ഇന്ത്യയുടെ എഐ കുതിപ്പിന് കരുത്തേകാൻ ആഗോള കമ്പനിയെത്തുന്നു

Published : Sep 28, 2026, 12:02 PM IST
Aiven

Synopsis

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കംപ്യൂട്ടിങ് മേഖലകളിലെ സാധ്യതകൾ ലക്ഷ്യമിട്ട് ഫിൻലൻഡ് ആസ്ഥാനമായ ഡാറ്റാ കമ്പനി എയ്വൻ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു. ബെംഗളൂരുവിൽ ആദ്യ ഓഫീസ് തുറന്ന കമ്പനി, ഇന്ത്യയെ ഏഷ്യ-പസഫിക് മേഖലയിലെ പ്രധാന വിപണിയായാണ് കാണുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കംപ്യൂട്ടിങ്, ഡാറ്റാ അധിഷ്ഠിത സാങ്കേതികവിദ്യകൾ എന്നിവയ്ക്കുള്ള ആവശ്യം വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ പ്രവർത്തനം ഔദ്യോഗികമായി ആരംഭിച്ച് ഫിൻലൻഡ് ആസ്ഥാനമായ ഡാറ്റ, എഐ കമ്പനിയായ എയ്വൻ. ബെംഗളൂരുവിലാണ് കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഏഷ്യ-പസഫിക് മേഖലയിലെ കൂടുതൽ വിപണികളിലേക്കുള്ള പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രധാന കേന്ദ്രമായും ഇന്ത്യയെ ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഇന്ത്യയെ പ്രധാന വിപണിയായി കാണുന്നു

കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന എയ്വൻ സെപ്റ്റംബർ 24ന് ന്യൂഡൽഹിയിൽ നടന്ന പരിപാടിയിലാണ് രാജ്യത്തെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫിൻലൻഡ് എംബസിയുമായി സഹകരിച്ചായിരുന്നു പരിപാടി. ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല കമ്പനിയുടെ വിപുലീകരണ പദ്ധതി. പ്രാദേശിക ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുകയും ഇന്ത്യയിലെ സാങ്കേതിക സ്ഥാപനങ്ങളുമായി പങ്കാളിത്തം ശക്തമാക്കുകയും ചെയ്യാനാണ് ലക്ഷ്യം. ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, തത്സമയ ഡാറ്റാ വിശകലനം, ആധുനിക ആപ്ലിക്കേഷനുകൾ തുടങ്ങിയ മേഖലകളിൽ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തുന്നതാണ് ഇന്ത്യയിലെ സാധ്യതകൾ വർധിപ്പിക്കുന്നതെന്ന് എയ്വൻ വിലയിരുത്തുന്നു.

‘എഐയുടെ അടിസ്ഥാനം ഡാറ്റ’

“എഐയെക്കുറിച്ചുള്ള ചർച്ചകൾ ഒടുവിൽ ഡാറ്റയെക്കുറിച്ചുള്ള ചർച്ചകളാണ്. ഡാറ്റയുടെ അടിസ്ഥാനം വിപുലീകരിക്കാനും വിശ്വസനീയമായും വഴക്കമുള്ളതുമായും പ്രവർത്തിക്കാനും കഴിയുമ്പോഴാണ് സംരംഭങ്ങൾക്ക് വലിയ എഐ ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ സാധിക്കുക,” എയ്വന്റെ ഏഷ്യ-പസഫിക് വിൽപ്പന വിഭാഗം മേധാവി കെൻ മനുജ പറഞ്ഞു. ഡെവലപ്പർമാരുടെ കഴിവ്, ഡിജിറ്റൽ ബിസിനസുകളുടെ വളർച്ച, ക്ലൗഡ് സാങ്കേതികവിദ്യയുടെ വ്യാപനം എന്നിവ ഇന്ത്യയെ ഏഷ്യ-പസഫിക് മേഖലയിലെ പ്രധാന വിപണികളിലൊന്നാക്കി മാറ്റുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

എന്താണ് എയ്വന്റെ പ്രവർത്തനം?

