
ഒരുകോടി രൂപയുടെ ആസ്തിയുണ്ടായിട്ടും സാമ്പത്തികമായി സുരക്ഷിതനാണെന്ന് തോന്നുന്നില്ല. ബെംഗളൂരുവിലെയും മുംബൈയിലെയും ജീവിതച്ചെലവുകൾ താങ്ങാനാകുന്നില്ലെന്ന പരാതിയുമായി ഷെയർചാറ്റിലെ ടെക്കിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. രാജ്യത്തെ ഉയർന്ന ആസ്തിയുള്ളവരുടെ പട്ടികയിൽ ഇടംപിടിക്കാവുന്ന സാമ്പത്തിക നിലയുണ്ടായിട്ടും ജീവിതത്തിൽ സാമ്പത്തിക സമ്മർദം അനുഭവിക്കുകയാണെന്നാണ് ജീവനക്കാരന്റെ വെളിപ്പെടുത്തൽ.
ബ്ലൈൻഡ് എന്ന അജ്ഞാത സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമിലാണ് ഒപിഡബ്ല്യുബിഎൽ28എൽ എന്ന ഉപയോക്തൃനാമത്തിൽ ഷെയർചാറ്റ് ജീവനക്കാരൻ കുറിപ്പ് പങ്കുവെച്ചത്. 'ബെംഗളൂരുവിലോ മുംബൈയിലോ 1 കോടി രൂപയുടെ ആസ്തിയുണ്ടെങ്കിലും പൂർണമായും പണമില്ലാത്ത അവസ്ഥയാണ്' എന്നായിരുന്നു കുറിപ്പിന്റെ തലക്കെട്ട്. ഇന്ത്യയിൽ ഒരുകാലത്ത് 1 കോടി രൂപയുടെ ആസ്തി സ്വന്തമാക്കുന്നത് വലിയ നേട്ടമായി കണക്കാക്കിയിരുന്നു. എന്നാൽ ഈ ലക്ഷ്യം കൈവരിച്ചപ്പോഴാണ് യാഥാർഥ്യം മനസിലായതെന്ന് ജീവനക്കാരൻ പറയുന്നു. പ്രമുഖ നഗരങ്ങളിൽ താമസിക്കാൻ അനുയോജ്യമായ ഒരു 2 ബി എച്ച് കെ ഫ്ലാറ്റിന് കുറഞ്ഞത് 2.5 കോടി രൂപയെങ്കിലും ചെലവാകുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം 1 കോടി രൂപയുടെ ആസ്തി എന്നത് ഒരാൾക്ക് പ്രതിവർഷം 1 കോടി രൂപ ശമ്പളം ലഭിക്കുന്നുവെന്നല്ല. ബാങ്ക് നിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, മറ്റ് സ്വത്തുക്കൾ തുടങ്ങിയവയുടെ ആകെ മൂല്യം കണക്കാക്കിയാണ് നെറ്റ് വർത്ത് അഥവാ ആസ്തിമൂല്യം നിർണയിക്കുന്നത്.
ഇന്ത്യയിലെ ജനസംഖ്യയിൽ ഉയർന്ന സാമ്പത്തിക നിലയിലുള്ള 3 ശതമാനം പേരിൽ ഒരാളായിരിക്കാം താനെന്നും എന്നാൽ ഒരു മെഡിക്കൽ അടിയന്തര സാഹചര്യമോ ജോലി നഷ്ടപ്പെടുന്നതോ സാമ്പത്തിക സമ്മർദത്തിലേക്ക് തിരിച്ചെത്തിക്കുമെന്നും ടെക്കി പറയുന്നു. പ്രതിമാസ ബില്ലുകളെക്കുറിച്ചുള്ള ആശങ്കകൾ അവസാനിക്കാൻ യഥാർഥത്തിൽ എത്ര രൂപയുടെ പണലഭ്യതയാണ് വേണ്ടതെന്നും അദ്ദേഹം മറ്റ് ഉപയോക്താക്കളോട് ചോദിച്ചു.
കുറിപ്പിന് താഴെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി എത്തിയത്. 2.5 കോടി രൂപ ചെലവാക്കാതെ തന്നെ ബെംഗളൂരുവിൽ മികച്ച 2 ബി എച്ച് കെ ഫ്ലാറ്റുകൾ ലഭിക്കുമെന്നായിരുന്നു ഒരാളുടെ പ്രതികരണം. ഏകദേശം 1.5 കോടി രൂപയ്ക്ക് നല്ല ഫ്ലാറ്റുകൾ കണ്ടെത്താൻ കഴിയുമെന്നും ഇയാൾ അഭിപ്രായപ്പെട്ടു. ഇത്രയും ആസ്തിയുണ്ടായിട്ടും ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടില്ലേയെന്ന് മറ്റൊരാൾ ചോദിച്ചു. അതേസമയം, സാമ്പത്തിക ആശങ്കകളില്ലാതെ ജീവിക്കാൻ കുറഞ്ഞത് 5 കോടി രൂപയുടെ ആസ്തിയെങ്കിലും വേണമെന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ അഭിപ്രായം.
ഉയർന്ന ശമ്പളം ലഭിക്കുന്ന ടെക്കികൾക്ക് പോലും നഗരങ്ങളിലെ ജീവിതച്ചെലവ് വലിയ ബാധ്യതയാകുന്നുവെന്നാണ് ഈ ചർച്ച വ്യക്തമാക്കുന്നത്. വാടക, ചികിത്സ, മറ്റ് ജീവിതച്ചെലവുകൾ എന്നിവയ്ക്കൊപ്പം എഐ സേവനങ്ങളുടെ സബ്സ്ക്രിപ്ഷനും അധിക സാമ്പത്തിക ബാധ്യതയാകുന്നുണ്ട്.
അടുത്തിടെ സർവം എഐയിലെ മുൻ ജീവനക്കാരിയായ സ്നേഹ പ്രഭുവും ബെംഗളൂരുവിലെ കൊരമംഗലയിലെ താമസച്ചെലവിനെക്കുറിച്ച് പങ്കുവെച്ചിരുന്നു. തന്റെ താമസസമുച്ചയത്തിലെ വാടകയും ക്ലോഡ് അൾട്രാ സബ്സ്ക്രിപ്ഷന്റെ നിരക്കും ഏകദേശം തുല്യമാണെന്നായിരുന്നു വെളിപ്പെടുത്തൽ. 200 ഡോളർ അഥവാ ഏകദേശം 19,000 രൂപയാണ് ക്ലോഡ് അൾട്രായുടെ പ്രതിമാസ നിരക്ക്. ഉയർന്ന ശമ്പളവും കോടികളുടെ ആസ്തിയും ഉണ്ടായാലും നഗരജീവിതത്തിലെ ചെലവുകൾക്കിടയിൽ സാമ്പത്തിക സുരക്ഷിതത്വം കണ്ടെത്തുക എളുപ്പമല്ലെന്ന ചർച്ചയ്ക്കാണ് ഈ സംഭവം വഴിതുറന്നിരിക്കുന്നത്.