
സോഷ്യൽ മീഡിയയും മെസേജിംഗ് സേവനങ്ങളും കൂടുതൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റാ പുതിയ സബ്സ്ക്രിപ്ഷൻ പദ്ധതികൾ പരീക്ഷിക്കുന്നതായി റിപ്പോർട്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയ്ക്കായി കഴിഞ്ഞ മാസം പ്രഖ്യാപിച്ച പണമടച്ചുള്ള സേവനങ്ങൾ ഇനി “മെറ്റാ വൺ” (Meta One) എന്ന ഏകീകൃത പ്ലാറ്റ്‌ഫോമിന് കീഴിൽ ലഭ്യമാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി വാട്ട്‌സ്ആപ്പ് ആൻഡ്രോയിഡ് ആപ്പിൽ മെറ്റാ വൺ സബ്‍സ്‍ക്രിപ്ഷൻ പദ്ധതികൾ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വാട്ട്‌സ്ആപ്പ് ബീറ്റാ ഫോർ ആൻഡ്രോയിഡ് പതിപ്പ് 2.26.23.10-ൽ മെറ്റാ വൺ പ്ലസ് (Meta One Plus), മെറ്റാ വൺ പ്രീമിയം (Meta One Premium) എന്നീ രണ്ട് പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ പരീക്ഷണ സൂചനകൾ കണ്ടെത്തിയിട്ടുണ്ട്. ഈ സൗകര്യം നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്നും, ഭാവിയിൽ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പിൽ നിന്നുതന്നെ പ്ലാനുകൾ തിരഞ്ഞെടുക്കാനും നിയന്ത്രിക്കാനും സാധിക്കുമെന്നുമാണ് റിപ്പോർട്ട്.
മെറ്റാ വൺ പ്ലസ് പ്ലാനിന് പ്രതിമാസം 6.99 യൂറോ (ഏകദേശം 700 രൂപ) നിരക്കായിരിക്കാം എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ പ്ലാനിൽ വാട്ട്‌സ്ആപ്പ് പ്ലസ് ആനുകൂല്യങ്ങൾക്കൊപ്പം മെറ്റായുടെ എഐ അടിസ്ഥാനമാക്കിയ ചിത്ര-വീഡിയോ സൃഷ്ടി ടൂളുകളിലേക്കുള്ള കൂടുതൽ പ്രവേശനവും ലഭിക്കുമെന്ന് സൂചനയുണ്ട്. അതേസമയം, മെറ്റാ വൺ പ്രീമിയം പ്ലാനിന് പ്രതിമാസം 20.99 യൂറോ (ഏകദേശം 2,200 രൂപ) നിരക്ക് ആയിരിക്കാമെന്നാണ് വിവരം. ഒരു മാസത്തെ സൗജന്യ ട്രയൽ ഉൾപ്പെടാൻ സാധ്യതയുള്ള ഈ പ്ലാൻ, പ്ലസ് പ്ലാനിലെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്നതിനൊപ്പം കൂടുതൽ ശക്തമായ എഐ ശേഷികൾ, സങ്കീർണ ചോദ്യങ്ങൾക്ക് മെച്ചപ്പെട്ട പ്രതികരണങ്ങൾ, കൂടുതൽ ഇമേജ്-വീഡിയോ ജനറേഷൻ പരിധി, ഉയർന്ന എഐ ഉപയോഗ പരിധി എന്നിവയും നൽകും.
ഇരു പ്ലാനുകളിലും വാട്ട്‌സ്ആപ്പ് പ്ലസ് സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ തീമുകൾ, ഇഷ്ടാനുസൃത റിങ്ടോണുകൾ, കൂടുതൽ പിൻ ചെയ്ത ചാറ്റുകൾ, ലിസ്റ്റ് കസ്റ്റമൈസേഷൻ, പ്രീമിയം സ്റ്റിക്കറുകൾ തുടങ്ങി ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന നിരവധി ഫീച്ചറുകൾ ഇതിൽ ഉൾപ്പെട്ടേക്കും.
എന്നാൽ, ഈ വിവരങ്ങൾ ഔദ്യോഗിക പ്രഖ്യാപനമല്ല. ബീറ്റാ പതിപ്പിൽ കണ്ടെത്തിയ സൂചനകളെ അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ് ഈ വിവരങ്ങൾ എന്നും ശ്രദ്ധിക്കണം. അതിനാൽ വില, സവിശേഷതകൾ, ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം വരുന്നതിന് മുമ്പ് മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. മെറ്റാ വൺ സേവനം വ്യാപകമായി അവതരിപ്പിക്കപ്പെടുകയാണെങ്കിൽ, മെറ്റായുടെ വിവിധ പ്ലാറ്റ്‌ഫോമുകളിലെ പ്രീമിയം സേവനങ്ങൾ ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ ലഭ്യമാകുന്ന പുതിയ അനുഭവമായിരിക്കും അത്.