കുട്ടികൾക്ക് ഇലോൺ മസ്‌കിന്റെ വമ്പൻ സമ്മാനം

Published : Nov 28, 2026, 11:30 PM IST
Elon Musk Space X

Synopsis

അമേരിക്കയിലെ കുട്ടികൾക്ക് തന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഓഹരികൾ നൽകുമെന്ന പ്രഖ്യാപനം ഇലോൺ മസ്‌ക് വിപുലീകരിച്ചു. ഓരോ കുട്ടിക്കും കമ്പനിയുടെയും തന്റെ വ്യക്തിഗതമായതുമായ രണ്ട് ഓഹരികൾ നൽകാനാണ് തീരുമാനം. ട്രംപ് അക്കൗണ്ടുകൾ വഴിയായിരിക്കും ഈ സമ്മാനം കുട്ടികളിലേക്ക് എത്തുക.

അമേരിക്കയിലെ കുട്ടികൾക്ക് വമ്പൻ സമ്മാനവുമായി ശതകോടീശ്വരൻ ഇലോൺ മസ്‌ക്. രാജ്യത്തെ ഓരോ കുട്ടിക്കും തന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഓഹരികൾ നൽകുമെന്ന പ്രഖ്യാപനം കൂടുതൽ വിപുലീകരിച്ചിരിക്കുകയാണ് അദ്ദേഹം. നേരത്തെ ഓരോ കുട്ടിക്കും ഒരു ഓഹരി നൽകുമെന്നായിരുന്നു വാഗ്ദാനമെങ്കിൽ ഇപ്പോൾ അത് രണ്ടായി ഉയർത്തി. ഇതിൽ ഒരു ഓഹരി സ്പേസ് എക്സും രണ്ടാമത്തേത് മസ്‌ക് വ്യക്തിപരമായും നൽകും. എന്നാൽ രണ്ട് ഓഹരികളും കുട്ടികൾക്ക് ലഭിക്കുക ഒരേ സമയത്തായിരിക്കില്ല.

ആദ്യം കമ്പനിയുടെ ഓഹരി, പിന്നാലെ മസ്‌കിന്റെ സമ്മാനം

ബുധനാഴ്ച എക്സിലൂടെയാണ് മസ്‌ക് പുതിയ പ്രഖ്യാപനം നടത്തിയത്. സ്പേസ് എക്സ് അടുത്ത മാസം തന്നെ ഓരോ കുട്ടിക്കും ഒരു ഓഹരി വീതം കൈമാറും. എന്നാൽ തന്റെ വ്യക്തിഗത ഓഹരി വിതരണം ചെയ്യാൻ 2027 ജൂൺ വരെ കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയിലെ ഓഹരികൾ കൈമാറുന്നതിന് നിലവിലുള്ള ലോക്കപ്പ് കാലാവധി അവസാനിച്ച ശേഷമായിരിക്കും വ്യക്തിഗത ഓഹരി നൽകുക.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നടപ്പാക്കുന്ന കുട്ടികൾക്കായുള്ള സമ്പാദ്യ പദ്ധതിയുടെ ഭാഗമായാണ് സ്പേസ് എക്സിന്റെ നീക്കം. പദ്ധതിയിൽ സജീവമായ ഓരോ ട്രംപ് അക്കൗണ്ടിനും ഒരു പുതിയ ക്ലാസ് എ കോമൺ ഓഹരി വീതം നൽകാനാണ് കമ്പനിയുടെ തീരുമാനം. മസ്‌കിന്റെ വ്യക്തിഗത സംഭാവന കൂടി ചേരുന്നതോടെ കുട്ടികൾക്ക് ലഭിക്കുന്ന ഓഹരികളുടെ എണ്ണം രണ്ടാകും.

ഓഹരികൾ കൈമാറുന്നതിൽ ചില ആശയക്കുഴപ്പങ്ങൾ

മസ്‌കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചില കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിഗത ഓഹരികളും ട്രംപ് അക്കൗണ്ടുകളിലേക്ക് തന്നെയാണോ കൈമാറുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. കുട്ടികൾക്ക് ലഭിക്കുന്ന ഓഹരികൾ വിൽക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകുമോ എന്നതും വ്യക്തമല്ല. കഴിഞ്ഞ മാസവും അമേരിക്കയിലെ ഓരോ കുട്ടിക്കും സ്പേസ് എക്സിന്റെ ഒരു ഓഹരി നൽകാൻ ഉദ്ദേശിക്കുന്നതായി മസ്‌ക് പറഞ്ഞിരുന്നു. ഇപ്പോഴത്തെ പ്രഖ്യാപനത്തോടെ ആ വാഗ്ദാനമാണ് ഇരട്ടിയായത്. സ്പേസ് എക്സ് പ്രസിഡന്റ് ഗ്വിൻ ഷോട്ട്വെല്ലും ഭർത്താവും സമാനമായ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ട്രംപ് പദ്ധതിയുടെ ഭാഗമായ 2 ദശലക്ഷത്തിലധികം കുട്ടികൾക്കായി തങ്ങളുടെ വ്യക്തിഗത ഓഹരികളിൽ നിന്ന് ഒരു വിഹിതം നൽകാനാണ് ദമ്പതികളുടെ തീരുമാനം.

എന്താണ് ട്രംപ് അക്കൗണ്ടുകൾ?

2025ലെ വർക്കിങ് ഫാമിലീസ് ടാക്സ് കട്ട്സ് നിയമത്തിന്റെ ഭാഗമായി രൂപീകരിച്ച സമ്പാദ്യ-നിക്ഷേപ പദ്ധതിയാണ് ട്രംപ് അക്കൗണ്ടുകൾ. കുട്ടികളുടെ പേരിലാണ് അക്കൗണ്ടുകൾ ആരംഭിക്കുന്നത്. എന്നാൽ കുട്ടികൾക്ക് 18 വയസ്സ് തികയുന്നതുവരെ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ ആയിരിക്കും അക്കൗണ്ടിന്റെ നിയന്ത്രണം. ഭാവിയിലേക്കുള്ള നിക്ഷേപ സമ്പാദ്യം കെട്ടിപ്പടുക്കാൻ കുട്ടികളെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്പേസ് എക്സിന്റെ ഓഹരികൾ കൂടി ഈ അക്കൗണ്ടുകളിലേക്ക് എത്തുന്നതോടെ സ്വകാര്യ ബഹിരാകാശ കമ്പനിയിൽ നേരിട്ട് നിക്ഷേപമുള്ളവരായി അർഹരായ കുട്ടികൾ മാറും.

PREV
Read more Articles on
click me!

Recommended Stories

ആന്ത്രോപിക് പ്രതിഭകൾ ഓപ്പൺഎഐയിലേക്ക്: എഐ ലോകത്തെ രഹസ്യം
എഐ വന്നതോടെ ജോലിഭാരം കൂടിയോ? രഹസ്യം പറഞ്ഞ് ശ്രീധർ വെമ്പു