ഓപ്പൺഎഐയിൽ നിന്ന് കോടികളുടെ ശമ്പള വാഗ്ദാനം ലഭിച്ച ഒരു സോഫ്റ്റ്‌വെയർ എൻജിനീയറുടെ ആശയക്കുഴപ്പമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നിലവിൽ സ്നാപ്പിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് സാൻഫ്രാൻസിസ്കോയിലേക്ക് മാറുന്നതിലെ ബുദ്ധിമുട്ടുകളാണ് ആശങ്കയുണ്ടാക്കുന്നത്. എഐയുടെ വളർച്ച തൊഴിൽ മേഖലയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും ചർച്ചകൾ സജീവമാണ്.

ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺഎഐയിൽ നിന്ന് കോടികളുടെ ശമ്പളവും ഓഹരി പങ്കാളിത്തവും ഉൾപ്പെടുന്ന ജോലി വാഗ്ദാനം ലഭിച്ച സോഫ്റ്റ്‌വെയർ എൻജിനീയർ ചർച്ചയാകുന്നു. വാർഷിക അടിസ്ഥാന ശമ്പളമായി ഏകദേശം 3.5 കോടി രൂപയും നാല് വർഷത്തിനുള്ളിൽ ഏകദേശം 26 കോടി രൂപയുടെ ഓഹരികളുമാണ് വാഗ്ദാനം. എന്നാൽ നിലവിൽ ജോലി ചെയ്യുന്ന സ്നാപ്പ് എന്ന കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഓപ്പൺഎഐയിൽ ചേരണമോ എന്ന ആശയക്കുഴപ്പത്തിലാണ് എൻജിനീയർ. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ പരിഹാസവും ചർച്ചകളും സജീവമായത്.

കോടികളുടെ ഓഫർ, എന്നിട്ടും ആശയക്കുഴപ്പം

അജ്ഞാതമായി തൊഴിൽപരമായ അനുഭവങ്ങൾ പങ്കുവെക്കാവുന്ന ബ്ലൈൻഡ് എന്ന പ്ലാറ്റ്ഫോമിലാണ് എൻജിനീയർ തന്റെ അനുഭവം പങ്കുവെച്ചത്. പിന്നീട് ഈ കുറിപ്പ് എക്സിലും പ്രചരിച്ചതോടെ നിരവധി പേർ പ്രതികരണങ്ങളുമായെത്തി. 'വെറും 3.5 കോടി ശമ്പളവും 26 കോടിയുടെ ഓഹരിയും മാത്രം! ഇത്രയും ബുദ്ധിമുട്ടുള്ള തീരുമാനമെടുക്കേണ്ടി വരുന്ന പാവം കുട്ടി' എന്ന പരിഹാസമാണ് ഒരാൾ പങ്കുവെച്ചത്. 'എന്റെ ഭക്ഷണത്തിലെ വെണ്ണ കുറച്ചധികം മയമുള്ളതാണ്' എന്ന തരത്തിലുള്ള പരിഹാസവും ഉയർന്നു. ഇത്രയധികം സമ്പത്തുള്ളപ്പോൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെടുന്നത് എന്തിനാണെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം.

ആന്ത്രോപിക്കിലും അഭിമുഖം നടത്തി

ഓപ്പൺഎഐയിൽ നിന്ന് ഓഫർ ലഭിക്കുന്നതിന് മുമ്പ് എൻജിനീയർ ആന്ത്രോപിക്കിലും ജോലി അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഒരു കോഡിങ് റൗണ്ടിൽ പരാജയപ്പെട്ടതോടെ ജോലി ലഭിച്ചില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. മറ്റ് അഭിമുഖങ്ങളെല്ലാം മികച്ച രീതിയിൽ പൂർത്തിയാക്കിയെങ്കിലും ഒരു ഘട്ടത്തിലെ പരാജയം അവസരം നഷ്ടപ്പെടുത്തിയെന്നാണ് വിശദീകരണം. അതേസമയം, ചില അഭിമുഖ റൗണ്ടുകളിലെ പ്രകടനം പ്രതീക്ഷിച്ചതിലും താഴെയായിരുന്നിട്ടും ഓപ്പൺഎഐ സ്റ്റാഫ് തലത്തിലുള്ള പദവിയാണ് വാഗ്ദാനം ചെയ്തത്.

