സങ്കീർണമായ ചോദ്യങ്ങൾക്ക് കൂടുതൽ വേഗത്തിൽ മറുപടി നൽകാൻ ഗൂഗിൾ പുതിയ ജെമിനി 4 ഹൈഡ്രജൻ എഐ മോഡൽ അവതരിപ്പിക്കുന്നു. ഇത് ഗൂഗിൾ സെർച്ചിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപ്ഡേറ്റുകളിലൊന്നാണ്. ഈ പുതിയ അപ്ഡേറ്റോടെ ഉപയോക്താക്കളുടെ ചോദ്യങ്ങൾ കൂടുതൽ കൃത്യമായി മനസിലാക്കാൻ ഗൂഗിൾ സെർച്ചിന് സാധിക്കും.

സങ്കീർണമായ ചോദ്യങ്ങൾക്ക് കൂടുതൽ കൃത്യവും വേഗത്തിലുള്ളതുമായ മറുപടികൾ നൽകാൻ ഗൂഗിൾ സെർച്ചിൽ വൻ മാറ്റത്തിനൊരുങ്ങി ഗൂഗിൾ. പുതിയ എഐ മോഡലായ ജെമിനി 4 ഹൈഡ്രജന്റെ കരുത്തിലാണ് സെർച്ചിൽ നിർണായക അപ്ഡേറ്റ് അവതരിപ്പിക്കുന്നത്. ഗൂഗിൾ സെർച്ചിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മോഡൽ പരിഷ്കാരമാണിതെന്നാണ് കമ്പനിയുടെ അവകാശവാദം.

ജെമിനി 4 ഹൈഡ്രജന്റെ പ്രത്യേകതകൾ

വളരെ സങ്കീർണമായ ജോലികൾക്കായി ജെമിനി 4 കാർബൺ, ജെമിനി 4 ആർഗൺ തുടങ്ങിയ കരുത്തുറ്റ എഐ മോഡലുകൾ ഗൂഗിളിനുണ്ട്. എന്നാൽ ദൈനംദിന ആവശ്യങ്ങൾക്ക് അത്രയും ശക്തമായ മോഡലുകൾ എല്ലായ്പ്പോഴും ആവശ്യമില്ല. ഇവിടെയാണ് ജെമിനി 4 ഹൈഡ്രജന്റെ പ്രസക്തി.

വേഗതയ്ക്കും ബുദ്ധിപരമായ പ്രവർത്തനങ്ങൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഹൈഡ്രജൻ, മുൻ മോഡലായ ജെമിനി 3.8 ഫ്ലാഷിനെക്കാൾ 2.5 മടങ്ങ് വേഗത്തിൽ പ്രവർത്തിക്കുമെന്ന് ഗൂഗിൾ പറയുന്നു. ഒന്നിലധികം ഘട്ടങ്ങളുള്ള ജോലികൾ സ്വയം പൂർത്തിയാക്കാൻ എഐയെ പ്രാപ്തമാക്കുന്ന ഏജന്റിക് വർക്ക്ഫ്ലോകൾക്കായാണ് പുതിയ മോഡൽ പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണ ബുദ്ധിശേഷി പരിശോധനകളിൽ ഡിഫോൾട്ട് ഹൈ തിങ്കിങ് ലെവലിൽ പ്രവർത്തിക്കുമ്പോൾ കൂടുതൽ കരുത്തുറ്റ ജെമിനി 4 ആർഗണിനെപ്പോലും മറികടക്കാൻ ഹൈഡ്രജന് സാധിക്കുന്നതായും കമ്പനി അവകാശപ്പെടുന്നു.

