
വമ്പൻ ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ച് യാതൊരു മുൻപരിചയവുമില്ലാത്ത തൊഴിൽ സ്വീകരിച്ച് വിജയിക്കുന്നവരുടെ കഥകൾ കേട്ടിട്ടില്ലേ? അങ്ങനൊരു യുവതിയുടെ കഥയാണ് ഇപ്പോൾ ടെക്ക് ലോകത്ത് വൈറലാകുന്നത്. ലോകത്തെ ഏറ്റവും വലിയ ടെക്ക് കമ്പനികളിലൊന്നായ ഗൂഗിളിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച്, ചിത്രരചനയിൽ ഒരു മുൻപരിചയവുമില്ലാതെ പുതിയ ജീവിതം തിരഞ്ഞെടുത്ത സാറ വിൽചിൻസ്‍ക എന്ന സോഫ്റ്റ്‌വെയർ എൻജിനീയറുടെ കഥയാണിത്. ഗൂഗിളിൽ രണ്ട് തവണ സ്ഥാനക്കയറ്റം നേടിയിട്ടും ജോലി തനിക്ക് സംതൃപ്‍തി നൽകുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സാറ വിൽചിൻസ്‍ക കോർപ്പറേറ്റ് ജീവിതത്തോട് വിടപറഞ്ഞത്. നിലവിൽ സ്വന്തം ആർട്ട് സ്റ്റുഡിയോ നടത്തി വാട്ടർകളർ ചിത്രങ്ങളിലൂടെ പുതിയ ജീവിതം കെട്ടിപ്പടുക്കുകയാണ് ഇപ്പോൾ അവർ.
പോളണ്ടിലെ വാർസോയിൽ ജനിച്ച സാറ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ലണ്ടനിലേക്ക് പോയത്. അവിടെ ഒരു നിക്ഷേപ ബാങ്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ആരംഭിച്ചു. തുടർന്ന് 2015-ൽ ഗൂഗിളിന്റെ സൂറിച്ച് ഓഫീസിൽ ചേർന്ന അവർ പിന്നീട് ന്യൂയോർക്കിലേക്ക് മാറി കമ്പനിയുടെ സെർച്ച് ന്യൂസ് വിഭാഗത്തിൽ പ്രവർത്തിച്ചു. മികച്ച ശമ്പളം, ഓഹരി ആനുകൂല്യങ്ങൾ, ഇഷ്ടാനുസൃത ജോലി സമയം, ആരോഗ്യപരമായ ആനുകൂല്യങ്ങൾ തുടങ്ങി പല നേട്ടങ്ങളും ഗൂഗിളിൽ ലഭിച്ചിരുന്നെങ്കിലും കാലക്രമേണ ജോലിയിൽ താൽപര്യം കുറഞ്ഞതായി സാറ പറയുന്നു.
കൊവിഡ് കാലത്ത് പങ്കാളിക്കൊപ്പം സാൻ ഡിയാഗോയിലേക്ക് താമസം മാറിയതോടെയാണ് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയത്. കടൽത്തീരങ്ങളും മലനിരകളും പ്രകൃതിയും നിറഞ്ഞ അന്തരീക്ഷം തിരക്കേറിയ കോർപ്പറേറ്റ് ജീവിതത്തിൽ നിന്ന് അൽപനേരം മാറിനിൽക്കാൻ സഹായിച്ചു. ജോലി സമയം കുറയ്ക്കുക, പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക തുടങ്ങിയ മാറ്റങ്ങൾ പരീക്ഷിച്ചെങ്കിലും മനസ്സിലെ ശൂന്യത മാറിയില്ല. ഒടുവിൽ 2022 അവസാനത്തോടെ ഗൂഗിളിലെ ജോലി രാജിവയ്ക്കാൻ അവർ തീരുമാനിച്ചു.
സാറ ജോലി രാജിവച്ചതിന് പിന്നാലെ പങ്കാളിക്കും ജോലി നഷ്ടമായി. തുടർന്ന് സാൻ ഡിയാഗോയിലെ വീട് വാടകയ്ക്ക് നൽകി ഇരുവരും തെക്കുകിഴക്കൻ ഏഷ്യയിലേക്ക് യാത്ര തിരിച്ചു. ഓസ്ട്രേലിയയും ന്യൂസിലൻഡും സന്ദർശിച്ച ശേഷം തായ്‌ലൻഡിലെ കോ താവോ ദ്വീപിൽ ആറുമാസം ചെലവഴിച്ചതാണ് സാറയുടെ ജീവിതത്തിലെ വഴിത്തിരിവായത്. മുൻപരിചയമൊന്നുമില്ലാതെയാണ് അവർ വാട്ടർകളർ ചിത്രരചന പരീക്ഷിച്ചത്. ഓൺലൈൻ ക്ലാസുകളിലൂടെ ചിത്രരചന പഠിച്ച സാറ ദ്വീപിലെ പഴക്കടകൾ, ഗ്രാമവീഥികൾ, പ്രകൃതി ദൃശ്യങ്ങൾ എന്നിവ ക്യാൻവാസിലേക്ക് പകർത്തി.
താൻ വരച്ച ചിത്രങ്ങൾ സാമൂഹികമാധ്യമ കൂട്ടായ്മകളിൽ പങ്കുവച്ചപ്പോൾ പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ലഭിച്ചത്. നിരവധി പേർ ചിത്രങ്ങൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു. ദ്വീപിന്റെ ഓർമകൾ ചിത്രങ്ങളിലൂടെ മനോഹരമായി പകർത്തിയെന്നായിരുന്നു പലരുടെയും അഭിപ്രായം. ഈ പ്രോത്സാഹനമാണ് സാൻ ഡിയാഗോയിൽ തിരിച്ചെത്തിയ ശേഷം സ്വിൽ ആർട്‍സ് എന്ന പേരിൽ സ്വന്തം ആർട്ട് സ്റ്റുഡിയോ ആരംഭിക്കാൻ സാറയ്ക്ക് ആത്മവിശ്വാസം നൽകിയത്. ഇന്ന് വാട്ടർകളർ ചിത്രങ്ങൾ, പ്രിന്‍റുകൾ, വീടുകളുടെ അലങ്കാര വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ ആവശ്യപ്രകാരം പ്രത്യേക ചിത്രങ്ങളും അവർ തയ്യാറാക്കുന്നു.
ഗൂഗിളിൽ ലഭിച്ചിരുന്നതിനെക്കാൾ വരുമാനം ഇപ്പോൾ കുറവാണെന്ന് സാറ തുറന്നു പറയുന്നുണ്ട്. എന്നാൽ വിജയത്തെ കാണുന്ന തന്‍റെ കാഴ്ചപ്പാട് പൂർണമായും മാറിയെന്നും അവർ പറയുന്നു. "ഇപ്പോൾ വിജയമെന്നത് ഉൽപ്പാദനക്ഷമതയോ കൂടുതൽ വരുമാനമോ അല്ല. എന്റെ ഒരു ചിത്രം കണ്ട് ഒരാൾ അൽപനേരം നിൽക്കുകയോ, എന്തെങ്കിലും അനുഭവിക്കുകയോ, ഒരു ഓർമ മനസ്സിലേക്ക് കൊണ്ടുവരികയോ ചെയ്യുന്നുണ്ടെങ്കിൽ അതാണ് എനിക്ക് ഏറ്റവും വലിയ വിജയം" സാറ പറയുന്നു.