
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐയുടെ വളർച്ചയെക്കുറിച്ച് പുതിയ പ്രവചനവുമായി ടെക് സംരംഭകൻ ഇലോൺ മസ്ക്. അടുത്ത വർഷം അവസാനത്തോടെ, അല്ലെങ്കിൽ പരമാവധി 2028ഓടെ എഐ എല്ലാ മേഖലകളിലും മനുഷ്യരെ മറികടക്കുന്ന നിലയിലെത്തുമെന്നാണ് മസ്കിന്റെ അവകാശവാദം. എഐ ഗവേഷകനായ ഫ്രാൻസ്വാ ഷൊലെ 2021ൽ എക്സിൽ പങ്കുവെച്ച ഒരു കുറിപ്പിനോടുള്ള പ്രതികരണമായാണ് മസ്ക് ഇക്കാര്യം പറഞ്ഞത്. 10 മുതൽ 20 വർഷത്തിനുള്ളിൽ ശാസ്ത്രത്തിന്റെ വിവിധ മേഖലകളിൽ എഐയും കംപ്യൂട്ടർ സാങ്കേതികവിദ്യയും നിർണായക സ്ഥാനത്തെത്തുമെന്ന് ഷൊലെ അന്ന് പ്രവചിച്ചിരുന്നു.
ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, പുരാവസ്തുശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളെല്ലാം ഭാവിയിൽ അടിസ്ഥാനപരമായി കംപ്യൂട്ടർ ശാസ്ത്രവുമായി കൂടുതൽ ബന്ധപ്പെട്ട മേഖലകളായി മാറുമെന്നായിരുന്നു ഷൊലെയുടെ വാദം. 2000ൽ ഭൂരിഭാഗം കമ്പനികളും ടെക് കമ്പനികളായി മാറുമെന്ന് പറഞ്ഞിരുന്നെങ്കിൽ ആളുകൾ അത് പരിഹസിച്ചേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം വാൾമാർട്ട്, ഫെഡ്എക്സ് പോലുള്ള കമ്പനികളുടെ പ്രവർത്തനങ്ങളിൽ സോഫ്റ്റ്‌വെയർ നിർണായക പങ്കുവഹിക്കുന്ന സ്ഥിതിയാണുള്ളതെന്നും ഷൊലെ വിശദീകരിച്ചു.
2021ലെ തന്റെ പ്രവചനത്തിന് അന്ന് വലിയ വിമർശനം നേരിട്ടിരുന്നെങ്കിലും ഇപ്പോൾ അത് ഓരോ ദിവസവും കൂടുതൽ വ്യക്തമായി യാഥാർഥ്യമാകുന്നതായി തോന്നുന്നുവെന്ന് ഷൊലെ അടുത്തിടെ എക്സിൽ വീണ്ടും കുറിച്ചു. ഇതിന് മറുപടിയായാണ് ഇലോൺ മസ്ക് പ്രവചനം നടത്തിയത്. ഷൊലെയുടെ 10 മുതൽ 20 വർഷം വരെയുള്ള സമയപരിധി പോലും യാഥാസ്ഥിതികമാണെന്നാണ് മസ്‍കിന്റെ അഭിപ്രായം. അടുത്ത വർഷം അവസാനത്തോടെ, അല്ലെങ്കിൽ പരമാവധി 2028ഓടെ എഐ എല്ലാ മേഖലകളെയും മറികടക്കും എന്നാണ് മസ്ക് പറഞ്ഞത്.
ശാസ്ത്രത്തിലെ എല്ലാ മേഖലകളിലും എഐ അനിവാര്യമായ ഉപകരണമായി മാറുക എന്നതാണ് ഷൊലെയുടെ പ്രവചനത്തിന്റെ അർഥമെങ്കിൽ അതിന്റെ തുടക്കം ഇതിനകം തന്നെ കാണാനാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സങ്കീർണമായ വിവരങ്ങൾ വിശകലനം ചെയ്യുക, സിമുലേഷനുകൾ നടത്തുക, മനുഷ്യർക്ക് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള മാതൃകകൾ തിരിച്ചറിയുക തുടങ്ങിയ പ്രവർത്തനങ്ങളിൽ എഐ ഇതിനകം ഉപയോഗിക്കുന്നുണ്ട്. പ്രോട്ടീൻ ഘടനാ പഠനം, പുതിയ വസ്തുക്കളുടെ ഗവേഷണം, കാലാവസ്ഥാ മാതൃക നിർമാണം തുടങ്ങിയ മേഖലകളിലും എഐയുടെ സഹായത്തോടെ മുന്നേറ്റങ്ങൾ നടക്കുന്നുണ്ട്.
എഐയെക്കുറിച്ച് ഇലോൺ മസ്‍ക് നേരത്തെയും നിരവധി സമയപരിധികൾ മുന്നോട്ടുവച്ചിട്ടുണ്ട്. 2017ൽ എഐ 2060ഓടെ മനുഷ്യരെ എല്ലാ മേഖലകളിലും മറികടക്കുമെന്ന പഠനത്തോട് പ്രതികരിച്ച മസ്‍ക്, ഇത് 2030നും 2040നും ഇടയിൽ തന്നെ സംഭവിക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 2024ൽ ഒരു മനുഷ്യന്റെ ബുദ്ധിശേഷിയെ എഐ മറികടക്കുന്നത് 2025 അവസാനത്തോടെ സംഭവിക്കാമെന്നും, അഞ്ച് വർഷത്തിനുള്ളിൽ മനുഷ്യരാശിയുടെ മൊത്തം ബുദ്ധിശേഷിയെയും എഐ മറികടക്കാമെന്നും അദ്ദേഹം പ്രവചിച്ചു. 2026 ജനുവരിയിൽ ദാവോസിൽ നടത്തിയ പ്രസ്‍താവനയിൽ സമയപരിധി വീണ്ടും മുന്നോട്ടുകൊണ്ടുവന്നു. 2026 അവസാനത്തോടെ, അല്ലെങ്കിൽ പരമാവധി 2027ഓടെ എഐ ഏതൊരു മനുഷ്യനേക്കാളും ബുദ്ധിശാലിയാകാമെന്നായിരുന്നു അന്നത്തെ പ്രവചനം. ഇപ്പോൾ ഷൊലെയുടെ കുറിപ്പിനുള്ള മറുപടിയിൽ എല്ലാ മേഖലകളിലും എഐ മികവ് നേടുന്നതിനുള്ള സമയപരിധിയായി 2027 മുതൽ 2028 വരെയാണ് മസ്‍ക് ചൂണ്ടിക്കാട്ടുന്നത്.