വാട്‌സ്ആപ്പിൽ പുതിയ സഹായി; മെറ്റയുടെ എഐ ഏജന്‍റ്

Published : Jul 10, 2026, 12:08 PM IST
Whatsapp Chat without mobile number sharing

Synopsis

വാട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കൾക്കായി 'മെറ്റ ബിസിനസ് ഏജന്റ്' എന്ന പേരിൽ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം മെറ്റ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് സ്വയമേവ മറുപടി നൽകാനും ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യാനും ഈ എഐ ഏജന്റിന് സാധിക്കും. 

പഭോക്താക്കളുടെ ചോദ്യങ്ങൾക്ക് 24 മണിക്കൂറും മറുപടി നൽകാനും ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യാനും വിൽപ്പന സാധ്യതകൾ കൈകാര്യം ചെയ്യാനുമുള്ള പുതിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സേവനവുമായി ടെക്ക് ഭീമനായ മെറ്റ. മെറ്റ ബിസിനസ് ഏജന്റ് എന്ന പേരിലുള്ള പുതിയ ഫീച്ചർ വാട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കൾക്കായാണ് കമ്പനി അവതരിപ്പിച്ചത്. മുംബൈയിൽ നടന്ന വാട്‌സ്ആപ്പിന്റെ മൂന്നാമത് വാർഷിക ബിസിനസ് സമ്മിറ്റിലാണ് പ്രഖ്യാപനം. ഇന്ത്യയിൽ സേവനം ആരംഭിച്ചെങ്കിലും എല്ലാ ബിസിനസ് അക്കൗണ്ടുകളിലേക്കും ഈ ഫീച്ചർ ഘട്ടംഘട്ടമായി ലഭ്യമാകും.

ബിസിനസിന്റെ വെബ്സൈറ്റ്, പ്രൊഫൈൽ, ഉൽപ്പന്ന കാറ്റലോഗ്, പ്രവർത്തനസമയം തുടങ്ങിയ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് എഐ ഏജന്‍റ് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് ഓട്ടോമാറ്റിക്കായി മറുപടി നൽകാനും ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാനും ആവശ്യത്തിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ നിർദേശിക്കാനും ഈ സംവിധാനത്തിന് കഴിയും. ആവശ്യമെങ്കിൽ സംഭാഷണം മനുഷ്യ ജീവനക്കാർക്ക് ഏറ്റെടുക്കാനും അവസരമുണ്ട്.

വാട്‌സ്ആപ്പ് ബിസിനസ് ആപ്പിലെ ടൂൾസ് വിഭാഗത്തിൽ ലഭിക്കുന്ന എഐ ഏജന്‍റ് ഓപ്ഷൻ വഴിയാണ് സേവനം സജ്ജമാക്കുന്നത്. രേഖകൾ, ചിത്രങ്ങൾ, മാതൃകാ മറുപടികൾ, ജനപ്രിയ ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ എന്നിവ ചേർത്ത് എഐയെ പരിശീലിപ്പിക്കാനും സ്ഥാപനങ്ങൾക്ക് സാധിക്കും. എല്ലാ പുതിയ ചാറ്റുകൾക്കും മറുപടി നൽകണോ, പ്രത്യേക വിഭാഗം ഉപഭോക്താക്കൾക്ക് മാത്രമോ എന്നതടക്കമുള്ള ക്രമീകരണങ്ങളും ബിസിനസുകൾക്ക് തിരഞ്ഞെടുക്കാം.

എഐയുമായി ഉപഭോക്താവ് ആദ്യമായി സംസാരിക്കുമ്പോൾ, മെറ്റയുടെ എഐ സേവനമാണ് മറുപടി നൽകുന്നതെന്ന് വ്യക്തമാക്കുന്ന സന്ദേശം ചാറ്റിൽ കാണിക്കും. എഐ ഉപയോഗിക്കുന്ന സംഭാഷണങ്ങളിലെ സന്ദേശങ്ങൾ സേവനം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിച്ചേക്കാമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്. എഐ പിന്നീട് ഓഫാക്കിയാലും അതിന് മുമ്പ് നടന്ന സംഭാഷണങ്ങൾ പരിശീലന ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ബിസിനസ് ഏജന്റ് പൂർണമായും നീക്കം ചെയ്താൽ അതിന് ശേഷമുള്ള പുതിയ ചാറ്റുകൾ പരിശീലനത്തിനായി ഉപയോഗിക്കില്ല.

അതേസമയം, വലിയ സ്ഥാപനങ്ങൾക്കായി മെറ്റ ബിസിനസ് ഏജന്റ് പ്ലാറ്റ്ഫോം എന്ന പ്രത്യേക സേവനവും കമ്പനി പ്രഖ്യാപിച്ചു. സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് എഐ ഏജന്റുകളെ വികസിപ്പിക്കാനും വലിയ തോതിൽ വിന്യസിക്കാനുമാണ് ഈ പ്ലാറ്റ്ഫോം. എന്നാൽ ഈ വിഭാഗത്തിൽ സേവനം ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് എഐ ഉപയോഗത്തിന്റെ അളവ് അനുസരിച്ച് പെർ-ടോക്കൺ അടിസ്ഥാനത്തിൽ നിരക്ക് ഈടാക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇനി പിറന്നാൾ മറക്കില്ല; വാട്‌സ്ആപ്പിൽ പുതിയ ബർത്ത്ഡേ നോട്ടിഫിക്കേഷൻ ഫീച്ചർ വരുന്നു
ഗൂഗിളിലെ കോടികൾ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് പെയിന്‍റിംഗിലേക്ക്! യുവതിയുടെ അവിശ്വസനീയ കഥ