വീഡിയോ എഡിറ്റിംഗിൽ വിസ്‍മയമൊരുക്കാൻ അഡോബിന്‍റെ പുതിയ ആപ്പ്

Published : Sep 25, 2026, 12:53 PM IST
Adobe CEO

Synopsis

ആൻഡ്രോയിഡ് ഫോണുകൾക്കായി അഡോബി പ്രീമിയർ മൊബൈൽ ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. എഐ അധിഷ്ഠിത ഓഡിയോ സംവിധാനങ്ങൾ, മൾട്ടി-ട്രാക്ക് എഡിറ്റിങ്, 4കെ വീഡിയോ എക്സ്പോർട്ട് തുടങ്ങിയ മികച്ച ഫീച്ചറുകൾ ഇതിലുണ്ട്. ഇന്ത്യൻ ഉപയോക്താക്കൾക്കായി പ്രാദേശിക ഭാഷകളിലുള്ള ക്യാപ്ഷനുകളും ടെംപ്ലേറ്റുകളും ഉടൻ ലഭ്യമാകും.

മൊബൈൽ ഫോണിൽ വീഡിയോ എഡിറ്റിങ് നടത്തുന്നവർക്കായി പുതിയ ആപ്പുമായി അഡോബ്. ആൻഡ്രോയിഡ് ഫോണുകൾക്കായി അഡോബി പ്രീമിയർ മൊബൈൽ ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഐഫോണിൽ നേരത്തെ ലഭ്യമായിരുന്ന ആപ്പാണ് ഇപ്പോൾ ആൻഡ്രോയിഡിലേക്കും എത്തുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാം. ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറിലും ലഭ്യമാണ്. മൾട്ടി-ട്രാക്ക് എഡിറ്റിങ്, 4കെ വീഡിയോ കയറ്റുമതി, എഐ അധിഷ്ഠിത ഓഡിയോ സംവിധാനങ്ങൾ, ഫയർഫ്ലൈ അടിസ്ഥാനമാക്കിയ ജനറേറ്റീവ് എഐ സൗകര്യങ്ങൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

പശ്ചാത്തല ശബ്‍ദം നീക്കം ചെയ്യാൻ എഐ

ആൻഡ്രോയിഡ് പതിപ്പിനൊപ്പം പുതിയ ചില ഫീച്ചറുകളും അഡോബി അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് എൻഹാൻസ് ഓഡിയോ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് റെക്കോർഡിങ്ങുകളിലെ പശ്ചാത്തല ശബ്ദം കുറയ്ക്കാനും ശബ്ദത്തിന്റെ വ്യക്തത വർധിപ്പിക്കാനും ഈ സംവിധാനത്തിന് കഴിയും. അഭിമുഖങ്ങൾ, വോയ്സ് ഓവറുകൾ, സമൂഹമാധ്യമങ്ങൾക്കായുള്ള വീഡിയോകൾ എന്നിവ തിരക്കേറിയതോ ശബ്ദമുള്ളതോ ആയ സാഹചര്യങ്ങളിൽ ചിത്രീകരിക്കുന്നവർക്ക് ഈ ഫീച്ചർ പ്രയോജനപ്പെടുമെന്നാണ് അഡോബി പറയുന്നത്.

ഫോണിൽ തന്നെ മൾട്ടി-ട്രാക്ക് എഡിറ്റിങ്

മൊബൈൽ ഉപയോഗിച്ച് നേരിട്ട് വീഡിയോ ചിത്രീകരിച്ച് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫ്രെയിം കൃത്യതയോടെയുള്ള എഡിറ്റിങ്ങിനൊപ്പം മൾട്ടി-ട്രാക്ക് ടൈംലൈൻ സംവിധാനവും ലഭിക്കും. ഒരേ പ്രോജക്ടിൽ വീഡിയോ, സംഗീതം, വോയ്സ് ഓവർ, ടെക്സ്റ്റ്, വിവിധ എഫക്റ്റുകൾ എന്നിവ ഒരുമിച്ച് ക്രമീകരിക്കാം. ടെംപ്ലേറ്റുകൾ, അഡോബി സ്റ്റോക്ക് വിഭവങ്ങൾ, ഉപയോക്താവിന്റെ സ്വന്തം മീഡിയ ഫയലുകൾ എന്നിവയും ഉപയോഗിക്കാം.

