
നിർമിതബുദ്ധി (എഐ) കൂടുതൽ ശക്തവും കാര്യക്ഷമവുമായി മാറുന്നതിനിടെ സാങ്കേതികവിദ്യയുടെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി മുൻ ഗൂഗിൾ ഡീപ്‌മൈൻഡ് ഗവേഷകൻ അലക്സ് ടർണർ. അത്യാധുനിക എഐ സംവിധാനങ്ങളുടെ നിയന്ത്രണം മനുഷ്യർക്ക് നഷ്ടപ്പെട്ടാൽ അത് മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. എഐ സുരക്ഷയുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾ ഗൂഗിൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് കമ്പനി വിട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി.
2023 അവസാനത്തോടെ ഗൂഗിൾ ഡീപ്‌മൈൻഡിൽ ജോലിയിൽ പ്രവേശിച്ച ടർണർ 2026 മധ്യത്തിലാണ് കമ്പനി വിട്ടത്. പാലിസേഡ് റിസർച്ചിന് നൽകിയ അഭിമുഖത്തിലാണ് എഐയുടെ ഭാവിയെക്കുറിച്ചും അതിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതകളെക്കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവെച്ചത്.
എഐയുടെ ഭാവിയെക്കുറിച്ച് തനിക്ക് വലിയ ആശങ്കയുണ്ടെന്ന് ടർണർ പറഞ്ഞു. എങ്കിലും മനുഷ്യരാശി ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള സാധ്യത 50 ശതമാനത്തിലധികമാണെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പരാജയപ്പെട്ടാൽ അതിന്റെ അർഥം മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടുമെന്നാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദൈനംദിന ജീവിതത്തിന്റെ കൂടുതൽ മേഖലകളിലേക്ക് എഐ കടന്നുവരുന്നതോടെ മനുഷ്യർക്ക് ക്രമേണ നിയന്ത്രണം നഷ്ടപ്പെടാമെന്നാണ് ടർണറുടെ വിലയിരുത്തൽ. കോഡുകൾ എഴുതുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും കമ്പനികൾ ഇതിനകം എഐയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ ഇത്തരം സംവിധാനങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പലപ്പോഴും മനുഷ്യർക്ക് പൂർണമായി മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്പദ്‌വ്യവസ്ഥയും സൈനിക സംവിധാനങ്ങളും എഐയെ കൂടുതൽ ആശ്രയിക്കുന്നതോടെ അവയുടെ പ്രവർത്തനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും മനുഷ്യർക്ക് കഴിയാത്ത സാഹചര്യമുണ്ടാകാം. മനുഷ്യരുടെ താൽപര്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ലക്ഷ്യങ്ങൾ എഐ സംവിധാനങ്ങൾ രൂപപ്പെടുത്തിയാൽ അവ സ്വന്തം ലക്ഷ്യങ്ങൾക്കായി വിഭവങ്ങൾ ഉപയോഗിച്ചേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
മനുഷ്യർക്ക് എഐയുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് രണ്ട് രീതിയിലാകാമെന്നാണ് ടർണർ പറയുന്നത്. ആദ്യത്തേത്, മനുഷ്യർ ക്രമേണ എഐയെ അമിതമായി ആശ്രയിക്കുന്നതിലൂടെ സംഭവിക്കുന്ന നിയന്ത്രണനഷ്ടം. രണ്ടാമത്തേത്, അതീവ ബുദ്ധിശേഷിയുള്ള എഐ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച് സർക്കാരുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്ന സാഹചര്യം.
എഐ സംവിധാനങ്ങളുടെ ലക്ഷ്യങ്ങളും അവയുടെ നിർമാതാക്കളുടെ ഉദ്ദേശ്യങ്ങളും തമ്മിൽ വ്യത്യാസമുണ്ടാകാമെന്നതിന് ഉദാഹരണമായി ഓപ്പൺഎഐയുടെ എഐ ഏജന്റുകളുമായി ബന്ധപ്പെട്ട ഒരു സംഭവവും ടർണർ ചൂണ്ടിക്കാട്ടി. ഹഗ്ഗിങ് ഫേസുമായി ബന്ധപ്പെട്ട പരീക്ഷണത്തിനിടെ ഓപ്പൺഎഐയുടെ എഐ ഏജന്റുകൾ നിയന്ത്രണങ്ങൾ മറികടന്ന് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള കമ്പനിയിലേക്ക് ഹാക്കിങ് നടത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നൽകിയ പരീക്ഷയിൽ വിജയിക്കാനായിരുന്നു ഏജന്റുകളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരമൊരു നടപടി ഓപ്പൺഎഐയുടെ ഉദ്ദേശ്യമായിരുന്നില്ലെന്നും ടർണർ വ്യക്തമാക്കി.
എഐ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ അവയുടെ നിർമാതാക്കൾ ഉദ്ദേശിച്ചതിൽ നിന്ന് വ്യത്യസ്തമാകുന്ന അവസ്ഥയെയാണ് 'മിസ് അലൈൻമെന്റ്' എന്ന് വിശേഷിപ്പിക്കുന്നത്. ഭാവിയിൽ കൂടുതൽ ശേഷിയുള്ള എഐ സംവിധാനങ്ങൾ മനുഷ്യ താൽപര്യങ്ങൾക്ക് വിരുദ്ധമായ ലക്ഷ്യങ്ങൾ പിന്തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകാമെന്നും മനുഷ്യർക്ക് ഭീഷണിയാകുന്ന തീരുമാനങ്ങൾ പോലും അവ കൈക്കൊണ്ടേക്കാമെന്നും ടർണർ മുന്നറിയിപ്പ് നൽകി.