എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്

Published : Jan 22, 2026, 10:55 AM IST
China AI

Synopsis

എഐ സാങ്കേതികവിദ്യയിൽ ചൈന അമേരിക്കയെക്കാൾ മാസങ്ങൾ മാത്രമാണ് പിന്നിലാണെന്ന് ഗൂഗിളിന്റെ ഡീപ് മൈൻഡ് തലവൻ ഡെമിസ് ഹസാബിസ്. ഡീപ്‍സീക്ക് പോലുള്ള ചൈനീസ് ലാബുകൾ കുറഞ്ഞ ബജറ്റിൽ മികച്ച മോഡലുകൾ നിർമ്മിക്കുന്നത് ഈ മുന്നേറ്റത്തിന് തെളിവാണെന്ന് അദ്ദേഹം പറയുന്നു.

എഐ സാങ്കേതികവിദ്യയിൽ അമേരിക്കയെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് ചൈന വളരെ പിന്നിലാണ് എന്നായിരുന്നു ആഗോള തലത്തിൽ ഇതുവരെയുണ്ടായിരുന്ന ധാരണ. എന്നാൽ ഗൂഗിളിന്റെ എഐ ലാബായ ഡീപ് മൈൻഡിന്റെ തലവനായ ഡെമിസ് ഹസാബിസിന്റെ പ്രതികരണം ഈ ധാരണയെ അപ്പാടെ മാറ്റി. അടുത്തിടെ നടത്തിയ ഒരു പോഡ്‌കാസ്റ്റിൽ, എഐ മത്സരത്തിൽ ചൈന ഇപ്പോൾ സാങ്കേതിക വിദ്യയിൽ നമ്മൾ വിചാരിച്ചതിലും അടുത്തെത്തി എന്ന് ഹസാബിസ് പ്രസ്‍താവിച്ചു. എഐ മത്സരത്തിൽ ചൈന ഇപ്പോൾ യുഎസിനേക്കാൾ ഏതാനും മാസങ്ങൾ മാത്രമാണ് പിന്നിലെന്നാണ് ഹസാബിസ് വിശ്വസിക്കുന്നത്.

ഏതാനും മാസങ്ങൾക്കുള്ളിൽ ചൈന അമേരിക്കയെ മറികടക്കും

"ദി ടെക് ഡൗൺലോഡ്" എന്ന പുതിയ സിഎൻബിസി പോഡ്‌കാസ്റ്റിൽ ആണ് ഡെമിസ് ഹസാബിസിന്‍റെ ഈ തുറന്നുപറച്ചിൽ. ഏതാനും മാസങ്ങൾക്കകം ചൈനയുടെ എഐ മോഡലുകൾ യുഎസിലെയും പാശ്ചാത്യ രാജ്യങ്ങളിലുമുള്ളവരുടെയും സാങ്കേതിക വിദ്യകളുടെ അടുത്തെത്തും എന്ന് അദ്ദേഹം വ്യക്തമാക്കി. ഒരുപക്ഷേ ഒന്നോ രണ്ടോ വർഷം മുമ്പ് നമ്മൾ സങ്കൽപ്പിച്ചതിലും കൂടുതൽ വേഗത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു. ഡീപ്‍സീക്ക് കളി മാറ്റിമറിച്ചെന്നും ഒരു വർഷം മുമ്പ് ചൈനീസ് ലാബ് ഡീപ്സീക്ക് അതിന്റെ മോഡൽ അവതരിപ്പിച്ചപ്പോൾ അത് ആഗോള വിപണിയിൽ ഒരു കോളിളക്കം സൃഷ്ടിച്ചുവെന്നും ഹസാബിസ് വിശദീകരിച്ചു. കുറഞ്ഞ ബജറ്റും കാലഹരണപ്പെട്ട ചിപ്പുകളും ഉപയോഗിച്ചാണ് ചൈന ഈ മോഡൽ നിർമ്മിച്ചതെന്നും എന്നിട്ടും അതിന്റെ പ്രകടനം അമേരിക്കൻ മോഡലുകളുമായി താരതമ്യപ്പെടുത്താവുന്നതാണെന്നും ഇത് അതിശയിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു. ബൈഡു, ടെൻസെന്റ്, അലിബാബ തുടങ്ങിയ പ്രമുഖ ചൈനീസ് ടെക് കമ്പനികളും മൂൺഷോട്ട് എഐ, സിപു പോലുള്ള സ്റ്റാർട്ടപ്പുകളും വളരെ മികച്ച മോഡലുകൾ വികസിപ്പിച്ചെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ട്രാൻസ്‌ഫോർമറിന്റെ വളർച്ച

അതേസമയം അമേരിക്കയുടെ ഒപ്പമെത്താൻ ശ്രമിക്കുമ്പോഴും ചൈനീസ് കമ്പനികൾ എഐയിൽ മുന്നേറ്റം നടത്താനുള്ള കഴിവ് ഇതുവരെ പ്രകടിപ്പിച്ചിട്ടില്ലെന്നും ഹസാബിസ് പറയുന്നു. ഇന്നത്തെ ചാറ്റ്ജിപിടി, ജെമിനി തുടങ്ങിയ പ്രധാന മോഡലുകളെ അടിസ്ഥാനമാക്കി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലോകത്തിലെ ഒരു പ്രധാന ഗെയിം ചേഞ്ചറായി 2017 ൽ ഗൂഗിൾ വികസിപ്പിച്ചെടുത്ത ട്രാൻസ്‌ഫോർമറുകൾ അദ്ദേഹം ഉദാഹരണമായി ഉദ്ധരിച്ചു. 2017-ൽ ഗൂഗിൾ ഗവേഷകർ നടത്തിയ ഒരു ശാസ്ത്രീയ കണ്ടുപിടുത്തമായിരുന്നു ട്രാൻസ്‌ഫോർമർ. സമീപ വർഷങ്ങളിൽ ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ഗൂഗിളിന്റെ ജെമിനി എന്നിവയുൾപ്പെടെയുള്ള എഐ ലാബുകൾ ഇതിനെ അടിസ്ഥാനമാക്കിയുള്ള വലിയ ഭാഷാ മോഡലുകൾ നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ചൈനീസ് വളർച്ചയിൽ അമ്പരന്ന് എൻവിഡിയ സിഇഒയും

എഐ മത്സരത്തിൽ യുഎസ് അത്ര മുന്നിൽ അല്ല എന്ന് കഴിഞ്ഞ വർഷം എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്ങും തുറന്നുപറഞ്ഞിരുന്നു. ചിപ്പുകളിൽ അമേരിക്ക മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളിലും എഐ മോഡലുകളിലും ചൈന യുഎസിനോട് വളരെ അടുത്താണെന്നും ഹുവാങ് പറഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?