പ്രീമിയർ പ്രോയുടെ ലളിത പതിപ്പല്ല

ഡെസ്ക്ടോപ്പിലെ പ്രീമിയർ പ്രോയുടെ പരിമിതപ്പെടുത്തിയ പതിപ്പ് മാത്രമല്ല പ്രീമിയർ മൊബൈൽ എന്നാണ് അഡോബി വ്യക്തമാക്കുന്നത്. മൊബൈൽ ഫോണിൽ ഉള്ളടക്കം സൃഷ്ടിക്കുന്ന രീതിക്ക് അനുസൃതമായാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. വലിയ സ്ക്രീനിന്റെ സഹായമില്ലാതെ യാത്രയ്ക്കിടയിലും മറ്റും വേഗത്തിൽ വീഡിയോ എഡിറ്റ് ചെയ്ത് പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലാണ് സംവിധാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രീമിയർ പ്രോയിലെ മൾട്ടി-ട്രാക്ക് ടൈംലൈൻ, ഫ്രെയിം കൃത്യതയുള്ള എഡിറ്റിങ് തുടങ്ങിയ സൗകര്യങ്ങൾ മൊബൈൽ സ്ക്രീനിനായി കൂടുതൽ ലളിതവും ഉപയോഗിക്കാൻ എളുപ്പവുമായ രീതിയിൽ മാറ്റിയിട്ടുണ്ട്.

പ്രധാന എഡിറ്റിങ് ഫീച്ചറുകൾ സൗജന്യം

ആൻഡ്രോയിഡിലും ഐഒഎസിലും പ്രീമിയർ മൊബൈൽ ആപ്പ് നിലവിൽ സൗജന്യമായി ഉപയോഗിക്കാം. ഫയർഫ്ലൈ അടിസ്ഥാനമാക്കിയ ജനറേറ്റീവ് ഫിൽ, ഇമേജ്-ടു-വീഡിയോ, സൗണ്ട് എഫക്റ്റുകൾ സൃഷ്ടിക്കൽ തുടങ്ങിയ എഐ സൗകര്യങ്ങളും ആപ്പിലുണ്ട്. എന്നാൽ ചില അധിക ജനറേറ്റീവ് എഐ ഫീച്ചറുകൾക്ക് പ്രത്യേകം നിരക്ക് ഈടാക്കും. അധിക ക്ലൗഡ് സംഭരണത്തിനും പണം നൽകേണ്ടിവരും. അതേസമയം നിർബന്ധിതമായി ലോഗിൻ ചെയ്യുകയോ പണമടച്ച പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെടുകയോ ഇല്ലെന്നാണ് അഡോബി വ്യക്തമാക്കുന്നത്. 4കെ വീഡിയോ കയറ്റുമതിക്ക് അധിക നിരക്ക് ഈടാക്കില്ലെന്നും കമ്പനി പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വരുന്നു

അടുത്ത മാസങ്ങളിൽ പ്രീമിയർ മൊബൈലിലേക്ക് കൂടുതൽ സൗകര്യങ്ങൾ എത്തിക്കാനാണ് അഡോബിയുടെ പദ്ധതി. അഡോബി ഫോണ്ട്സ്, കൂടുതൽ സംഗീത ഓപ്ഷനുകൾ, സംഗീതത്തിന്റെ താളത്തിനനുസരിച്ച് വീഡിയോ സ്വമേധയാ ക്രമീകരിക്കുന്ന ബീറ്റ് ടു സിൻക് തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടും. ഇവ സൗജന്യമായി ഉപയോക്താക്കൾക്ക് ലഭ്യമാക്കാനാണ് പദ്ധതിയെന്ന് അഡോബി അറിയിച്ചു.

ഇന്ത്യൻ ഉപയോക്താക്കൾക്ക് പ്രത്യേക പരിഗണന

ഇന്ത്യൻ ഉള്ളടക്ക സ്രഷ്ടാക്കളെ ലക്ഷ്യമിട്ടും അഡോബി പ്രത്യേക പദ്ധതികൾ ഒരുക്കുന്നുണ്ട്. ഇന്ത്യയിലെ ആഘോഷങ്ങളും ഉത്സവങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രാദേശിക ടെംപ്ലേറ്റുകൾ കൂടുതൽ അവതരിപ്പിക്കും. പ്രാദേശിക ഭാഷകളിലുള്ള ക്യാപ്ഷനുകളും ഘട്ടംഘട്ടമായി അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ആദ്യം ഹിന്ദിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. പിന്നീട് മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കും. ഇന്ത്യൻ ഉപയോക്താക്കളിൽ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ഹിങ്ലിഷ് സബ്‌ടൈറ്റിലുകൾക്കുള്ള പിന്തുണയും അഡോബി പരിഗണിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

അസൂസ് ഇ-ഷോപ്പിൽ സുരക്ഷാ വീഴ്ച; വിവരങ്ങൾ അപകടത്തിലോ?
എഐ മനുഷ്യനെ കീഴടക്കുമോ? ഇലോൺ മസ്‍കിന്‍റെ പുതിയ പ്രവചനം