ജിയോയുടെ 10-ാം വാർഷികത്തിൽ വമ്പൻ സർപ്രൈസ്; ഓഫർ അറിയാം

Published : Oct 01, 2026, 03:12 PM IST
jio bharat phone

Synopsis

ഇന്ത്യയിലെ പ്രവർത്തനത്തിന്റെ 10-ാം വാർഷികത്തോട് അനുബന്ധിച്ച് ജിയോ ഭാരത് 4G ഫോണുകൾക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. 1,499 രൂപയ്ക്ക് ഫോണും ഒപ്പം 6 മാസത്തേക്കുള്ള സൗജന്യ റീചാർജ് ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. 2G ഉപയോക്താക്കളെ 4G-യിലേക്ക് ആകർഷിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഇന്ത്യയിലെ പ്രവർത്തനം ആരംഭിച്ചതിന്റെ 10-ാം വാർഷികത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുമായി റിലയൻസ് ജിയോ. ജിയോ ഭാരത് 4G ഫീച്ചർ ഫോണുകൾ 1,499 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഫോണിനൊപ്പം 6 മാസത്തേക്കുള്ള റീചാർജ് ആനുകൂല്യങ്ങളും ലഭിക്കും. രാജ്യത്ത് ഇപ്പോഴും 2G ഫോണുകൾ ഉപയോഗിക്കുന്നവരെ 4Gയിലേക്ക് എത്തിക്കുകയാണ് ഓഫറിന്റെ പ്രധാന ലക്ഷ്യം. ഫോണിനൊപ്പം വോയ്സ് കോളുകളും ഡാറ്റയും ഉൾപ്പെടെയുള്ള കണക്റ്റിവിറ്റി ആനുകൂല്യങ്ങളാണ് ലഭിക്കുക. കൂടാതെ വിനോദം, ഡിജിറ്റൽ പേയ്മെന്റ്, കുടുംബാംഗങ്ങളുമായുള്ള കണക്റ്റിവിറ്റി തുടങ്ങിയ സേവനങ്ങളും ജിയോ ഭാരത് ഫോണുകളിൽ ലഭ്യമാണ്.

6 മാസത്തേക്ക് 14GB ഡാറ്റ

ജിയോയുടെ 10-ാം വാർഷിക ഓഫർ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ജിയോ ഭാരത് 4G ഫോണുകൾ 1,499 രൂപയ്ക്ക് ലഭിക്കും. ഇതിനൊപ്പം 6 മാസത്തേക്കുള്ള സൗജന്യ റീചാർജ് ആനുകൂല്യങ്ങളും കമ്പനി നൽകും. ഓരോ മാസവും 14GB ഡാറ്റയും അൺലിമിറ്റഡ് എച്ച്ഡി വോയ്സ് കോളുകളുമാണ് ഇതിൽ ഉൾപ്പെടുന്നത്. എന്നാൽ ഓഫറിന് അർഹമായ ജിയോ ഭാരത് ഫോണുകളുടെ മോഡലുകൾ ഏതൊക്കെയാണെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരിമിത കാലത്തേക്കാണ് ഓഫർ ലഭിക്കുക. നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്.

ഫോണിന്റെ യഥാർഥ വില 299 രൂപയോ?

2G ഉപയോക്താവ് പ്രതിമാസം ഏകദേശം 199 രൂപ റീചാർജിനായി ചെലവഴിക്കുന്നുവെങ്കിൽ 6 മാസത്തിനിടെ ഏകദേശം 1,200 രൂപ ചെലവാകുമെന്ന് ജിയോ പറയുന്നു. 1,499 രൂപയുടെ പാക്കേജിൽ തന്നെ 6 മാസത്തെ കണക്റ്റിവിറ്റി ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഫോണിന്റെ ഫലപ്രദമായ വില 299 രൂപയായി കണക്കാക്കാമെന്നാണ് കമ്പനിയുടെ വാദം. ഉത്സവ സീസണിനോട് അനുബന്ധിച്ചാണ് ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. 2Gയിൽ നിന്ന് 4Gയിലേക്കുള്ള മാറ്റം കൂടുതൽ താങ്ങാനാകുന്ന തരത്തിലാക്കുകയാണ് ലക്ഷ്യമെന്നും ജിയോ വ്യക്തമാക്കുന്നു.

വിനോദ സേവനങ്ങളും ലഭിക്കും

ജിയോ ഭാരത് ഫോണുകളിൽ വിവിധ ജിയോ വിനോദ സേവനങ്ങളിലേക്കുള്ള പ്രവേശനവും ലഭിക്കും. ജിയോ ടിവിയിലൂടെ 500ലധികം ടെലിവിഷൻ ചാനലുകൾ കാണാം. ജിയോ ഹോട്ട്സ്റ്റാറിലൂടെ തത്സമയ ക്രിക്കറ്റ്, സിനിമകൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ ആസ്വദിക്കാം. വിവിധ സംഗീത സേവനങ്ങളിലൂടെ ദശലക്ഷക്കണക്കിന് ഗാനങ്ങളിലേക്കും പ്രവേശനം ലഭിക്കും.

യുപിഐ പേയ്മെന്റും കുടുംബ സുരക്ഷയും

ഡിജിറ്റൽ പേയ്മെന്റുകൾക്കായി ജിയോ പേ സേവനവും ഫോണുകളിൽ ലഭ്യമാണ്. യു.പി.ഐ പേയ്മെന്റുകൾക്ക് പുറമെ പേയ്മെന്റ് അലർട്ടുകളും സൗണ്ട് ബോക്സ് സൗകര്യവും ഇതിലുണ്ട്. കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി ജിയോ സേഫ്റ്റി ഷീൽഡും കമ്പനി നൽകുന്നു. സുരക്ഷിതമായ കോളിങ് സംവിധാനങ്ങൾക്ക് പുറമെ കുടുംബാംഗങ്ങളുടെ സ്ഥാനം നിരീക്ഷിക്കാൻ സഹായിക്കുന്ന സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏത് ഫോണുകൾക്കാണ് ഓഫർ?

ഓഫറിന് അർഹമായ കൃത്യമായ മോഡലുകൾ ജിയോ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കമ്പനി സൂചിപ്പിച്ച 2.4 ഇഞ്ച് ഡിസ്പ്ലേ, 2,000mAh ബാറ്ററി, 4G കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകൾ ജിയോ ഭാരത് ബി1, ജിയോ ഭാരത് ബി2 മോഡലുകളുമായി സാമ്യമുള്ളതാണ്. അതിനാൽ ഈ മോഡലുകൾ ഓഫറിന്റെ ഭാഗമായേക്കാമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം ജിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ഒരേ ബർഗറിന് വ്യത്യസ്‍ത വില; മക്‌ഡൊണാൾഡ്‍സിലും എഐയുടെ ‘ഇടപെടൽ’, ബിഗ് മാക്കിന് വ്യത്യസ്‍ത വിലകളെന്ന് റിപ്പോർട്ട്
ഇന്ത്യയുടെ എഐ കുതിപ്പിന് കരുത്തേകാൻ ആഗോള കമ്പനിയെത്തുന്നു