ഡെലിവറി ജോലികൾക്ക് റോബോട്ടുകൾ; ഏഴുലക്ഷം ജീവനക്കാരുടെ ഭാവിയെക്കുറിച്ച് മുന്നറിയിപ്പ്

Published : Jun 23, 2026, 01:36 PM IST
robots kerala school

Synopsis

ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ജെഡി.കോമിലെ ഏഴ് ലക്ഷം ഡെലിവറി ജീവനക്കാരെ ഭാവിയിൽ റോബോട്ടുകൾ മാറ്റിസ്ഥാപിക്കുമെന്ന് സ്ഥാപകൻ റിച്ചാർഡ് ലിയു പ്രവചിക്കുന്നു. ഈ തൊഴിൽ നഷ്ടം ഒഴിവാക്കാൻ ജീവനക്കാർക്ക് പുതിയ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകാനുള്ള പദ്ധതികൾ കമ്പനി ആരംഭിച്ചിട്ടുണ്ട്.  

ർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥവാ കൃത്രിമ ബുദ്ധി (AI) തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്‍ടിക്കുമെന്ന ആശങ്കകൾ ലോകമെമ്പാടും ശക്തമാകുകയാണ്. ഇതിനിടെ മറ്റൊരു സാങ്കേതിക വിപ്ലവമായ റോബോട്ടിക്‌സും വേഗത്തിൽ മുന്നേറുകയാണ്. ഈ സാഹചര്യത്തിൽ, ചൈനയിലെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ജെഡി.കോമിന്റെ (JD com) സ്ഥാപകനും ചെയർമാനുമായ റിച്ചാർഡ് ലിയു നടത്തിയ ഒരു പ്രസ്‍തവന വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (APEC) സിഇഒ ഫോറത്തിൽ സംസാരിക്കവെ, നിലവിൽ കമ്പനിക്കായി പ്രവർത്തിക്കുന്ന ഏകദേശം ഏഴ് ലക്ഷം ഡെലിവറി ജീവനക്കാരെ ഭാവിയിൽ റോബോട്ടുകൾ മാറ്റിസ്ഥാപിക്കുമെന്ന് ലിയു പറഞ്ഞു. “ഒരു ദിവസം പാഴ്സലുകൾ മുഴുവനായും റോബോട്ടുകൾ വിതരണം ചെയ്യുന്ന സാഹചര്യം ഉണ്ടാകും. അപ്പോൾ മനുഷ്യ തൊഴിലാളികളുടെ ആവശ്യം വളരെ കുറയും” എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

അതേസമയം, ജീവനക്കാരുടെ തൊഴിൽ സുരക്ഷയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. “ഞങ്ങളുടെ ഏഴ് ലക്ഷം സഹപ്രവർത്തകർക്ക് തൊഴിലും ഉപജീവനവും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” എന്ന് ലിയു പറഞ്ഞു. ഇതിനായി കമ്പനി ഏകദേശം 120 വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ജീവനക്കാർക്ക് പുതിയ മേഖലകളിൽ പരിശീലനം നൽകുന്ന പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റോബോട്ടുകളുടെ ഉപയോഗം വർധിക്കുന്നതോടെ അവയുടെ പരിപാലനവും അറ്റകുറ്റപ്പണികളും നിർവഹിക്കുന്ന വിദഗ്ധർക്കുള്ള ആവശ്യം കൂടുമെന്ന് ലിയു അഭിപ്രായപ്പെട്ടു. “റോബോട്ടുകൾ യന്ത്രങ്ങളാണ്. അവയ്ക്ക് തകരാറുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. അതിനാൽ അവയെ പരിപാലിക്കാനും നിയന്ത്രിക്കാനും മനുഷ്യരുടെ സേവനം ആവശ്യമാകും,” അദ്ദേഹം പറഞ്ഞു.

ചൈനയുടെ പുതിയ അഞ്ചുവർഷ വികസന പദ്ധതിയിലും റോബോട്ടിക്‌സിന് പ്രധാന സ്ഥാനം നൽകിയിട്ടുണ്ട്. സാമ്പത്തിക വളർച്ചയ്ക്ക് നിർണായകമായ സാങ്കേതികവിദ്യകളിൽ ഒന്നായി സർക്കാർ റോബോട്ടുകളെ കണക്കാക്കുന്നു. വിമാനത്താവളങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നതും റെയിൽ ശൃംഖലകളിലൂടെ സാധനങ്ങൾ എത്തിക്കുന്നതുമായ നിരവധി റോബോട്ടിക് പദ്ധതികൾ ഇതിനകം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നുണ്ട്.

ഇതിനിടെ, ആമസോൺ ഉൾപ്പെടെയുള്ള ആഗോള കമ്പനികളും ഓട്ടോമേഷൻ വ്യാപകമാക്കുകയാണ്. 2012 മുതൽ ഒരു ദശലക്ഷത്തിലധികം റോബോട്ടുകളെ പ്രവർത്തന ശൃംഖലയിൽ ഉൾപ്പെടുത്തിയതായി ആമസോൺ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഭാവിയിൽ തൊഴിൽ മേഖലയിൽ റോബോട്ടുകളുടെ സ്വാധീനം കൂടുതൽ ശക്തമാകുമെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.

സാങ്കേതിക പുരോഗതി മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായിരിക്കണം എന്നും തൊഴിൽ അവസരങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതിന് അല്ലെന്നും റിച്ചാർഡ് ലിയു വ്യക്തമാക്കി. എങ്കിലും റോബോട്ടിക്‌സിന്റെയും ഓട്ടോമേഷന്റെയും വളർച്ച തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നത് വ്യക്തമാകുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

തത്വചിന്തയിൽ നിന്നും സ്റ്റാർട്ടപ്പ് ലോകത്തേക്ക്! ആരാണ് വാട്‍സാപ്പിനെ നയിക്കാനെത്തുന്ന ഇന്ത്യക്കാരൻ കുനാൽ ഷാ?
ജിപിഎസ് സിഗ്നലുകൾക്ക് ഭീഷണി: പുതിയ വെളിപ്പെടുത്തൽ