
സക്കറിയയും ഷമായും (Zechariah and Shama’a) വിവാഹിതരായിട്ട് എത്ര വര്‍ഷമായി എന്ന് കേട്ടാല്‍ ആരും ഒന്ന് അമ്പരന്ന് പോകും. 91 വര്‍ഷം. എന്നാൽ, ഇത്രയധികം വർഷം പിന്നിട്ടിട്ടും ഇപ്പോഴും തങ്ങൾ പ്രണയത്തില്‍ തന്നെയാണ് എന്നാണ് ഈ ദമ്പതികൾ പറയുന്നത്. 'ഇതാണ് എന്‍റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തേയും പെണ്ണ്. ഞാനൊരിക്കലും അവളെ തള്ളിക്കളഞ്ഞിട്ടില്ല' എന്നാണ് സക്കറിയ പറയുന്നത്.
അവരിരുവരും ജനിച്ചത് യെമനില്‍ തന്നെയായിരുന്നു. രണ്ടുപേരും അനാഥരും ആയിരുന്നു. സാധാരണയായി അന്ന് അനാഥര്‍ വേഗം തന്നെ വിവാഹം കഴിച്ചിരുന്നു. അത് തങ്ങളുടെ ജൂത കമ്മ്യൂണിറ്റിയിലേക്ക് അവരെ ഉറപ്പിച്ച് നിര്‍ത്തുന്നതിന് കൂടി വേണ്ടിയായിരുന്നു. വിവാഹം കഴിക്കുമ്പോള്‍ ഷമായ്ക്കും സക്കറിയയ്ക്കും പത്തും പന്ത്രണ്ടും വയസായിരുന്നു പ്രായം. ഒരുപാട് കഷ്ടപ്പാടുകളും വേദനകളും ജീവിതത്തില്‍ സഹിച്ചിട്ടുണ്ട് എന്ന് ഷമാ പറയുന്നു, തങ്ങളനുഭവിച്ചതിനേക്കാള്‍ വലിയ വേദനകളൊന്നും ഇല്ലായെന്നും.
അവര്‍ തനിച്ചായിരുന്നു. തനിച്ച് കഷ്ടപ്പെട്ടു. തനിച്ച് ജീവിച്ചു. അവര്‍ക്ക് വീടില്ലായിരുന്നു. അവര്‍ കഴുതാലയങ്ങള്‍ വൃത്തിയാക്കി. അതില്‍ തന്നെ ജീവിച്ചു. 1948 -ലെ ദാരിദ്ര്യവും ആധുനിക ഇസ്രായേൽ പിറവികൊള്ളുന്നതിന് മുമ്പുണ്ടായ ജൂത വിരുദ്ധ വേട്ടയാടലുകളും അവര്‍ അനുഭവിച്ചു. 11 മക്കളാണ് ഇവര്‍ക്ക്. കൊച്ചുമക്കളും അവരുടെ മക്കളുമായി പിന്നെയും ഏറെപ്പേര്‍. എന്താണ് ഇത്രയും വര്‍ഷത്തെ ഈ പ്രണയജീവിതത്തിന്‍റെ രഹസ്യം എന്ന് ചോദിച്ചാല്‍ സക്കറിയ പറയുന്നത് ഷമായെ നേടാന്‍ തനിക്ക് ഭാഗ്യമുണ്ടായി എന്നാണ്. ഈ വര്‍ഷമത്രയും വഴക്കില്ലാതെ സ്നേഹത്തോടെ കഴിയാന്‍ തങ്ങള്‍ക്കായി എന്ന് ഷമായും പറയുന്നു.