
പുതുവർഷത്തോടനുബന്ധിച്ച് ഉപയോക്താക്കൾക്കായി പുതിയ പ്രീപെയിഡ് റീചാർജ് പ്ലാനുകളുമായി റിലയൻസ് ജിയോ. 'ഹാപ്പി ന്യൂ ഇയർ 2.0' ശ്രേണിയിൽ 399 രൂപ മുതൽ ആരംഭിക്കുന്ന പുതിയ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ പ്ലാനുകൾക്ക് പുറമെ 15 രൂപ മുതൽ ലഭിക്കുന്ന 5ജി ഡാറ്റ ആഡ് ഓൺ പാക്കുകളും രാത്രികാല അൺലിമിറ്റഡ് ഡാറ്റ പ്ലാനും ഇതിൽ ഉൾപ്പെടുന്നു.
ജിയോയുടെ പുതിയ 399 രൂപ പ്ലാനിൽ 28 ദിവസത്തേക്ക് അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസും പ്ലാനിന്റെ ഭാഗമാണ്. പുതിയ പ്രധാന പ്രീപെയ്ഡ് പ്ലാനായാണ് ജിയോ ഇതിനെ അവതരിപ്പിക്കുന്നത്. കൂടാതെ 12 മാസത്തെ കാൻവ പ്രോ സബ്‌സ്‌ക്രിപ്ഷൻ, ജിയോഹോട്ട്സ്റ്റാർ മൊബൈൽ, ജിയോടിവി വഴി ഹോളിവുഡ് ഉള്ളടക്കങ്ങളും ഫാൻകോഡും ലഭിക്കും. ജിയോഗെയിംസ് മൊബൈൽ സബ്‌സ്‌ക്രിപ്ഷൻ, ജിയോഎഐക്ലൗഡിൽ 50 ജിബി ക്ലൗഡ് സ്റ്റോറേജ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. ജസ്റ്റ്‌ഡയൽ ലൈറ്റ്, ഹൈപ്പർലോക്കൽ കൂപ്പണുകൾ, ഡിജിറ്റൽ ഡയറി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കായി 3,999 രൂപയുടെ വാർഷിക പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 365 ദിവസത്തേക്ക് അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ, വോയ്സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. 12 മാസത്തെ കാൻവ പ്രോ ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ, ജിയോഹോട്ട്സ്റ്റാർ മൊബൈൽ, ജിയോടിവി വഴിയുള്ള ഹോളിവുഡ് ഉള്ളടക്കങ്ങൾ, ഫാൻകോഡ്, 50 ജിബി ജിയോഎഐക്ലൗഡ് സ്റ്റോറേജ് എന്നിവയും പ്ലാനിലുണ്ട്.
കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്കായി രണ്ട് പ്രത്യേക ആഡ് ഓൺ പാക്കുകളും ജിയോ അവതരിപ്പിച്ചു. 15 രൂപയുടെ പാക്കിൽ ഒരു ദിവസത്തേക്കും 25 രൂപയുടെ പാക്കിൽ രണ്ട് ദിവസത്തേക്കും അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും. ഡൗൺലോഡ് പരിധിയോ വേഗത കുറയ്ക്കലോ ഉപയോഗ നിയന്ത്രണങ്ങളോ ഉണ്ടാകില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.
രാത്രിയിൽ കൂടുതൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കായി 50 രൂപയുടെ പ്രത്യേക പാക്കുമുണ്ട്. 28 ദിവസത്തേക്ക് എല്ലാ ദിവസവും രാത്രി 12 മണി മുതൽ പുലർച്ചെ 5 മണിവരെ അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ ലഭിക്കും. ഈ സമയത്ത് ഉപയോഗിക്കുന്ന ഡാറ്റ പകൽ സമയത്തെ സാധാരണ ഡാറ്റാ ബാലൻസിൽനിന്ന് കുറയ്ക്കില്ല.
399 രൂപ, 3,999 രൂപ പ്ലാനുകളും 25 രൂപയുടെ 5ജി ആഡ് ഓൺ പാക്കും നവംബർ 24 മുതൽ ലഭ്യമാകും. 15 രൂപയുടെ പാക്ക് ഇതിനകം ലഭ്യമാണ്. 50 രൂപയുടെ രാത്രികാല ഡാറ്റ പാക്ക് നവംബർ 26 മുതൽ ലഭിക്കും. മൈജിയോ ആപ്പ്, ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ, അംഗീകൃത വിതരണക്കാർ എന്നിവ വഴി ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാം.