യൂട്യൂബ് ഒരു ഇ-വിപണിയാക്കുവാന്‍ ഗൂഗിള്‍; യൂട്യൂബില്‍ വീഡിയോ ഇടുന്നവര്‍ക്ക് 'ചാകര' വരുന്നു.!

By Web TeamFirst Published Oct 13, 2020, 9:39 AM IST
Highlights

ആമസോണിനെപ്പോലെ നേരിട്ടുള്ള വില്‍പ്പനയല്ല, തങ്ങളുടെ സാമൂഹ്യ മാധ്യമ സ്വാദീനം വിപണിക്ക് വേണ്ടിയും ഉപയോഗിക്കുന്ന തന്ത്രമാണിത് അതിനാല്‍ തന്നെ ഈ സാധ്യതയെ പൊതുവില്‍ ടെക് ലോകം 'സോഷ്യല്‍ കൊമേഴ്‌സ്'  എന്ന വിഭാഗത്തിലാണ് പെടുത്തുന്നത്.
 

ന്യൂയോര്‍ക്ക്: ഗൂഗിള്‍ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോം ആണ് യൂട്യൂബ്. യൂട്യൂബില്‍ തിരഞ്ഞാല്‍ കിട്ടാത്ത വീഡിയോകള്‍ ഒന്നും ഇല്ല. എന്നാല്‍ യൂട്യൂബിന്‍റെ കാര്യത്തില്‍ ഗൂഗിള്‍ മാതൃകമ്പനി ആല്‍ഫബെറ്റിന് ചില ആശങ്കകള്‍ സമീപകാലത്ത് ഉണ്ടായിട്ടുണ്ട് എന്നതാണ് സത്യം. പ്രത്യേകിച്ച് കൊവിഡ് 19 മഹാമാരി കാലത്ത്. യൂട്യൂബില്‍ നിന്നുള്ള പരസ്യ വരുമാനത്തില്‍ കാര്യമായ ഇടിവാണ് ഈ കാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. അതേ സമയം തന്നെ യൂട്യൂബില്‍ വരുന്ന കണ്ടന്‍റും കാഴ്ചക്കാരും വര്‍ദ്ധിച്ചിട്ടുണ്ട്.

അതിനാല്‍ തന്നെ യൂട്യൂബ് വരുമാനത്തിന്‍റെ കാര്യത്തില്‍ അതില്‍ ഒരു മേല്‍ഗതി ഉണ്ടാക്കാന്‍ പുതിയ പരിഷ്കാരങ്ങള്‍ ആലോചിക്കുകയാണ് ഗൂഗിള്‍ എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. അതില്‍ ഇപ്പോള്‍ സജീവമായി വാര്‍ത്തകളില്‍ നിറയുന്ന ആശയം യൂട്യൂബിനെ ഒരു ഓണ്‍ലൈന്‍ വിപണി കൂടിയായി പരിവര്‍ത്തനപ്പെടുത്തുക എന്നതാണ്. ഇതുവരെ യൂട്യൂബ് എന്ന ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമിന്‍റെ വിനിയോഗിക്കാത്ത ശേഷിയാണ് ഇതെന്ന് ടെക് വിദഗ്ധര്‍ പറയുന്നു.

ആമസോണിനെപ്പോലെ നേരിട്ടുള്ള വില്‍പ്പനയല്ല, തങ്ങളുടെ സാമൂഹ്യ മാധ്യമ സ്വാദീനം വിപണിക്ക് വേണ്ടിയും ഉപയോഗിക്കുന്ന തന്ത്രമാണിത് അതിനാല്‍ തന്നെ ഈ സാധ്യതയെ പൊതുവില്‍ ടെക് ലോകം 'സോഷ്യല്‍ കൊമേഴ്‌സ്'  എന്ന വിഭാഗത്തിലാണ് പെടുത്തുന്നത്.

സംഭവിക്കാന്‍ പോകുന്നത് ഇതാണ്, നിങ്ങള്‍ യൂട്യൂബില്‍ ഒരു ഫാഷന്‍ വീഡിയോ കാണുന്നു. അതിലെ ചില വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. എന്നാല്‍ പിന്നീട് ആ വസ്ത്രത്തിന്‍റെ പേര് മനസിലാക്കി. യൂട്യൂബില്‍ നിന്നും പുറത്ത് കടന്ന് ഇ-കോമേഴ്സ് സൈറ്റില്‍ അതിന് വേണ്ടി തിരയേണ്ട. യൂട്യൂബ് വീഡിയോയ്ക്ക് ഒപ്പം തന്നെ അത് ഷോപ്പ് ചെയ്യാനുള്ള സൌകര്യവും ലഭ്യമാക്കും. അണ്‍ബോക്സിംഗ് പോലുള്ള വീഡിയോകളില്‍ ആളുകള്‍ വലിയ താല്‍പ്പര്യം കാണിക്കുന്നു. അതിനാല്‍ തന്നെ അതിന് അനുസരിച്ച് അണ്‍ബോക്സ് ചെയ്യുന്ന പ്രോഡക്ട് അവിടെ തന്നെ വില്‍ക്കാന്‍ സാധിച്ചാല്‍ അത് വലിയ സാധ്യതയാണ് എന്ന് ഗൂഗിള്‍ മനസിലാക്കുന്നു.

ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ടെക് സൈറ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം പുതിയ മാറ്റം യൂട്യൂബില്‍ വീഡിയോ ചെയ്യുന്നവര്‍ക്കും ഗുണകരമാണ്. നിലവില്‍ പരസ്യ വരുമാനത്തിന്‍റെ ഒരു പങ്കാണ് യൂട്യൂബ് വീഡിയോ ക്രിയേറ്റര്‍മാരുമായി പങ്കുവയ്ക്കുന്നത്. പുതിയ സംവിധാനത്തില്‍ ഒരോ വില്‍പ്പനയുടെയും 30 ശതമാനം വീഡിയോ ക്രിയേറ്റര്‍മാരുമായി പങ്കിടാനാണ് യൂട്യൂബ് ആലോചിക്കുന്നത് എന്നാണ് സൂചന. ഇത് യൂട്യൂബിലെ കണ്ടന്‍റിനെയും ഗുണകരമായി സ്വദീനിക്കും എന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ യൂട്യൂബിന്‍റെ ഈ നീക്കം പരമ്പരാഗത ഇ-മാര്‍ക്കറ്റുകളായ ആമസോണിനും മറ്റും വലിയ തിരിച്ചടിയായേക്കുമെന്നും വിലയിരുത്തന്നു. എന്നാല്‍ തങ്ങളുടെ സാധ്യത തള്ളികളയാന്‍ ഗൂഗിള്‍ ഒരുക്കമല്ല. ഫേസ്ബുക്ക് 'ഷോപ്‌സ്' ഫീച്ചര്‍ ഈ വര്‍ഷം മെയ് മാസത്തില്‍ അവതരിപ്പിച്ചതിനു ശേഷം കമ്പനിയുടെ ഓഹരി വിലയിലുണ്ടായ വര്‍ദ്ധനവ് ഗൂഗിളിന് മുന്നിലുണ്ട്. 

click me!