ഫ്രാൻസിലെ രക്തബാങ്കുകളിലും സൈബർ ആക്രമണം; ഫ്രീസറുകളുടെ താപനില 110 ഡിഗ്രിയിലേക്ക് ഉയർത്തി ഹാക്കർമാർ

Published : Nov 06, 2026, 04:35 PM IST
blood bank

Synopsis

യൂറോപ്പിലെ സൂപ്പർമാർക്കറ്റുകൾക്ക് പിന്നാലെ ഫ്രാൻസിലെ രക്തസംഭരണ കേന്ദ്രങ്ങളിലെ ശീതീകരണ സംവിധാനങ്ങളും ഹാക്കർമാർ ലക്ഷ്യമിട്ടു. ഫ്രീസറുകളുടെ താപനില വിദൂരമായി ഉയർത്തി നശിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ സാങ്കേതിക വിദഗ്ധന്റെ സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.

യൂറോപ്പിൽ സൈബർ ആക്രമണങ്ങൾ കൂടുതൽ ഗുരുതരമാകുന്നു. സൂപ്പർമാർക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് പിന്നാലെ ഫ്രാൻസിലെ രക്തസംഭരണ കേന്ദ്രങ്ങളെയും ഹാക്കർമാർ ലക്ഷ്യമിട്ടു. ദേശീയ രക്തദാന ഏജൻസിയായ എറ്റാബ്ലിസ്മെന്റ് ഫ്രാൻസെ ദു സാങിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിലെ ഫ്രീസറുകളുടെ താപനില വിദൂരമായി മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട ഫ്രീസറുകളുടെ താപനില 110 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർത്തിയതായാണ് വിവരം.

രാത്രിയിൽ താപനില ഉയർന്നു; സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

രാത്രികാല ഡ്യൂട്ടിയിലുണ്ടായിരുന്ന സാങ്കേതിക വിദഗ്ധനാണ് ഫ്രീസറുകളിലെ താപനില അസാധാരണമായി ഉയർന്നത് ശ്രദ്ധിച്ചത്. തുടർന്ന് അടിയന്തര സംഘങ്ങൾ ഇടപെട്ടു. ഇതോടെ രക്തസാമ്പിളുകളും ശീതീകരിച്ച പ്ലാസ്മയും നശിക്കുന്നത് ഒഴിവാക്കാനായി. നവംബർ 1നും 2നും ഇടയിലാണ് സൈബർ ആക്രമണം നടന്നത്. സംഭവത്തിൽ ആശുപത്രികളിലേക്കുള്ള രക്തവിതരണത്തെയോ രക്തപ്പകർച്ചാ സേവനങ്ങളെയോ ബാധിച്ചിട്ടില്ലെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമയബന്ധിതമായ ഇടപെടലിലൂടെ സാഹചര്യം നിയന്ത്രണവിധേയമാക്കാനായെന്നും അധികൃതർ വ്യക്തമാക്കി.

700 സൂപ്പർമാർക്കറ്റുകളിലും സമാന ആക്രമണം

ഫ്രാൻസിലെ രക്തസംഭരണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല. യൂറോപ്പിലെ 11 രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളുടെ ശീതീകരണ സംവിധാനങ്ങൾക്കും സമാനമായ സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. ബെൽജിയം, ജർമനി, അയർലൻഡ്, ഇറ്റലി, നെതർലൻഡ്‌സ്, സ്വീഡൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ മാസം ഫ്രാൻസിലെ 700ഓളം സൂപ്പർമാർക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങളുടെ നിയന്ത്രണം ഹാക്കർമാർ കൈക്കലാക്കിയിരുന്നു. മൈനസ് 27 ഡിഗ്രി സെൽഷ്യസിലായിരുന്ന താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർത്തി. ഇതോടെ മാംസം, പാലുൽപ്പന്നങ്ങൾ, ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയുൾപ്പെടെ ടൺകണക്കിന് ഉൽപ്പന്നങ്ങൾ നശിച്ചു. ചില സൂപ്പർമാർക്കറ്റുകൾക്ക് 1.30 ലക്ഷം യൂറോയിലധികം നഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

കൂൾവേൾഡിന്റെ സംവിധാനങ്ങൾ വഴി കടന്നുകയറ്റം

ഇത്തവണ സൂപ്പർമാർക്കറ്റുകളിൽനിന്ന് ജീവൻ രക്ഷിക്കാൻ നിർണായകമായ രക്തശേഖരങ്ങളിലേക്കാണ് ആക്രമണം വ്യാപിച്ചത്. ഫ്രാൻസിന്റെ ദേശീയ രക്തദാന ഏജൻസിക്കായി ശീതീകരണ സംവിധാനങ്ങൾ പരിപാലിക്കുന്ന കരാറുകാരായ കൂൾവേൾഡിന്റെ സംവിധാനങ്ങൾ വഴിയാണ് ഹാക്കർമാർ കടന്നുകയറിയതെന്നാണ് വിവരം. തുടർന്ന് രക്തസംഭരണ യൂണിറ്റുകളുടെ താപനില നിയന്ത്രണ സംവിധാനങ്ങളിൽ മാറ്റം വരുത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ആരോഗ്യപരിശോധനയ്ക്കുള്ള സാധാരണ രക്തസാമ്പിളുകളാണ് ബാധിച്ചതെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ രക്തപ്പകർച്ചയ്ക്കായി ഉപയോഗിക്കുന്ന പ്ലാസ്മയും ഈ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്നതായി പിന്നീട് സ്ഥിരീകരിച്ചു.

ആക്രമണത്തിന് പിന്നിൽ ആര്? എഐ ഉപയോഗിച്ചതിന് തെളിവില്ല

നിർമിതബുദ്ധിയുടെ വളർച്ച സൈബർ ആക്രമണങ്ങൾ കൂടുതൽ എളുപ്പത്തിലും വ്യാപകമായും നടത്താൻ സഹായിക്കുമെന്ന ആശങ്കയും ശക്തമാണ്. ഇന്റർനെറ്റുമായി ബന്ധിപ്പിച്ച ശീതീകരണ നിയന്ത്രണ സംവിധാനങ്ങളിലെ സുരക്ഷാവീഴ്ചകളാണ് ഇത്തരം ആക്രമണങ്ങൾക്ക് വഴിയൊരുക്കുന്നത്. കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറുകളും മതിയായ സുരക്ഷയില്ലാത്ത സംവിധാനങ്ങളും ഹാക്കർമാർക്ക് എളുപ്പത്തിൽ ലക്ഷ്യമിടാൻ കഴിയുന്നവയാണ്. എന്നാൽ ഫ്രാൻസിലെ രക്തസംഭരണ കേന്ദ്രങ്ങൾക്കും സൂപ്പർമാർക്കറ്റുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ നിർമിതബുദ്ധി ഉപയോഗിച്ചതിന് ഇതുവരെ തെളിവുകളില്ല.

ആരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന കാര്യത്തിലും വ്യക്തതയില്ല. ഒരു ഹാക്കിങ് സംഘവും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ടതായും അധികൃതർക്ക് വിവരമില്ല. സാധാരണ ജനജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ പോലും സൈബർ ആക്രമണങ്ങളുടെ ലക്ഷ്യമായി മാറുന്നത് യൂറോപ്പിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇപിഎഫ്ഒയുടെ പുതിയ സേവനം: ഇനി എല്ലാം വാട്‌സ്ആപ്പിൽ!
രാജിവെക്കാൻ ജീവനക്കാർക്ക് പണം വാഗ്‍ദാനം ചെയ്ത് മൈക്രോസോഫ്റ്റ്