സൈബർ സുരക്ഷയ്ക്ക് ഭീഷണി: എഐ ഹാക്കിംഗ് രീതികൾ ഗൂഗിൾ റിപ്പോർട്ട്

Published : Nov 21, 2026, 07:26 AM IST
Hacking

Synopsis

ഹാക്കർമാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൈബർ ആക്രമണങ്ങൾ നടത്തുന്നുവെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. സുരക്ഷാ അപ്‌ഡേറ്റുകളിലെ വിവരങ്ങൾ മുതലെടുത്ത് വലിയ രീതിയിൽ ആക്രമണങ്ങൾ എഐ സംവിധാനങ്ങളിലൂടെ കൂടുതൽ വേഗത്തിലാകുന്നു.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ വളർച്ച ടെക്ക് രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമ്പോൾ സൈബർ സുരക്ഷാ മേഖലയിൽ പുതിയ ഭീഷണികൾ ഉയരുന്നതായി ഗൂഗിൾ. സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പിഴവുകൾ കണ്ടെത്താനും അവ മുതലെടുത്ത് ആക്രമണങ്ങൾ നടത്താനും ഹാക്കർമാർ ഇപ്പോൾ നിർമിതബുദ്ധി ഏജന്റുകളെ ഉപയോഗിക്കുന്നതായാണ് കമ്പനിയുടെ മുന്നറിയിപ്പ്. മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലില്ലാതെ തന്നെ ഇത്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും എഐ സംവിധാനങ്ങൾക്ക് കഴിയുന്ന സാഹചര്യമാണുള്ളത്.

ലാർജ് ലാംഗ്വേജ് മോഡലുകൾ ഉപയോഗിച്ച് സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ ദൗർബല്യങ്ങൾ കണ്ടെത്തുകയും അവ മുതലെടുക്കാനുള്ള ആക്രമണ രീതികൾ വികസിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഗൂഗിളിന്റെ കണ്ടെത്തൽ. 'ജിടിഐജി എഐ ത്രെറ്റ് ട്രാക്കർ: ഏജന്റിക് ത്രെറ്റ് ആക്ടിവിറ്റി ക്രോസസ് എ സിഗ്നിഫിക്കന്റ് ത്രെഷോൾഡ്' എന്ന റിപ്പോർട്ടിലാണ് ഗൂഗിൾ ത്രെറ്റ് ഇന്റലിജൻസ് ഗ്രൂപ്പ് (ജിടിഐജി) ഇക്കാര്യം വ്യക്തമാക്കിയത്.

സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിനും അവ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുന്നതിനുമായി പ്രവർത്തിക്കുന്ന 'എക്സ്പ്ലോയിറ്റ് ഏജന്റ്' എന്ന മൾട്ടി-ഏജന്റ് സംവിധാനവും ഗൂഗിൾ കണ്ടെത്തിയിട്ടുണ്ട്. സൈബർ ആക്രമണങ്ങളിൽ എഐയെ ചെറിയ ജോലികൾക്കായി മാത്രം ഉപയോഗിച്ചിരുന്ന രീതിയിൽ നിന്ന് പൂർണമായും സ്വയം പ്രവർത്തിക്കുന്ന ആക്രമണ സംവിധാനങ്ങളിലേക്ക് ഹാക്കർമാർ മാറുന്നതിന്റെ സൂചനയാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സുരക്ഷാ അപ്‌ഡേറ്റുകളെ വിശകലനം ചെയ്ത് ആക്രമണത്തിന് പദ്ധതിയിടുന്നു

