
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ കമ്പനിയായ ആന്ത്രോപിക്കിനെതിരെ ഗുരുതര ആരോപണവുമായി മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) ഭൗതികശാസ്ത്രജ്ഞൻ മാക്സ് ടെഗ്മാർക്ക്. കമ്പനിയിലെ ചില ജീവനക്കാർ അമേരിക്കൻ സർക്കാരിനെ അട്ടിമറിക്കുന്നതിനെക്കുറിച്ചും ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെക്കുറിച്ചും സംസാരിക്കാറുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. നോവാര മീഡിയയുടെ യൂട്യൂബ് ചാനലിൽ മൈക്കൽ വാക്കറുമായുള്ള അഭിമുഖത്തിനിടെയാണ് ടെഗ്മാർക്ക് ഇക്കാര്യം പറഞ്ഞത്.
ആന്ത്രോപിക്കിലെ ജീവനക്കാരുമായി നടത്തുന്ന സംഭാഷണങ്ങൾ പലപ്പോഴും അമേരിക്കൻ സർക്കാരിനെ അട്ടിമറിക്കുന്നതിലേക്കും ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലേക്കും എത്താറുണ്ടെന്ന് ടെഗ്മാർക്ക് ആരോപിച്ചു. പ്രത്യേകിച്ച് ഏതാനും പെഗ്ഗുകൾ മദ്യപിച്ചുകഴിഞ്ഞാൽ ഇത്തരം ചർച്ചകൾ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭാഷണങ്ങൾ പുറത്തുവന്നിട്ടും കൂടുതൽ ആളുകൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ആദ്യം അത്ഭുതപ്പെട്ടിരുന്നതായി ടെഗ്മാർക്ക് വ്യക്തമാക്കി. എന്നാൽ ജീവനക്കാർ ഇത്തരം കാര്യങ്ങൾ നേരിട്ട് പറയുന്നതിന് പകരം കോഡ് ഭാഷയാണ് ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
'അട്ടിമറി' അല്ലെങ്കിൽ 'അമേരിക്കൻ സർക്കാരിനെ അട്ടിമറിക്കൽ' തുടങ്ങിയ വാക്കുകൾക്ക് പകരം 'നിയന്ത്രണമില്ലാത്ത വിന്യാസം' എന്ന അർഥം വരുന്ന 'അലൈൻമെന്റ് വിത്തൗട്ട് കൺട്രോൾ' എന്ന പ്രയോഗമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എഐ സംവിധാനങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിലാണെങ്കിൽ അപകടകരമായ സാഹചര്യങ്ങളിൽ അവയുടെ പ്രവർത്തനം നിയന്ത്രിക്കാനോ പൂർണമായി നിർത്താനോ സാധിക്കും. എന്നാൽ സർക്കാർ നിയന്ത്രണമില്ലാതെ ചില മൂല്യങ്ങൾ പിന്തുടരുന്ന എഐ സംവിധാനങ്ങൾ വികസിപ്പിക്കുകയെന്ന ആശയം അപകടകരമാണെന്നാണ് ടെഗ്മാർക്കിന്റെ വാദം.
ഭാവിയിൽ ആന്ത്രോപിക്കിന്റെ 'മെഷീൻ ഗോഡ്' ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും മനുഷ്യർ അതിന്റെ നല്ല പെരുമാറ്റത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, ആന്ത്രോപിക് ജീവനക്കാരുമായി നടത്തിയതായി പറയുന്ന സംഭാഷണങ്ങളെക്കുറിച്ചുള്ള ടെഗ്മാർക്കിന്റെ വ്യക്തിപരമായ പരാമർശങ്ങളാണ് ഇവ. ആരോപണങ്ങൾക്ക് പിന്തുണയായി പ്രത്യേക ജീവനക്കാരുടെ പേരുകളോ സർക്കാരിനെ അട്ടിമറിക്കാൻ സംഘടിതമായ പദ്ധതിയുണ്ടെന്നതിന് തെളിവുകളോ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
ജനാധിപത്യ സംവിധാനങ്ങളിൽ എഐ കമ്പനികൾക്കുള്ള സ്വാധീനത്തെക്കുറിച്ചും ടെഗ്മാർക്ക് ആശങ്ക പ്രകടിപ്പിച്ചു. ജനാധിപത്യത്തിൽ തനിക്ക് പ്രത്യേക താൽപര്യമുണ്ടെന്നും ലോകത്തെ ബാധിക്കുന്ന നിർണായക തീരുമാനങ്ങൾ ഏതാനും സാങ്കേതികവിദ്യാ കമ്പനികളുടെ കൈകളിൽ മാത്രം ഒതുങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
ആന്ത്രോപിക്, ഓപ്പൺഎഐ തുടങ്ങിയ കമ്പനികൾ ശക്തമായ സർക്കാർ നിയന്ത്രണങ്ങൾക്കെതിരെ സമ്മർദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയിലെ നിലവിലെ നിയന്ത്രണ സംവിധാനത്തെ വിമർശിച്ച ടെഗ്മാർക്ക്, ഇത്തരം കമ്പനികൾക്ക് ഒരു സാൻഡ്‌വിച്ച് കടയ്ക്കുള്ളതിനേക്കാൾ കുറഞ്ഞ നിയന്ത്രണങ്ങൾ മാത്രമാണുള്ളതെന്നും പരിഹസിച്ചു.
സൂപ്പർ ഇന്റലിജൻസ് വികസിപ്പിക്കാൻ കഴിഞ്ഞാൽ കാര്യമായ സർക്കാർ ഇടപെടലില്ലാതെ തന്നെ കമ്പനികൾക്ക് അത് പുറത്തിറക്കാൻ കഴിയുന്ന സാഹചര്യമുണ്ടെന്നും ടെഗ്മാർക്ക് ചൂണ്ടിക്കാട്ടി. അതിശക്തമായ എഐ സംവിധാനങ്ങളുടെ നിയന്ത്രണം ആർക്കായിരിക്കണം, അവ വികസിപ്പിക്കുന്ന കമ്പനികൾക്ക് എത്രത്തോളം സ്വാതന്ത്ര്യം നൽകണം തുടങ്ങിയ വിഷയങ്ങളിൽ ആഗോളതലത്തിൽ ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് ടെഗ്മാർക്കിന്റെ വെളിപ്പെടുത്തൽ. എഐ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം ജനാധിപത്യത്തിനും മനുഷ്യസമൂഹത്തിനും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഇതോടെ വീണ്ടും ചർച്ചയാകുകയാണ്.