ദേശമാണ് അവർക്ക് നൽകിയത്.