പ്രമുഖ സോഫ്റ്റ്‌വെയറുകളുടെ സുരക്ഷാ അപ്‌ഡേറ്റുകൾ തുടർച്ചയായി നിരീക്ഷിക്കാൻ ഈ എഐ സംവിധാനത്തിന് കഴിയും. അപ്‌ഡേറ്റിന് മുമ്പും ശേഷവുമുള്ള സോഫ്റ്റ്‌വെയർ കോഡുകൾ താരതമ്യം ചെയ്ത് പരിഹരിച്ച സുരക്ഷാ പിഴവുകൾ കണ്ടെത്തുകയാണ് ആദ്യഘട്ടം. പുതിയ അപ്‌ഡേറ്റിൽ ഏതെല്ലാം സുരക്ഷാ പ്രശ്നങ്ങളാണ് പരിഹരിച്ചതെന്ന് കണ്ടെത്തിയാൽ, പഴയ പതിപ്പ് ഉപയോഗിക്കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ എഐക്ക് സ്വയം പദ്ധതിയിടാനാകും. അതായത്, സുരക്ഷാ അപ്‌ഡേറ്റ് പുറത്തിറങ്ങിയ വിവരം തന്നെ ഹാക്കർമാർക്ക് ആക്രമണത്തിനുള്ള സൂചനയായി മാറുകയാണ്.

പുറത്തുനിന്ന് പ്രവേശിക്കാനാകുന്ന ഒരു സ്റ്റേജിങ് സെർവറിലാണ് 'എക്സ്പ്ലോയിറ്റ് ഏജന്റ്' കണ്ടെത്തിയതെന്ന് ഗൂഗിൾ പറയുന്നു. നിരവധി അത്യാധുനികവും പ്രാദേശികമായി പ്രവർത്തിപ്പിക്കുന്നതുമായ ലാർജ് ലാംഗ്വേജ് മോഡലുകളുമായി ഈ സംവിധാനം ബന്ധിപ്പിച്ചിരുന്നു. പ്രശസ്ത വെബ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളുടെ പഴയതും പുതിയതുമായ കോഡുകൾ താരതമ്യം ചെയ്ത് സുരക്ഷാ പിഴവുകൾ കണ്ടെത്താനും അവ പരിഹരിക്കപ്പെടാത്ത പഴയ പതിപ്പുകൾക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ഈ സംവിധാനത്തിന് കഴിഞ്ഞിരുന്നു.

സീറോ ഡേ ആക്രമണങ്ങളേക്കാൾ ഹാക്കർമാർക്ക് താൽപര്യം പുതിയ പിഴവുകളിൽ

നേരത്തെ അറിയപ്പെടാത്ത സുരക്ഷാ പിഴവുകൾ കണ്ടെത്തി ആക്രമണം നടത്തുന്ന സീറോ ഡേ ആക്രമണങ്ങളെക്കാൾ, സുരക്ഷാ അപ്‌ഡേറ്റിലൂടെ പരിഹരിക്കപ്പെട്ടിട്ടും പല സ്ഥാപനങ്ങളും പരിഹാരം നടപ്പാക്കിയിട്ടില്ലാത്ത പിഴവുകൾ ഉപയോഗിക്കുന്നതാണ് ഹാക്കർമാർക്ക് കൂടുതൽ കാര്യക്ഷമമെന്ന് ഗൂഗിൾ വിലയിരുത്തുന്നു. ഇത്തരം സുരക്ഷാ പിഴവുകളെ എൻ-ഡേ വൾനറബിലിറ്റികൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു സുരക്ഷാ പിഴവ് പരിഹരിച്ചതായി കമ്പനി പ്രഖ്യാപിക്കുമ്പോൾ തന്നെ അതുമായി ബന്ധപ്പെട്ട കോഡുകൾ, റിലീസ് കുറിപ്പുകൾ, സുരക്ഷാ ഗവേഷണങ്ങൾ, പരീക്ഷണ ആക്രമണങ്ങളുടെ വിവരങ്ങൾ എന്നിവ പൊതുവായി ലഭ്യമാകും. ഈ വിവരങ്ങൾ വിശകലനം ചെയ്യാൻ എഐ സംവിധാനങ്ങൾക്ക് കഴിയും.

