എന്തെല്ലാം തരം മനുഷ്യർ, എന്തൊരു ക്രൂരത, കടുവയുടെ രോമം പറിച്ചെടുത്ത് സന്ദർശകർ, ദുരാത്മാവിനെ അകറ്റുമെന്നും വിശ്വാസം

Published : Jun 16, 2025, 09:30 AM IST
Tiger

Synopsis

'കടുവയുടെ രോമം തിന്മയെ അകറ്റി നിർത്തുകയും വീടിനെ സംരക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നമുക്ക് കൂടുതൽ രോമങ്ങൾ പറിച്ചെടുക്കാം' എന്ന് വീഡിയോയിൽ ഒരു സ്ത്രീ പറയുന്നത് കേൾക്കാമായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

മൃ​ഗങ്ങളെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്ന മനുഷ്യർ എല്ലായിടത്തും ഉണ്ട്. അതുപോലെ, ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി തീർന്നിരിക്കുകയാണ് ഇവിടെ ഒരു മൃ​ഗശാലയിൽ നടന്ന ചില സംഭവങ്ങൾ. മൃ​ഗശാലയിൽ വിശ്രമിക്കുക​യായിരുന്ന കടുവയുടെ രോമങ്ങൾ ഒരുകൂട്ടം സന്ദർശകർ പിഴുതെടുക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ചൈനയിലെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനങ്ങളാണ് ഇതിനുനേരെ ഉയരുന്നത്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വടക്കുകിഴക്കൻ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ഒരു മൃഗശാലയിലാണ് സംഭവം നടന്നത്. ജൂൺ 8 -നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ, വിശ്രമിക്കുന്ന ഒരു കടുവയുടെ വയറ്റിൽ നിന്നും വാലിൽ നിന്നും ആളുകൾ രോമങ്ങൾ പറിച്ചെടുക്കുന്നതാണ് കാണുന്നത്. ഇവിടെ സാധാരണയായി കടുവകൾ വിശ്രമിക്കാറുള്ള ടണലിന് മുകളിൽ വിശ്രമിച്ചു കൊണ്ടിരുന്ന കടുവയുടെ ദേഹത്തെ രോമങ്ങളാണ് ഇവർ പറിച്ചെടുക്കുന്നത്.

'കടുവയുടെ രോമം തിന്മയെ അകറ്റി നിർത്തുകയും വീടിനെ സംരക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നമുക്ക് കൂടുതൽ രോമങ്ങൾ പറിച്ചെടുക്കാം' എന്ന് വീഡിയോയിൽ ഒരു സ്ത്രീ പറയുന്നത് കേൾക്കാമായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

മറ്റൊരു സന്ദർശകൻ കടുവയുടെ രോമങ്ങൾ പറിച്ചെടുത്ത ശേഷം അതും കാണിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. 'ഇത് മികച്ച ഒരു സുവനീറാണ്, തികച്ചും സൗജന്യവുമാണ്' എന്നും പറഞ്ഞായിരുന്നു ഇയാൾ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നത്. മറ്റ് ചിലർ കടുവയുടെ രോമങ്ങൾ പറിച്ച് അത് അവരുടെ ബാ​ഗുകളിൽ വയ്ക്കുന്നതാണ് കാണാൻ കഴിയുക.

പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച്, കടുവയെ മൃഗങ്ങളുടെ രാജാവ് ആയിട്ടാണ് കാണുന്നത്. ഒപ്പം ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകവുമാണ്. പുരാതന കാലത്ത്, കടുവകളെ സൈനിക ജനറൽമാരുമായും യുദ്ധദേവന്മാരുമായും ബന്ധപ്പെടുത്തിയിരുന്നു. ഇപ്പോഴും ചിലർ വിശ്വസിക്കുന്നത് കടുവയുടെ രോമം ഭാഗ്യം കൊണ്ടുവരുമെന്നും അത് ദുരാത്മാക്കളെ അകറ്റുമെന്നും, യാത്രയിൽ സംരക്ഷണം ഉറപ്പാക്കുമെന്നും ആണ്.

എന്തായാലും, വീഡിയോ പ്രചരിച്ചതോടെ വലിയ വിമർശനമാണ് കടുവയുടെ രോമം പറിച്ചെടുത്തിരിക്കുന്ന സംഭവത്തിൽ ഉണ്ടായിരിക്കുന്നത്. മൃ​ഗശാല അധികൃതർ പറഞ്ഞത്, മൃ​ഗങ്ങളെ തൊടുന്നത് ഇവിടെ കർശനമായി നിരോധിച്ചിരിക്കുകയാണ്. എന്നാൽ, ഈ ടൂറിസ്റ്റുകളെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല എന്നാണ്.

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?