
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ മത്സരം ശക്തമാകുന്നതിനിടെ ജീവനക്കാരുടെ പ്രകടനത്തിനും പ്രതിഫലത്തിനും കൂടുതൽ ബന്ധം കൊണ്ടുവരാൻ മൈക്രോസോഫ്റ്റ്. കമ്പനിയുടെ അസ്യൂർ ക്ലൗഡ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്ക് അധിക ഓഹരികൾ നൽകും. പ്രതീക്ഷിച്ച നിലവാരത്തിലെത്താത്ത ജീവനക്കാരുടെ പ്രകടനം മാനേജർമാർ കൂടുതൽ സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്യും.
ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, മൈക്രോസോഫ്റ്റിന്റെ അസ്യൂർ വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അരുൺ ഉലഗരാച്ചഗൻ ജീവനക്കാർക്ക് അയച്ച ആഭ്യന്തര മെമ്മോയിലാണ് പുതിയ മാറ്റങ്ങൾ വ്യക്തമാക്കിയത്. മികച്ച സംഭാവനകൾ അംഗീകരിക്കുന്നതിനൊപ്പം പ്രതീക്ഷിച്ച നിലവാരം പുലർത്താത്തവരുടെ കാര്യത്തിലും കർശനമായ സമീപനം വേണമെന്ന് അദ്ദേഹം മെമ്മോയിൽ ചൂണ്ടിക്കാട്ടി.
ഏറ്റവും ഉയർന്ന പ്രകടന റേറ്റിങ് നേടുന്ന ജീവനക്കാർക്ക് അധിക ഓഹരി ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ, എത്രത്തോളം അധിക ഓഹരികൾ നൽകുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. കുറഞ്ഞ പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരുമായി മാനേജർമാർ ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തുകയും പ്രകടനം മെച്ചപ്പെടുത്തേണ്ട മേഖലകൾ വ്യക്തമാക്കുകയും ചെയ്യും.
ജീവനക്കാർക്ക് വ്യക്തമായ ലക്ഷ്യങ്ങളും സമയബന്ധിതമായ നേരിട്ടുള്ള പ്രതികരണങ്ങളും ഉറപ്പാക്കുകയാണ് പുതിയ പ്രതിഫലരീതിയുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഗണ്യമായ അധിക ആനുകൂല്യങ്ങൾ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ മത്സരം ശക്തമാകുന്നതാണ് പുതിയ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. എഐ മോഡലുകൾ വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും വൻതോതിലുള്ള കമ്പ്യൂട്ടിങ് സംവിധാനങ്ങൾ ആവശ്യമാണ്. അതിനാൽ ക്ലൗഡ് കമ്പ്യൂട്ടിങ് മേഖല നിർണായകമായി മാറിയിരിക്കുകയാണ്.
മൈക്രോസോഫ്റ്റിന്റെ പ്രധാന ബിസിനസ് വിഭാഗങ്ങളിലൊന്നായ അസ്യൂറിന് ആമസോണിന്റെയും ഗൂഗിളിന്റെയും കടുത്ത മത്സരം നേരിടേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രകടനത്തിൽ വലിയ മുന്നേറ്റം ഉണ്ടാകണമെന്നും പഴയ പോരായ്മകൾ പരിഹരിക്കണമെന്നും അരുൺ ഉലഗരാച്ചഗൻ ജീവനക്കാരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
എഐ അടിസ്ഥാനസൗകര്യങ്ങളിൽ വൻതോതിൽ നിക്ഷേപം തുടരുന്നതിനിടെ ജീവനക്കാരുടെ ഘടനയിലും മൈക്രോസോഫ്റ്റ് മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഒക്ടോബറിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ അർഹരായ ടീമുകളിലുള്ള ഏകദേശം 60,000 ജീവനക്കാർക്ക് കമ്പനി സ്വമേധയാ ജോലി വിടാനുള്ള അവസരം നൽകിയിരുന്നു.
ജീവനക്കാരുടെ പ്രകടനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന സമീപനം മൈക്രോസോഫ്റ്റിൽ മാത്രം ഒതുങ്ങുന്നില്ല. എഐ രംഗത്തെ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് പൂർണമായി പിന്തുണ നൽകാത്ത ജീവനക്കാർ സ്വമേധയാ ജോലി വിടുന്നത് പരിഗണിക്കണമെന്ന് ഗൂഗിളിലെ മാനേജർമാർ നിർദേശിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.