ബിസിനസ് സ്ഥാപനങ്ങൾ ഡാറ്റ ശേഖരിക്കാനും സംഭരിക്കാനും കൈമാറ്റം ചെയ്യാനും ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ക്ലൗഡ് ഡാറ്റ അടിസ്ഥാന സൗകര്യ കമ്പനിയാണ് എയ്വൻ. അപ്പാച്ചെ കാഫ്‍ക, പോസ്റ്റ്ഗ്രെഎസ്‌ക്യൂഎൽ, മൈഎസ്‌ക്യൂഎൽ, ക്ലിക്ക്ഹൗസ്, ഓപ്പൺസെർച്ച്, വാൽക്കി, ഡാറ്റാഹബ് തുടങ്ങിയ ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യകളുടെ നിയന്ത്രിത സേവനങ്ങളാണ് കമ്പനി നൽകുന്നത്. ലളിതമായി പറഞ്ഞാൽ, വലിയ തോതിലുള്ള ഡാറ്റാ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെ വലിയൊരു ഭാഗം കൈകാര്യം ചെയ്യുന്നതിനുള്ള സേവനമാണ് എയ്വൻ നൽകുന്നത്. വിവിധ പ്രധാന ക്ലൗഡ് പ്ലാറ്റ്ഫോമുകളിൽ ഈ സേവനങ്ങൾ ഉപയോഗിക്കാനും ബിസിനസുകൾക്ക് സാധിക്കും.

എഐ വളരുമ്പോൾ ഡാറ്റാ അടിസ്ഥാന സൗകര്യത്തിനും ആവശ്യം

കൂടുതൽ കമ്പനികൾ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതോടെ വൻതോതിലുള്ള ഡാറ്റ ശേഖരിക്കുകയും പ്രോസസ് ചെയ്യുകയും തത്സമയം കൈമാറുകയും ചെയ്യേണ്ടിവരും. ഇത്തരം ആവശ്യങ്ങൾക്കുള്ള ഡാറ്റാ അടിസ്ഥാന സൗകര്യമാണ് എയ്വൻ പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് എഐ, തത്സമയ ആപ്ലിക്കേഷനുകൾ എന്നിവയ്ക്കാവശ്യമായ ഡാറ്റാ സംവിധാനങ്ങൾ നിർമിക്കാനും കൈകാര്യം ചെയ്യാനും ഇന്ത്യൻ കമ്പനികളെ സഹായിക്കാനാണ് എയ്വന്റെ പ്രധാന ശ്രദ്ധ.

ഇന്ത്യയിൽ ജീവനക്കാരുടെ എണ്ണം കൂട്ടും

നിലവിൽ ഇന്ത്യയിൽ ഏകദേശം 15 ജീവനക്കാരാണ് എയ്വനുള്ളത്. ബിസിനസ് വികസിക്കുന്നതിനനുസരിച്ച് പ്രാദേശിക ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. വിൽപ്പന, പങ്കാളിത്തം, ഉപഭോക്തൃ സേവനം, സൊല്യൂഷൻസ് എൻജിനീയറിങ് തുടങ്ങിയ മേഖലകളിലായിരിക്കും പ്രധാന നിയമനങ്ങൾ. ബെംഗളൂരുവിലെ സംഘം കമ്പനിയുടെ ആഗോള ജീവനക്കാരുടെ ശൃംഖലയുമായി ചേർന്നായിരിക്കും പ്രവർത്തിക്കുക.

സാങ്കേതിക കമ്പനികളുമായി പങ്കാളിത്തം

ഇന്ത്യയിൽ ക്ലൗഡ് സേവനദാതാക്കൾ, സാങ്കേതിക കമ്പനികൾ, കൺസൾട്ടിങ് സ്ഥാപനങ്ങൾ, സിസ്റ്റംസ് ഇന്റഗ്രേറ്റർമാർ എന്നിവരുമായി സഹകരിക്കാനും എയ്വൻ പദ്ധതിയിടുന്നു. ഇതിന് പുറമെ ഡെവലപ്പർമാരുമായും ഓപ്പൺ സോഴ്സ് സമൂഹങ്ങളുമായും പരിപാടികളിലൂടെയും വിജ്ഞാന പങ്കിടൽ പദ്ധതികളിലൂടെയും ബന്ധം ശക്തമാക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഇന്ത്യയിലെ എഐ, ക്ലൗഡ്, ഡാറ്റാ അടിസ്ഥാന സൗകര്യ മേഖലകളിലെ വളർച്ചയാണ് എയ്വന്റെ വിപുലീകരണത്തിന് പ്രധാന പ്രേരണ.

PREV
Read more Articles on
click me!

Recommended Stories

എഐ മനുഷ്യരാശിക്ക് ഭീഷണിയോ? സാം ആൾട്ട്മാൻ പറയുന്നു
വീഡിയോ എഡിറ്റിംഗിൽ വിസ്‍മയമൊരുക്കാൻ അഡോബിന്‍റെ പുതിയ ആപ്പ്