സ്‍നാപ്പിലെ ശമ്പളം ഓപ്പൺഎഐയേക്കാൾ കൂടുതൽ

നിലവിൽ സ്‍നാപ്പിൽ നിന്ന് പ്രതിവർഷം ഏകദേശം 5.3 കോടി രൂപയാണ് ലഭിക്കുന്നതെന്നാണ് എൻജിനീയറുടെ അവകാശവാദം. കമ്പനിയുടെ നിലവിലെ ഓഹരി വില അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. ഭാര്യയ്ക്ക് മാധ്യമമേഖലയിൽ ജോലി ചെയ്ത് ഏകദേശം 1.1 കോടി രൂപ വാർഷിക വരുമാനമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഓപ്പൺഎഐയുടെ ഓഫർ സ്വീകരിച്ചാൽ ലോസ് ആഞ്ചലസിൽ നിന്നു സാൻഫ്രാൻസിസ്കോയിലേക്ക് കുടുംബസമേതം താമസം മാറേണ്ടിവരും. നിലവിൽ സ്നാപ്പിൽ ലഭിക്കുന്ന വിദൂര ജോലി സൗകര്യവും ഉപേക്ഷിക്കണം. 2021 മുതൽ പ്രത്യേക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഈ സൗകര്യം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പൺഎഐയുടെ നിലവിലെ മൂല്യനിർണയത്തിൽ കമ്പനിയിൽ ചേരുന്നത് എത്രത്തോളം ഉചിതമാണെന്ന കാര്യത്തിലും ആശങ്കയുണ്ടെന്നാണ് എൻജിനീയറുടെ വെളിപ്പെടുത്തൽ.

എഐ എല്ലാവരെയും സമ്പന്നരാക്കുമോ?

അതിനിടെ, എഐ കമ്പനികൾ ജീവനക്കാർക്ക് നൽകുന്ന ഭീമമായ പ്രതിഫലത്തെക്കുറിച്ചുള്ള ചർച്ചകൾക്കൊപ്പം നിർമിതബുദ്ധി സമ്പദ്‌വ്യവസ്ഥയെ എങ്ങനെ മാറ്റുമെന്ന ചോദ്യവും ഉയരുന്നുണ്ട്. മുൻ ഓപ്പൺഎഐ ഗവേഷകൻ വിൽ ഡിപ്യൂ ഇതുസംബന്ധിച്ച് സോൺ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭാവിയിലെ തൊഴിൽസാധ്യതകളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ചു.

ഭാവിയിൽ എഐയും അത്യാധുനിക നിർമിതബുദ്ധി സംവിധാനങ്ങളും ഭൂരിഭാഗം ജോലികളും ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകാമെന്നാണ് ഡിപ്യൂയുടെ വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ പരമ്പരാഗത ജോലികൾക്ക് പ്രസക്തി കുറയുകയും പകരം എല്ലാവർക്കും ഉയർന്ന വരുമാനം ഉറപ്പാക്കുന്ന സംവിധാനങ്ങൾ രൂപപ്പെടുകയും ചെയ്യാം.

എന്നാൽ എഐയുടെ വളർച്ചയിലൂടെ ഉണ്ടാകുന്ന സമ്പത്ത് ഏതാനും കമ്പനികളിലോ വ്യക്തികളിലോ മാത്രം ഒതുങ്ങരുതെന്നും സർക്കാരുകൾ ഇടപെട്ട് അതിന്റെ നേട്ടം എല്ലാവരിലേക്കും എത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിൽ നഷ്ടപ്പെടുന്നവരെ സംരക്ഷിക്കുന്നതിനൊപ്പം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മികച്ച സൗകര്യങ്ങൾ ഉറപ്പാക്കാനും സാങ്കേതികവിദ്യയുടെ വളർച്ച സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യയുടെ അതിവേഗ സാമ്പത്തിക വളർച്ചയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ഡിപ്യൂ, സാമ്പത്തിക വളർച്ച ദാരിദ്ര്യം കുറയ്ക്കുന്നതിൽ നിർണായകമാണെന്നും അഭിപ്രായപ്പെട്ടു. എഐ തൊഴിൽമേഖലയിൽ മാറ്റങ്ങൾ സൃഷ്ടിക്കുമ്പോൾ സമ്പന്ന രാജ്യങ്ങളിലെ ചിലർക്ക് ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉണ്ടായേക്കാമെങ്കിലും സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.