
എഐ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം ഡാറ്റാ സെന്ററുകളുടെ എണ്ണവും വർധിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായേക്കാമെന്ന് മുന്നറിയിപ്പ്. വിദേശ സർക്കാരുകൾക്ക് നിർണായക വിവരങ്ങൾ ചോർത്താനും സുപ്രധാന അടിസ്ഥാനസൗകര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനും ഇത്തരം കേന്ദ്രങ്ങൾ ലക്ഷ്യമിടാനാകുമെന്ന് ഓസ്ട്രേലിയൻ രഹസ്യാന്വേഷണ വിഭാഗം മേധാവി മൈക്ക് ബർഗസ് വ്യക്തമാക്കി.
ഓസ്ട്രേലിയൻ സുരക്ഷാ രഹസ്യാന്വേഷണ സംഘടനയായ എഎസ്ഐഒയുടെ ഡയറക്ടർ ജനറലാണ് മൈക്ക് ബർഗസ്. 'ദി ഏജ്' പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് എഐ, ഡാറ്റാ സെന്റർ മേഖലകളിലെ വളർച്ചയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്. ഈ മേഖലകളിൽ ഒരേസമയം വലിയ അവസരങ്ങളും അമിതപ്രതീക്ഷകളും സുരക്ഷാ ഭീഷണികളുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഓസ്ട്രേലിയയിൽ വിദേശ കമ്പനികൾ നിക്ഷേപം നടത്തുന്നതല്ല പ്രധാന പ്രശ്നമെന്ന് ബർഗസ് ചൂണ്ടിക്കാട്ടി. പണം എവിടെനിന്നാണ് വരുന്നതെന്നും സ്ഥാപനങ്ങളുടെ യഥാർഥ ഉടമകൾ ആരാണെന്നും മറച്ചുവെക്കുന്നതാണ് വലിയ അപകടം. ഇതിലൂടെ വിദേശ സർക്കാരുകൾക്ക് രഹസ്യമായി ഡാറ്റാ സെന്ററുകളുടെ നിയന്ത്രണം സ്വന്തമാക്കാൻ സാധിച്ചേക്കും. വിദേശ ശക്തികൾക്ക് ഇത്തരം കേന്ദ്രങ്ങളിൽ ഉടമസ്ഥാവകാശമോ നിയന്ത്രണമോ ലഭിച്ചാൽ അവിടെയുള്ള സാങ്കേതികവിദ്യകളിലേക്കും വിവരങ്ങളിലേക്കും നേരിട്ടോ ഓൺലൈൻ വഴിയോ പ്രവേശനം നേടാനാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നീക്കങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്നും വ്യക്തമാക്കി.
ഡാറ്റാ സെന്റർ വ്യവസായത്തിന്റെ വളർച്ച രാഷ്ട്രീയ സ്വാധീനത്തിനും ലോബിയിങ്ങിനും വഴിയൊരുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ട്രാൻസ്പരൻസി ഇന്റർനാഷണൽ ഓസ്ട്രേലിയയുടെ റിപ്പോർട്ട് പ്രകാരം, 10 പ്രമുഖ ഡാറ്റാ സെന്റർ കമ്പനികളുടെ പ്രതിനിധികൾ മൂന്ന് വർഷത്തിനിടെ മുഖ്യമന്ത്രിമാർ, ധനമന്ത്രിമാർ, മറ്റ് മന്ത്രിമാർ എന്നിവരുമായി 119 തവണ കൂടിക്കാഴ്ച നടത്തി. 29 മുൻ മന്ത്രിമാർ ഉൾപ്പെടെ കുറഞ്ഞത് 64 ലോബിയിസ്റ്റുകളെയും കമ്പനികൾ ഉപയോഗിച്ചതായി റിപ്പോർട്ട് പറയുന്നു. രാഷ്ട്രീയ പാർട്ടികൾക്കും വ്യവസായ സംഘടനകൾക്കുമായി കുറഞ്ഞത് 3.4 ദശലക്ഷം ഓസ്ട്രേലിയൻ ഡോളറും ചെലവഴിച്ചു. മതിയായ നിയന്ത്രണങ്ങളില്ലെങ്കിൽ വ്യവസായത്തിന്റെ വളർച്ച രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന് സംഘടനാ മേധാവി ക്ലാൻസി മൂർ മുന്നറിയിപ്പ് നൽകി.
എഐ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങളും സുരക്ഷാ വിദഗ്ധരെ ആശങ്കയിലാക്കുന്നുണ്ട്. സെപ്റ്റംബറിൽ ഓസ്ട്രേലിയൻ സർക്കാർ ആരോഗ്യ പോർട്ടലിന്റെ പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്ത ഭാഗങ്ങളിലേക്ക് എഐ ഏജന്റുകൾ പ്രവേശിച്ചതിനെത്തുടർന്ന് ഓപ്പൺഎഐ ക്ഷമാപണം നടത്തിയിരുന്നു. സംഭവം നടന്ന് ഏകദേശം 84 ദിവസങ്ങൾക്ക് ശേഷമാണ് വിവരം പുറത്തുവന്നത്. ഒക്ടോബറിൽ ജപ്പാനിലും എഐയുടെ ദുരുപയോഗത്തെക്കുറിച്ച് ആശങ്ക ഉയർന്നു. ഹാക്കർമാരുടെ ഭീഷണിക്കിടെ ഇന്റർനെറ്റ് സംവിധാനങ്ങൾ തന്നെ തകരാൻ തുടങ്ങുകയാണെന്ന് ജിഎംഒ മേധാവി മസതോഷി കുമഗായി മുന്നറിയിപ്പ് നൽകിയിരുന്നു. എഐ വികസനത്തിനായി ലോകമെമ്പാടും ഡാറ്റാ സെന്ററുകൾ നിർമിക്കാനുള്ള മത്സരം ശക്തമാകുന്നതിനിടെയാണ് ഓസ്ട്രേലിയയുടെ ഈ മുന്നറിയിപ്പ് ശ്രദ്ധേയമാകുന്നത്.