Cloudflare Down : ക്ലൗഡ്ഫ്ലെയർ പണിമുടക്കിയതോടെ പെട്ടുപോയത് നിരവധി വെബ്സൈറ്റുകൾ

By Web TeamFirst Published Jun 21, 2022, 7:23 PM IST
Highlights

ഡിസ്കോർഡ്, കാൻവ, നോർഡ്‍‌വിപിഎൻ എന്നിവയുൾപ്പെടെയുള്ള സേവനങ്ങളാണ് പണിമുടക്കിയത്. ഊക്‌ലയുടെ ഡൗൺഡിറ്റക്ടറിൽ നിന്ന് പണിമുടക്കിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ലണ്ടന്‍: കണ്ടെന്റ് ഡെലിവറി നെറ്റ്‌വർക്ക് (CDN) സേവനമായ ക്ലൗഡ്ഫ്ലെയർ പണിമുടക്കി (Cloudflare Down). ഇതോടെ നിരവധി വെബ്സൈറ്റുകളുടെ സേവനങ്ങളാണ് നിലച്ചത്.'500 ഇന്റേണൽ സെർവർ എറർ' എന്നാണ് തകരാറിലായ വെബ്സൈറ്റുകൾ കാണിച്ചു തുടങ്ങിയതോടെയാണ് പ്രശ്നം റിപ്പോർട്ട് ചെയതത്. 

ഡിസ്കോർഡ്, കാൻവ, നോർഡ്‍‌വിപിഎൻ എന്നിവയുൾപ്പെടെയുള്ള സേവനങ്ങളാണ് പണിമുടക്കിയത്. ഊക്‌ലയുടെ ഡൗൺഡിറ്റക്ടറിൽ നിന്ന് പണിമുടക്കിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് തകരാറുകൾ ട്രാക്ക് ചെയ്യാൻ സഹായിക്കുന്നതാണ്  ഊക്‌ലയുടെ ഡൗൺഡിറ്റക്ടർ. സമൂഹമാധ്യമങ്ങളിലൂടെ ഉപയോക്താക്കൾ പ്രശ്നത്തെ കുറിച്ച് ചൂണ്ടിക്കാണിച്ചതിനു പിന്നാലെയാണ് ക്ലൗഡ്ഫ്ലെയർ രം​ഗത്തെത്തിയത്. പ്രശ്നങ്ങൾ അം​ഗീകരിച്ച ക്ലൗഡ്ഫ്ലെയർ വൈകാതെ പ്രശ്നം പരിഹരിക്കുകയും ചെയ്തു. 

ഉച്ചയ്ക്ക് 12.04 ന്  "critical P0 incident" റിപ്പോർട്ട് ചെയ്തു എന്നാണ് ക്ലൗഡ്ഫ്ലെയറിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ ഏറ്റവും പുതിയ അപ്‌ഡേറ്റ് വ്യക്തമാക്കുന്നത്. ഇതാണ് ലോകത്താകമാനമുള്ള ക്ലൗഡ്ഫ്ലെയർ നെറ്റ്‌വർക്കിനെ പണിമുടക്കിലാക്കിയത്.  ഈ പ്രശ്നം  ക്ലൗഡ്ഫ്ലെയർ നെറ്റ്‌വർക്കിലെ എല്ലാ ഡേറ്റാ പ്ലെയിൻ സേവനങ്ങളെയും ബാധിച്ചിരുന്നു. ഇതാണ് സിഡിഎൻ ഉപയോഗിക്കുന്ന എല്ലാ വെബ്‌സൈറ്റുകളിലും സേവനങ്ങളിലും 500 എററിന് കാരണമായതെന്ന് ക്ലൗഡ്ഫ്ലെയർ കമ്പനി അറിയിച്ചു. 

പ്രശ്നം റിപ്പോർട്ട് ചെയ്ത ദിവസം  ഉച്ചയ്ക്ക് 12.50ന് തന്നെ പ്രശ്നം പരിഹരിച്ചു എന്നും ക്ലൗഡ്ഫ്ലെയർ വെബ്സൈറ്റിലെ റിപ്പോർട്ടിൽ പറയുന്നുണ്ട്. പരിഹാരത്തിന് ശേഷമുണ്ടായ പ്രശ്നങ്ങൾ ഒഴിവാക്കാനായി ശക്തമായ നിരീക്ഷണമാണ് കമ്പനി നടത്തുന്നത്.  ഡിസ്‌കോർഡ്, കാൻവ, നോർഡ്‌വിപിഎൻ എന്നിവയുൾപ്പെടെയുള്ള ഭൂരിഭാ​ഗം വരുന്ന സേവനങ്ങളെയും ബാധിച്ച തകരാർ ഇതിനോടകം ചർച്ചയായി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് പ്രശ്നം സംബന്ധിച്ച പരാതിയുമായി രംഗത്തെത്തിയത്.  

സേവനങ്ങൾ മാത്രമല്ല ഗെയിമുകളുടെ സെർവറുകളും ഈ പ്രശ്നം കാരണം പ്രവർത്തനരഹിതമായിരുന്നു. വെബ്‌സൈറ്റുകളും സേവനങ്ങളും പഴയ പടിയാകാൻ  കുറച്ച് സമയമെടുത്തെങ്കിലും അന്നേ ദിവസം തന്നെ സർവീസ് പുനഃസ്ഥാപിക്കാൻ കഴിഞ്ഞു എന്ന് കന്പനി ചൂണ്ടിക്കാട്ടുന്നുണ്ട്. 

ലോകത്താകമാനമുള്ള ധാരാളം വെബ്‌സൈറ്റുകൾക്കും സേവനങ്ങൾക്കും സർവീസ് നൽകുന്നതാണ് ക്ലൗഡ്ഫ്ലെയർ സിഡിഎൻ. അകാമൈ, ആമസോൺ ക്ലൗഡ്ഫ്രണ്ട് തുടങ്ങിയ എതിരാളികളെ പിന്തള്ളി ആഗോളതലത്തിൽ തന്നെ സിഡിഎൻ വിപണിയിൽ ക്ലൗഡ്ഫ്ലെയറാണ് മുന്നിലെന്നാണ് വെബ് ടെക്‌നോളജി സർവേ സ്ഥാപനമായ ഡബ്ല്യു3ടെക്‌സിന്റെ റിപ്പോർട്ട്  പറയുന്നത്. 

മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗതയിൽ ആഗോള റാങ്കിംഗിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി

നെറ്റ് ബാങ്കിംഗ് സമയത്ത് സൂക്ഷിച്ചില്ലെങ്കിൽ കാശ് പോവുമെന്ന് എസ്ബിഐ; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

click me!