ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തന്റെ കുഞ്ഞിന്റെ ആദ്യ വാക്കുകളെ ജിപിടി 5.6-ന്റെ പുതിയ ഗണിത കണ്ടെത്തലുമായി താരതമ്യം ചെയ്തത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഈ പരാമർശം ചിലരിൽ പ്രതീക്ഷയുണർത്തിയപ്പോൾ, മറ്റുചിലർ സ്വന്തം കുഞ്ഞിന്റെ വളർച്ചയെ നിർമിതബുദ്ധിയുമായി താരതമ്യം ചെയ്തതിനെ വിമർശിച്ചു.
ഓപ്പൺഎഐയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സാം ആൾട്ട്മാൻ നടത്തിയ പുതിയ പരാമർശമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. തന്റെ മൂത്ത കുഞ്ഞ് ആദ്യമായി രണ്ട് വാക്കുകൾ കൂട്ടിച്ചേർത്ത് സംസാരിച്ചതും ജിപിടി 5.6 പുതിയ ഗണിത ആശയം കണ്ടെത്തിയതും ഒരുപോലെ തന്നെ തന്നെ അത്ഭുതപ്പെടുത്തിയെന്നായിരുന്നു ആൾട്ട്മാന്റെ പ്രതികരണം.
സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, "ഞങ്ങളുടെ മൂത്ത കുട്ടി ആദ്യമായി രണ്ട് വാക്കുകൾ കൂട്ടിച്ചേർത്ത് പറഞ്ഞു. ആ ബൗദ്ധിക മുന്നേറ്റം എന്നെ അത്ഭുതപ്പെടുത്തിയ തോത്, ജിപിടി 5.6 പുതിയ ഗണിതം കണ്ടെത്തിയപ്പോൾ തോന്നിയ അത്ഭുതത്തിന് സമാനമാണ്" എന്നാണ് അദ്ദേഹം കുറിച്ചത്.
രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള സൂചനയും
സാം ആൾട്ട്മാനും ഭർത്താവ് ഒലിവർ മൾഹെറിനും 2025 ഫെബ്രുവരിയിലാണ് ആദ്യ കുഞ്ഞ് ജനിച്ചത്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനം സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാൽ "മൂത്ത കുട്ടി" എന്ന് ആൾട്ട്മാൻ പരാമർശിച്ചതോടെ ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞും ജനിച്ചുവെന്ന സൂചനയാണിതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജിപിടി 5.6 എന്താണ് കണ്ടെത്തിയത്?
കഴിഞ്ഞ മാസം അമേരിക്കൻ സർക്കാരിന്റെ അഭ്യർഥനയെ തുടർന്ന് പരിമിതമായ പരീക്ഷണാടിസ്ഥാനത്തിലാണ് ഓപ്പൺഎഐ ജിപിടി 5.6 അവതരിപ്പിച്ചത്. സോൾ, ടെറ, ലൂണ എന്നീ മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു. മുൻതലമുറ മോഡലുകളെ അപേക്ഷിച്ച് പ്രകടനത്തിലും ചെലവുകുറവിലും വലിയ മുന്നേറ്റമാണിതെന്ന് ആൾട്ട്മാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ജിപിടി 5.6 കണ്ടെത്തിയെന്ന് പറയുന്ന "പുതിയ ഗണിതം" എന്താണെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല. അതിനാൽ ഇത് പുതിയ ഗണിത സിദ്ധാന്തമാണോ, പുതിയ തെളിവാണോ, അതോ ഗണിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ പുതിയ കഴിവിനെയാണ് സൂചിപ്പിക്കുന്നതോ എന്ന കാര്യത്തിൽ ഓപ്പൺഎഐ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണം
ആൾട്ട്മാന്റെ പരാമർശത്തിന് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ജിപിടി 5.6-നുള്ള പ്രതീക്ഷകൾ ഇതോടെ കൂടുതൽ ഉയർന്നുവെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. അതേസമയം, സ്വന്തം കുഞ്ഞിന്റെ വളർച്ചയെ നിർമിതബുദ്ധി മോഡലുമായി താരതമ്യം ചെയ്തത് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് മറ്റുചിലർ വിമർശിച്ചു. കുഞ്ഞിന്റെ ആദ്യ വാക്കുകൾ പോലും എഐയുടെ പ്രകടനത്തിനുള്ള മാനദണ്ഡമാക്കുന്നുവെന്ന രീതിയിൽ പരിഹസിച്ചും ചിലർ പ്രതികരിച്ചു.
അതേസമയം, ജിപിടി 5.6 ഈ ആഴ്ച കൂടുതൽ ഉപയോക്താക്കൾക്കായി പുറത്തിറക്കിയേക്കുമെന്ന അഭ്യൂഹങ്ങളും ടെക്ക് ലോകത്ത് ശക്തമാണ്. എന്നാൽ ഇതുസംബന്ധിച്ച് ഓപ്പൺഎഐ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.


