കൂട്ടുകൂടിക്കോ, പക്ഷേ വീഡിയോ കാണിക്കരുത്; ചിമ്പാൻസി കുഞ്ഞിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ മൃഗശാല

Published : Sep 15, 2025, 02:16 PM IST
Ding Ding baby chimp, Shanghai Wildlife Park

Synopsis

ഷാങ്ഹായ് വൈൽഡ് ലൈഫ് പാർക്കിലെ ഡിങ് ഡിങ് എന്ന ചിമ്പാൻസിയുടെ മൊബൈൽ അഡിക്ഷൻ ചർച്ചയാകുന്നു. സന്ദർശകർ മൊബൈൽ വീഡിയോകൾ കാണിക്കുന്നത് അവന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൃഗശാല അധികൃതർ വിലക്ക് ഏർപ്പെടുത്തി.

 

ഷാങ്ഹായ് വൈൽഡ് ലൈഫ് പാർക്കിലെ ഡിങ് ഡിങ് എന്ന രണ്ട് വയസ്സുള്ള ചിമ്പാൻസി ഇന്ന് ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ താരമാണ്. നിഷ്കളങ്കമായ ഭാവങ്ങളും, കളിയും ചിരിയും, മനുഷ്യനെപ്പോലെയുള്ള സ്വഭാവങ്ങളുമെല്ലാം അവനെ സന്ദർശകരുടെ പ്രിയങ്കരനാക്കി മാറ്റുന്നു. കാഴ്ചക്കാർ അവന്‍റെ കുസൃതികൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിരവധി ആരാധകരെയാണ് ഡിങ് ഡിങിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.

കാഴ്ചക്കാരുടെ കണ്ണിലുണ്ണി

കുട്ടികളെപ്പോലെ കാൽമുട്ടുകൾ മടക്കി വെച്ച് പാൽ കുടിക്കുക, തന്നെ പരിചരിക്കുന്ന ആളുടെ കൈകളിൽ നാണം കുണുങ്ങി ഒളിക്കുക, പൂക്കൾ മോഷ്ടിച്ച് അതിന്‍റെ ഇതളുകൾ കൗതുകത്തോടെ ചവയ്ക്കുക എന്നിവയെല്ലാം ഡിങ് ഡിങ്ങിന്‍റെ ഇഷ്ട വിനോദങ്ങളാണ്. അവന്‍റെ ഈ മനോഹര നിമിഷങ്ങളാണ് മൃഗശാലയിലും ചൈനയിലെ സമൂഹ മാധ്യമങ്ങളിലും അവനെ താരമാക്കിയത്. പലപ്പോഴും ചിമ്പാൻസി കുഞ്ഞിനെ കാണാൻ എത്തുന്ന സന്ദർശകർ അവന്‍റെ താമസസ്ഥാലത്തിന് അരികിലേക്ക് ചെന്ന് നിന്ന് മൊബൈൽ ഫോൺ വീഡിയോകൾ കാണിക്കുന്നത് പതിവായിരുന്നു. എന്നാൽ, ഇപ്പോൾ ഡിങ്ങിനെ മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്നും രക്ഷിക്കാനും ആരോഗ്യം ഉറപ്പാക്കാനുമായി മൃഗശാല അധികൃതർ പുതിയൊരു നിയമം കൊണ്ടുവന്നിരിക്കുകയാണ്.

മൊബൈൽ അഡിക്ഷൻ

സന്ദർശകർ കാണിക്കുന്ന മൊബൈൽ വീഡിയോകൾ ഡിങ് ഡിങിന് മൊബൈൽ അഡിക്ഷൻ ഉണ്ടാക്കുമെന്നതിനാല്‍ അവനെ മൊബൈൽ ഫോണിൽ വീഡിയോകൾ കാണിക്കുന്നതിൽ നിന്നും സന്ദർശകർ പിന്മാറണമെന്ന് മൃഗശാല അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. മൊബൈൽ സ്ക്രീനിലേക്ക് തുറിച്ചുനോക്കുന്ന അവന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അവന്‍റെ ഈ പ്രതികരണം പലർക്കും കൗതുകമുണ്ടാക്കിയെങ്കിലും, മൃഗശാല അധികൃതർക്ക് ആശങ്കയാണ് ഉണ്ടാക്കിയത്. അധിക സമയം സ്ക്രീനിൽ നോക്കുന്നത് അവന്‍റെ കണ്ണിന് ദോഷകരമാവുകയും മാനസിക സമ്മർദ്ദമുണ്ടാക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

 

 

മുന്നറിയിപ്പും പിന്തുണയും

സെപ്റ്റംബറിൽ മൃഗശാല ഇതിൽ ഒരു തീരുമാനമെടുത്തു. അവന്‍റെ കൂട്ടിന് പുറത്ത് ഒരു നോട്ടീസ് പ്രത്യക്ഷപ്പെട്ടു. അതിൽ മൊബൈൽ ഫോണിന്‍റെ ചിത്രവും ഒരു വലിയ ചുവപ്പ് ക്രോസ് മാർക്കും വെച്ച് ഈ കുഞ്ഞ് ചിമ്പാൻസിക്ക് ആരും വീഡിയോകൾ കാണിക്കരുതെന്ന് എഴുതിയിരുന്നു. അവന്‍റെ കാഴ്ചയും മാനസികാരോഗ്യവും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ വിലക്കെന്നും പാർക്ക് അധികൃതർ വ്യക്തമാക്കി. ഇതിന് പിഴയോ മറ്റ് ശിക്ഷകളോ ഇല്ല, പകരം സഹകരിക്കാനുള്ള ഒരു അഭ്യർത്ഥന മാത്രമാണ് മൃഗശാലാ അധികൃതർ നടത്തിയത്. മൊബൈൽ ഫോൺ ഉപയോഗിച്ച് അവനെ രസിപ്പിക്കുന്നതിനേക്കാൾ അവന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് ആളുകൾ മനസ്സിലാക്കണമെന്നും മൃഗശാല അധികൃതർ കൂട്ടിച്ചേര്‍ത്തു. ഏതായാലും സമൂഹ മാധ്യമങ്ങളിൽ മൃഗശാലയുടെ നീക്കത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി
രാത്രി അഴുക്കുചാലിൽ നിന്നും അവ്യക്തമായ ശബ്ദം, നിലവിളി, ഡെലിവറി ഏജന്റുമാരായ യുവാക്കളുടെ ഇടപെടലിൽ കുട്ടികൾക്ക് പുതുജീവൻ