ഗൂഗിൾ കണ്ടെത്തിയ സെർവറിൽ ആക്രമണത്തിന് ഇരയായവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ഉൾപ്പെട്ടിരുന്നു. ആഭ്യന്തര നിരീക്ഷണം, പാസ്‌വേഡുകൾ ഊഹിച്ചെടുക്കാനുള്ള ആക്രമണങ്ങൾ, വെബ്‌ഷെല്ലുകൾ സ്ഥാപിക്കൽ, എതിരാളികളായ ഹാക്കർമാർ സ്ഥാപിച്ച വെബ്‌ഷെല്ലുകൾ നീക്കം ചെയ്യൽ തുടങ്ങിയവയ്ക്കുള്ള സ്ക്രിപ്റ്റുകളും കണ്ടെത്തി. മാധ്യമം, വിനോദം, വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഫ്രഞ്ച് വെബ്‌സൈറ്റുകളിലായിരുന്നു ഹാക്കർമാർക്ക് പ്രത്യേക താൽപര്യമെന്ന് ഇരകളിൽ നിന്നുള്ള സാങ്കേതിക വിവരങ്ങൾ സൂചിപ്പിക്കുന്നു. എഐ സംവിധാനത്തിന്റെ ക്രമീകരണ ഫയലിൽ റഷ്യൻ ഭാഷയിൽ എഴുതിയ ഒരു നിർദേശവും കണ്ടെത്തി. ലാർജ് ലാംഗ്വേജ് മോഡലുകൾ എപിഐ കീകൾ ചാറ്റിലല്ല, നിർദിഷ്ട സ്ഥാനത്ത് തന്നെ നൽകണമെന്നായിരുന്നു നിർദേശം.

പേപ്പർകട്ട് സുരക്ഷാ പിഴവുകൾ ഉപയോഗിച്ചും ആക്രമണം

2026 ഓഗസ്റ്റ് അവസാനത്തോടെ പേപ്പർകട്ട് പ്രിന്റ് മാനേജ്മെന്റ് സെർവറുകളിലെ രണ്ട് സുരക്ഷാ പിഴവുകൾ സീറോ ഡേ ആക്രമണങ്ങൾക്ക് ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ പിഴവുകൾ പരസ്യപ്പെടുത്തിയതിന് പിന്നാലെ ഒരു ദിവസത്തിനുള്ളിൽ തന്നെ സുരക്ഷാ ഗവേഷകരും ഹണ്ട്‌ട്രസും നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തനക്ഷമമായ ആക്രമണ മാതൃകകൾ വികസിപ്പിച്ചു. പിഴവുകൾ പുറത്തുവന്ന് നാല് ദിവസത്തിനുശേഷം നൂറുകണക്കിന് സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണ പ്രചാരണം ഗ്രേ നോയിസ് കണ്ടെത്തി. ആക്രമണത്തിന് മുമ്പ് എഐ ഉപയോഗിച്ച് പിഴവുകൾ വിശകലനം ചെയ്യുകയും ആക്രമണ രീതികൾ വികസിപ്പിച്ച് പരീക്ഷിക്കുകയും ചെയ്തതായാണ് വിലയിരുത്തൽ. ഒരു സംഭവത്തിൽ പ്രാഥമികമായി ഒരു കമ്പ്യൂട്ടർ ശൃംഖലയിലേക്ക് പ്രവേശനം നേടിയ ആക്രമണകാരി മിനിറ്റുകൾക്കുള്ളിൽ തന്നെ ഡൊമെയ്ൻ അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് ഉയർന്നതായും റിപ്പോർട്ടിലുണ്ട്.