ഗൂഗിൾ സെർച്ചിൽ ഇനി കൂടുതൽ കൃത്യത

പുതിയ അപ്ഡേറ്റോടെ ഉപയോക്താക്കളുടെ ചോദ്യങ്ങൾ കൂടുതൽ കൃത്യമായി മനസിലാക്കാൻ ഗൂഗിൾ സെർച്ചിന് സാധിക്കും. നീളമുള്ള ചോദ്യങ്ങളോ ഒന്നിലധികം കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള നിർദേശങ്ങളോ അക്ഷരത്തെറ്റുകളുള്ള തിരയലുകളോ നൽകിയാലും ഉദ്ദേശ്യം തിരിച്ചറിഞ്ഞ് മറുപടി നൽകാൻ പുതിയ എഐ മോഡലിന് കഴിയും. ഫാൻ-ഔട്ട് എന്ന നൂതന സാങ്കേതികവിദ്യയും പുതിയ അപ്ഡേറ്റിന്റെ പ്രത്യേകതയാണ്. ഉപയോക്താവ് നൽകുന്ന ഒരു വലിയ ചോദ്യത്തെ ചെറിയ ഉപചോദ്യങ്ങളായി വിഭജിച്ച് വിവിധ വെബ്സൈറ്റുകളിലും ലിങ്കുകളിലും തിരച്ചിൽ നടത്തുന്നതാണ് ഈ രീതി. ഇതിലൂടെ സാധാരണ തിരച്ചിലിൽ കണ്ടെത്താൻ സാധ്യത കുറവുള്ള പ്രസക്തമായ വിവരങ്ങളും ലഭിക്കും.സഎഐ മോഡിൽ ഇനി കൂടുതൽ ദൃശ്യസമ്പന്നമായ മറുപടികളും ലഭ്യമാകും. ചിത്രങ്ങൾ, താരതമ്യ പട്ടികകൾ, പ്രത്യേകമായി തയ്യാറാക്കുന്ന ടൂളുകൾ, ക്രമീകരിച്ച വിവരങ്ങൾ എന്നിവയും തിരയൽ ഫലങ്ങളിൽ ഉൾപ്പെടുത്തും. സങ്കീർണമായ വിവരങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ ഇത് സഹായിക്കും. ഗൂഗിൾ എഐ മോഡ് പിന്തുണയ്ക്കുന്ന വിവിധ ഭാഷകളിലും കൂടുതൽ കൃത്യമായ മറുപടികൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോഡിങ്ങിനും ദൈനംദിന ജോലികൾക്കും സഹായം

വെബ് തിരച്ചിലിൽ മാത്രമല്ല, കോഡിങ് ഉൾപ്പെടെയുള്ള ജോലികളിലും ജെമിനി 4 ഹൈഡ്രജൻ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. കോഡ് എഴുതുക, പരിശോധനകൾ നടത്തുക, കോഡിലെ മാറ്റങ്ങൾ ശരിയാണോയെന്ന് പരിശോധിക്കുക തുടങ്ങിയ ജോലികൾ സ്വതന്ത്രമായി ചെയ്യാൻ മോഡലിന് കഴിയും.കൂടുതൽ സങ്കീർണമായ ജോലികൾക്കായി ജെമിനി 4 കാർബൺ, ജെമിനി 4 ആർഗൺ മോഡലുകളുമായി ചേർന്നും പ്രവർത്തിക്കാനാകും. എഐയുടെ പ്രവർത്തനരീതി നിയന്ത്രിക്കാൻ നാല് തിങ്കിങ് ലെവലുകളും ഒരുക്കിയിട്ടുണ്ട്. ലോ, മീഡിയം, ഹൈ, എക്സ്ട്രാ ഹൈ എന്നിവയാണ് ഈ ഓപ്ഷനുകൾ. ഇതിൽ ഹൈ ആണ് ഡിഫോൾട്ട്. കുറഞ്ഞ ഔട്ട്പുട്ട് ടോക്കണുകൾ ഉപയോഗിച്ച് വേഗത്തിൽ ജോലികൾ പൂർത്തിയാക്കാൻ ഈ സംവിധാനം സഹായിക്കും. ഒന്നിലധികം ഘട്ടങ്ങളുള്ള ജോലികൾ, വിവരശേഖരണം, വിശകലനം, കോഡ് പരിശോധന എന്നിവ വിലയിരുത്തുന്ന ഏജന്റ് അരീന ബെഞ്ച്മാർക്കിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഹൈഡ്രജൻ.

ആർക്കൊക്കെ ഉപയോഗിക്കാം?

പുതിയ ജെമിനി 4 ഹൈഡ്രജൻ അപ്ഡേറ്റ് ആഗോളതലത്തിൽ ഗൂഗിൾ സെർച്ച് ഉപയോക്താക്കൾക്കായി ലഭ്യമാക്കിത്തുടങ്ങിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജെമിനി ആപ്പ്, ജെമിനി എപിഐ, ഗൂഗിൾ എഐ സ്റ്റുഡിയോയുടെ എല്ലാ പ്ലാനുകൾ എന്നിവയിലേക്കും പുതിയ മോഡൽ എത്തുന്നുണ്ട്. ഗൂഗിളിന്റെ ആന്റിഗ്രാവിറ്റി ഡെവലപ്മെന്റ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന പണമടച്ചുള്ള എഐ പ്രോ, അൾട്രാ വരിക്കാർക്കും പുതിയ മോഡലിന്റെ സേവനം ലഭ്യമാകും.