
ജനപ്രിയ പ്ലാറ്റ്‌ഫോമായ ഗൂഗിൾ എർത്തിനെ കൂടുതൽ മികച്ചതാക്കാനുള്ള ശ്രമത്തിൽ ടെക് ഭീമനായ ഗൂഗിൾ. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവ മനസിലാക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുന്നതിനായി ജെമിനി എഐ മോഡലുകൾ കമ്പനി ഗൂഗിൾ എർത്തിൽ ഉൾപ്പെടുത്തി. ഗൂഗിളിന്റെ ഈ പുതിയ നീക്കം എർത്ത് എഐ പ്ലാറ്റ്‌ഫോമിനെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുന്നതാണ്. ഉപഗ്രഹ ചിത്രങ്ങൾ, കാലാവസ്ഥാ വിവരങ്ങൾ, ജനസംഖ്യാ ഭൂപടങ്ങൾ എന്നിവ ഒരുമിച്ച് ചേർത്ത് ഭൂമിയിലെ മാറ്റങ്ങൾ തത്സമയം നിരീക്ഷിക്കാൻ ഇത് വ്യക്തികളെയും ഗവേഷകരെയും സഹായിക്കുന്നു.
ഇനി ജെമിനി എഐ ഉപയോഗിച്ച് ദുരന്ത പ്രതികരണ ആസൂത്രണം വളരെ വേഗത്തിൽ സാധിക്കും. വർഷങ്ങൾ നീണ്ടുനിന്ന സങ്കീർണ്ണമായ വിശകലനങ്ങൾ ഇപ്പോൾ മിനിറ്റുകൾക്കുള്ളിൽ സാധ്യമാകും. ഇത് അടിയന്തര സംഘങ്ങളെ അതിവേഗത്തിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള സ്വന്തം പരിഹാരങ്ങൾ നിർമ്മിക്കുന്നതിന് ഡെവലപ്പർമാർക്കും വിശകലന വിദഗ്ധർക്കും ഗൂഗിൾ എർത്ത് പ്രൊഫഷണലിലും ഗൂഗിൾ ക്ലൗഡിലും ഈ ഡിവൈസുകൾ ഉപയോഗിക്കാം.
ഗൂഗിളിന്റെ വെള്ളപ്പൊക്ക പ്രവചന സംവിധാനം ഇപ്പോൾ ലോകമെമ്പാടുമുള്ള രണ്ട് ബില്യണിലധികം ആളുകളിലേക്ക് എത്തുന്നുവെന്ന് ഗൂഗിൾ അവകാശപ്പെടുന്നത്. ആവശ്യമുള്ള സമയങ്ങളിൽ ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും വിതരണം മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ വേൾഡ് വിഷൻ പോലുള്ള സംഘടനകളെ ഇത് സഹായിച്ചിട്ടുണ്ട്. 2025 ലെ കാലിഫോർണിയയിലെ കാട്ടുതീ സമയത്ത്, ഗൂഗിൾ മാപ്‌സും ക്രൈസിസ് അലേർട്ടുകളും 15 ദശലക്ഷം ആളുകളെ യഥാസമയം സുരക്ഷിത ഷെൽട്ടറുകളിൽ എത്തിക്കാൻ സഹായിച്ചതായി കമ്പനി പറയുന്നു.
ഗൂഗിളിന്റെ പുതിയ ഫീച്ചറായ ജിയോസ്പേഷ്യൽ റീസണിങ്, കാലാവസ്ഥ, ജനസംഖ്യ, ഉപഗ്രഹ ഇമേജറി തുടങ്ങിയ വിവിധ ഡാറ്റാ സ്രോതസുകൾ സംയോജിപ്പിച്ച് സമഗ്രമായ വിശകലനം സൃഷ്‍ടിക്കും. കൊടുങ്കാറ്റോ വെള്ളപ്പൊക്കമോ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങൾ ഏതൊക്കെയാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആദ്യം എവിടെ തുടങ്ങണമെന്നും നിർണ്ണയിക്കാൻ ഇത് സ്ഥാപനങ്ങളെ സഹായിക്കും.