ഹാക്കർമാർക്ക് വേഗത കൂട്ടി എഐ; ആക്രമണരീതികളിൽ വലിയ മാറ്റമില്ല

എഐയുടെ സഹായത്തോടെ ഹാക്കർമാർക്ക് പുതിയതും വിപ്ലവകരവുമായ ആക്രമണ രീതികൾ കണ്ടെത്താനായിട്ടില്ലെന്നാണ് ഗൂഗിളിന്റെ വിലയിരുത്തൽ. എന്നാൽ നിലവിലുള്ള സുരക്ഷാ പിഴവുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളുടെ വേഗവും വ്യാപ്തിയും വർധിപ്പിക്കാൻ എഐ സഹായിക്കുന്നുണ്ട്. 'സിസ്റ്റങ്ങളിലേക്ക് കടന്നുകയറാൻ ആക്രമണകാരികൾ കൂടുതലായും പുതിയ വിപ്ലവകരമായ രീതികൾ ഉപയോഗിക്കുന്നില്ല. പകരം, പരിഹരിക്കപ്പെടാത്ത പഴയ സുരക്ഷാ പ്രശ്നങ്ങൾ തന്നെയാണ് അവർ ലക്ഷ്യമിടുന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ വേഗത്തിലും വലിയ തോതിലും അത് സാധ്യമാകുന്നു', ജിടിഐജിയുടെ ചീഫ് അനലിസ്റ്റ് ജോൺ ഹൾട്ട്ക്വിസ്റ്റ് പറഞ്ഞു. സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കമ്പനികളും നിർമിതബുദ്ധി സംവിധാനങ്ങൾ ഉപയോഗിക്കേണ്ട സമയമായെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലിനെ മാത്രം ആശ്രയിച്ച് ഇത്തരം ആക്രമണങ്ങളെ നേരിടാനാകില്ലെന്നും എഐ അധിഷ്ഠിത പ്രതിരോധ സംവിധാനങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യരുടെ വേഗതയിൽ എഐ ആക്രമണങ്ങളെ തടയാനാകില്ലെന്ന് ഗൂഗിൾ

യന്ത്രങ്ങളുടെ വേഗതയിൽ നടക്കുന്ന ആക്രമണങ്ങളെ മനുഷ്യരുടെ വേഗതയിൽ പ്രതിരോധിക്കാനാകില്ലെന്നാണ് ഗൂഗിളിന്റെ നിലപാട്. സുരക്ഷാ പിഴവുകൾ ഹാക്കർമാർ കണ്ടെത്തുന്നതിന് മുമ്പ് തന്നെ അവ തിരിച്ചറിയാനും പരിഹരിക്കാനും സ്വന്തം എഐ മാതൃകകൾ ഉപയോഗിക്കുന്നുണ്ടെന്നും പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി സഹകരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ലോകമെമ്പാടും സൈബർ സുരക്ഷാ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. സമീപകാലത്ത് നിർമിതബുദ്ധിയുടെ സഹായത്തോടെ ഹാക്കർമാർ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. ക്രിപ്റ്റോ പ്ലാറ്റ്‌ഫോമായ ബിനാൻസിൽ നടന്ന 6.3 ബില്യൺ ഡോളറിന്റെ സുരക്ഷാ ലംഘനവും ഇത്തരത്തിൽ ചർച്ചയായ സംഭവങ്ങളിലൊന്നാണ്. പ്ലാറ്റ്‌ഫോമിന്റെ ആഭ്യന്തര എഐ ഉപകരണം ദുരുപയോഗം ചെയ്ത് സിസ്റ്റങ്ങളിലേക്ക് കൂടുതൽ പ്രവേശനം നേടാൻ ആക്രമണകാരികൾ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ മാസവും ചൈനയുമായി ബന്ധമുള്ള ഒരു ഹാക്കർ സംഘം 'ആർടെക്സ്' എന്ന എഐ സംവിധാനത്തിന്റെ സഹായത്തോടെ ലോകമെമ്പാടുമുള്ള നൂറുകണക്കിന് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് സ്വയം പ്രവർത്തിക്കുന്ന സൈബർ ആക്രമണങ്ങൾ നടത്തിയതായി മൈക്രോസോഫ്റ്റ് ആരോപിച്ചിരുന്നു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമായ സി.ഇ.ആർ.ടി.-ഇന്നും നിർമിതബുദ്ധി ഉപകരണങ്ങൾ ഉപയോഗിച്ച് സ്ഥാപനങ്ങളെ ലക്ഷ്യമിടുന്ന ഹാക്കർമാരെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ക്യൂആർ കോഡ് സ്‍കാൻ ചെയ്തതിന് പിന്നാലെ ഡൽഹി വ്യാപാരമേളയിലെത്തിയ യുവതിയുടെ ഐഫോൺ ഹാക്കായി; ടിക്കറ്റ് വിൽപ്പനക്കാരൻ അറസ്റ്റിൽ
ഇൻസ്റ്റഗ്രാമിൽ സുപ്രധാന മാറ്റം; മെറ്റയുടെ പുതിയ നീക്കം