ഗൂഗിളിന് തിരിച്ചടി; നൊബേൽ ജേതാവ് ജോൺ ജമ്പർ ഗൂഗിൾ ഡീപ്‌മൈൻഡ് വിട്ട് ആൻത്രോപിക്കിലേക്ക്

Published : Jun 22, 2026, 02:25 PM IST
John Jumper leaves Google

Synopsis

2024-ലെ നൊബേൽ സമ്മാന ജേതാവും ആൽഫാഫോൾഡ് പദ്ധതിയുടെ മുഖ്യ ശിൽപ്പിയുമായ ജോൺ ജമ്പർ, ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം ഗൂഗിൾ ഡീപ്പ്മൈൻഡ് വിട്ട് എഐ സ്റ്റാർട്ടപ്പായ ആന്ത്രോപിക്കിലേക്ക് മാറുന്നു. എഐ രംഗത്ത് കടുത്ത മത്സരം നേരിടുന്ന ഗൂഗിളിന് ഈ നീക്കം വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.

ർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ മുൻനിര കമ്പനികൾക്കിടയിൽ മികച്ച പ്രതിഭകളെ സ്വന്തമാക്കാനുള്ള മത്സരം ശക്തമാകുന്നതിനിടെ, ഗൂഗിളിന് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്ന ഒരു നീക്കമാണ് പുറത്തുവന്നിരിക്കുന്നത്. 2024-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാവും ആൽഫാഫോൾഡ് പദ്ധതിയുടെ മുഖ്യ ശിൽപ്പികളിലൊരാളുമായ ജോൺ ജമ്പർ, ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം ഗൂഗിൾ ഡീപ്പ്മൈൻഡ് വിട്ട് എഐ സ്റ്റാർട്ടപ്പായ ആന്ത്രോപിക്കിലേക്ക് മാറുന്നതായി പ്രഖ്യാപിച്ചു.

സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ജമ്പർ തന്റെ തീരുമാനം അറിയിച്ചത്. ഏകദേശം ഒമ്പത് വർഷങ്ങൾക്ക് ശേഷം ഗൂഗിൾ ഡീപ്പ്മൈൻഡ് വിടാനും ചെറിയൊരു വിശ്രമത്തിന് ശേഷം ആന്ത്രോപിക്കിൽ ചേരാനും താൻ തീരുമാനിച്ചു എന്നാണ് അദ്ദേഹം കുറിച്ചത്. പിഎച്ച്ഡി പൂർത്തിയാക്കി വെറും ആറുമാസത്തിനകം തന്നെ ആൽഫാഫോർഡ് ടീമിനെ നയിക്കാനുള്ള അവസരം നൽകിയതിന് ഡീപ്പ്മൈൻഡ് സിഇഒ ഡെമിസ് ഹസ്സാബിസിനും സ്ഥാപനത്തിനും ജമ്പർ നന്ദി അറിയിച്ചു. മികച്ച ശാസ്ത്ര ഗവേഷണം എങ്ങനെ നടത്താമെന്ന് ഡീപ്പ്മൈൻഡിൽ നിന്നാണ് താൻ പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജമ്പറിന്റെ പ്രഖ്യാപനത്തിന് മറുപടിയായി ഡെമിസ് ഹസാബിസ് അദ്ദേഹത്തെ അഭിനന്ദിക്കുകയും ഇരുവരും ചേർന്ന് നടത്തിയ പ്രവർത്തനങ്ങളെ അനുസ്‍മരിക്കുകയും ചെയ്തു. ആൽഫാഫോർ‍ഡ് ലോകത്തെ മാറ്റിമറിച്ച ഒരു നേട്ടമായിരുന്നുവെന്നും ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും എഐയുടെ സാധ്യതകൾ ലോകത്തിന് മുന്നിൽ തെളിയിച്ചുവെന്നും ഹസ്സാബിസ് അഭിപ്രായപ്പെട്ടു.

പ്രോട്ടീനുകളുടെ ത്രിമാന ഘടന പ്രവചിക്കാൻ കഴിയുന്ന ആൽഫാഫോൾഡ് സാങ്കേതികവിദ്യ ആധുനിക ജീവശാസ്ത്ര ഗവേഷണത്തിലെ വലിയ മുന്നേറ്റമായാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് 20 കോടിയിലധികം പ്രോട്ടീനുകളുടെ ഘടനാ വിവരങ്ങൾ ലഭ്യമാക്കുന്ന ഈ സംവിധാനം ഗവേഷണ പ്രക്രിയകളിൽ മാസങ്ങളും വർഷങ്ങളും ലാഭിക്കാൻ സഹായിക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.

ജമ്പറിന്റെ പടിയിറക്കം ഗൂഗിളിന് സമീപകാലത്ത് നേരിടുന്ന രണ്ടാമത്തെ പ്രധാന പ്രതിഭാ നഷ്‍ടമാണ്. അടുത്തിടെ ഗൂഗിളിലെ പ്രമുഖ എഐ എൻജിനീയറായ നോം ഷസീർ ഓപ്പൺ എഐയിലേക്ക് മാറിയതും ശ്രദ്ധ നേടിയിരുന്നു. എഐ ഉൽപ്പന്നങ്ങളുടെയും കോഡിംഗ് ടൂളുകളുടെയും രംഗത്ത് ഓപ്പൺ എഐ, ആന്ത്രോപിക്ക് തുടങ്ങിയ എതിരാളികളുമായി കടുത്ത മത്സരമാണ് ഗൂഗിൾ നേരിടുന്നത്. ഈ സാഹചര്യത്തിൽ ആൽഫാഫോൾഡ് പദ്ധതിയുടെ നേതാവായിരുന്ന ജോൺ ജമ്പറിന്റെ വിടവാങ്ങൽ കമ്പനിക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ജമ്പർ ആന്ത്രോപിക്കിൽ എപ്പോൾ ചേരുമെന്നതും ഏത് ചുമതലയായിരിക്കും ഏറ്റെടുക്കുക എന്നതും ഇതുവരെ വ്യക്തമല്ല.

 

PREV
Read more Articles on
click me!

Recommended Stories

ജിപിഎസ് സിഗ്നലുകൾക്ക് ഭീഷണി: പുതിയ വെളിപ്പെടുത്തൽ
ആമസോൺ പ്രൈം ഡേ സെയിൽ പ്രഖ്യാപിച്ചു; പ്രൈം മെമ്പർഷിപ്പിന് വമ്പൻ വിലക്കിഴിവ്, മൂന്ന് ദിവസത്തെ ഓഫർ മേള